കൊച്ചി: മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും സി കെ നാണു വിഭാഗവുമായി വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെ മാത്യു ടി. തോമസിനെ ജനതാദൾ-എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതായി സി.കെ. നാണു. പാർട്ടി പ്രതിസന്ധിയിലായ ഘട്ടത്തിൽ ഒപ്പം നിൽക്കാത്ത മാത്യു ടി. തോമസിന്റെയും കെ. കൃഷ്ണൻകുട്ടിയുടെയും നിലപാട് സങ്കടകരമാണെന്നും സി.കെ. നാണു പറഞ്ഞു.

മാത്യു ടി. തോമസിനെയും കെ. കൃഷ്ണൻകുട്ടിയെയും ജനതാദൾ-എസ് പ്രതിനിധികളായി എൽഡിഎഫിൽ പങ്കെടുപ്പിക്കരുതെന്നും എൽഡിഎഫിന് കത്ത് നൽകും. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ടുപേരും തങ്ങളോട് സഹകരിക്കും എന്ന് പ്രതീക്ഷിച്ചു. അധികാരം സംരക്ഷിക്കാനുള്ള നിലപാട് ശരിയാണോയെന്ന് അവർ പരിശോധിക്കട്ടെ. ജെഡിഎസ് സംസ്ഥാന ഘടകം തങ്ങളാണ്. കൃഷ്ണൻകുട്ടിയുടെ മന്ത്രിസ്ഥാനത്തെപ്പറ്റി തീരുമാനിക്കേണ്ടത് എൽഡിഎഫാണ്.

ജനാധിപത്യത്തിൽ ജയപരാജയങ്ങളുണ്ട്. എന്നാൽ പരാജയപ്പെട്ടതിന്റെ പേരിൽ നിലപാടുകളിൽ നിന്ന് പിന്നോട്ടുപോകാനാവില്ല. 16 സംസ്ഥാനങ്ങളുടെ പിന്തുണ തനിക്കുണ്ട്. പാർട്ടിയുടെ പതാകയും ഓഫീസും ഉപയാഗിക്കാൻ കഴിയുക തങ്ങൾക്കാണ്. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും സി.കെ. നാണു അറിയിച്ചു.