തിരുവനന്തപുരം: സിഎംആർഎല്ലിന് നൽകിയ കരിമണൽ ഖനന ലൈസൻസ് റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷമാണെന്ന് വ്യക്തമായതോടെ അഴിമതിയെ കുറിച്ചു കൂടുതൽ വ്യക്തമായെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഇക്കാര്യത്തിൽ മന്ത്രി പി രാജീവിന്റെ വാദം തെറ്റെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കേന്ദ്ര നിർദ്ദേശം വന്നയുടൻ റദ്ദാക്കിയില്ല. വീണ്ടും അഞ്ചുവർഷം വൈകിയാണ് സിഎംആർഎല്ലിന് നൽകിയ സ്ഥലം ഏറ്റെടുത്തതെന്നും അതിന് കാരണം മാസപ്പടിയാണന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

ഇതിലൂടെ പിവിക്കും മകൾക്കും കോടാനുകോടി രൂപ ലഭിച്ചെന്നും ഇപ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുന്നതായും കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിഎംആർഎല്ലിന് നൽകിയ കരിമണൽ ഖനന ലൈസൻസ് റദ്ദാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാത് മാസപ്പടി വിവാദം ഉയർന്നതിന് ശേഷം മാത്രമാണ്. കരിമണൽഖനന ലൈസൻസ് റദ്ദാക്കാൻ കേന്ദ്രം 2019 നിയമഭേദഗതി കൊണ്ടു വന്നിട്ടും അഞ്ചു വർഷം വെച്ച് വൈകിപ്പിച്ച ശേഷം 2023 ഡിസംബർ 18ാം തീയതിയണ് വ്യവസായ വകുപ്പ് ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

2019 ഫെബ്രുവരി 19നാണ് എല്ലാ അറ്റമിക്ക് ധാതുക്കളുടെയും ഖനനം പൊതുമേഖലാ സ്ഥാപനങ്ങൾമാത്രം നടത്തിയാൽമതി എന്ന നിയമഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. ഇക്കാര്യം 2019 ഏപ്രിലിൽ മൈനിംങ് ആൻഡ് ജിയോളജി ഡയറക്ടർ സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവന്നു. എന്നിട്ടും അഞ്ചു വർഷം വെച്ചു താമസിപ്പിച്ചതിന് ശേഷമാണ് കരിമണൽഖനത്തിനായി സിഎംആർഎൽ കമ്പനിയുടെ ഉപകമ്പനിയായ കേരള റെയർ ഏർത്ത്സ് ആൻഡ് മിനറൽസ് ലിമിറ്റഡിന് നൽകിയ നാല് ഖനന അനുമതികൾ സംസ്ഥാന സർക്കാർ റദ്ദാക്കാൻ തയാറായത്.

2023 ഡിസംബർ 18ാം തീയതി മാത്രമാണ് ലൈസൻസ്റദ്ദാക്കിക്കൊണ്ട് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തവിരവിറക്കിയത്. മാസപ്പടിവിവാദം ആളിപ്പടർന്നതോടെയാണ് സർക്കാരിന്റെ മനം മാറ്റം എന്ന് വ്യക്തമെന്നും കുഴൽനാടൻ പറഞ്ഞു. സിഎംആർഎല്ലിന് മുഖ്യമന്ത്രി വഴിവിട്ട് സഹായം നൽകിയതിന്റെ പ്രതിഫലമായാണ് വീണാ വിജയന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം കമ്പനി ലക്ഷങ്ങൾകൈമാറിയതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചിരുന്നു.

2016 ൽ കരിമണൽ കാണപ്പെടുന്ന തീരം വേണമെങ്കിൽ സംസ്ഥാന സർക്കാരിന് ഏറ്റെടുത്ത് നോട്ടിഫൈ ചെയ്യാം എന്ന് സുപ്രീം കോടതി ഉത്തരവ് നൽകിയിട്ടും സംസ്ഥാനം അവഗണിച്ചുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.