കോഴിക്കോട്: വ്യത്യസ്ത സംസ്ഥാനങ്ങളിലെടുക്കുന്ന വ്യത്യസ്തമായ നിലപാടിന്റെ പേരിൽ ഏറെ വിമർശിക്കപ്പെട്ടതാണ് സിപിഎം. കേരളത്തിൽ കോൺഗ്രസിനെതിരെ ശക്തമായ നിലപാട് എടുക്കുമ്പോൾ, ബംഗാളിലടക്കം ഇന്ത്യാ മുന്നണിയുടെ ഭാഗമായി അവർ സഖ്യത്തിലാണ്. അതൊക്ക ഉത്തരേന്ത്യയും, ദക്ഷിണേന്ത്യയുമായി സംസ്ഥാനങ്ങളിൽ ആണെന്ന് വെക്കാം. പക്ഷേ ഒരേ മണ്ഡലത്തിന്റെ രണ്ടുഭാഗങ്ങളിൽ രണ്ട് നിലപാട് സ്വീകരിക്കുക എന്ന അതിവിചിത്രമായ നിലപാടിലുടെയാണ് സിപിഎം ഇപ്പോൾ കടന്നുപോവുന്നത്. പുതുച്ചേരി പാർലിമെന്റ മണ്ഡലത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും സിപിഎം, ഇന്ത്യാ മുന്നണിയുടെ ഭാഗമായ കോൺഗ്രസിനെ പിന്തുണക്കുമ്പോൾ, കേരളത്തിനോട് ചേർന്ന് കിടക്കുന്ന മാഹിയിൽ ആ പിന്തുണയില്ല.

മാഹിയിൽ യുണൈറ്റഡ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (യുആർപിഐ) സ്ഥാനാർത്ഥി കെ.പ്രഭുദേവനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചത്. തലശ്ശേരി ഏരിയ കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന മാഹിയിലെ രണ്ട് സിപിഎം ലോക്കൽ കമ്മിറ്റിയുടെയും നിയന്ത്രണം കണ്ണൂർ ജില്ലാ കമ്മിറ്റിക്കാണ്. പുതുച്ചേരിയിൽ സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാർ ഇന്ത്യാ മുന്നണിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കു വേണ്ടി പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് മാഹിയിൽ വിരുദ്ധ നിലപാട്. മാഹിയിൽ കോൺഗ്രസിനെ തുണച്ചാൽ അതിനോടു ചേർന്നുനിൽക്കുന്ന വടകര മണ്ഡലത്തിൽ തിരിച്ചടിയാകുമോയെന്നതാണ് സിപിഎമ്മിന്റെ ആശങ്ക.

ഇതേചൊല്ലി പാർട്ടിയിൽ ഭിന്നതയും ശക്തമാണ്. പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ വി.വൈദ്യലിംഗത്തെ പിന്തുണയ്ക്കുന്നുവെന്നുമാത്രമല്ല, പ്രചാരണരംഗത്ത് പരസ്യമായി അവർക്കൊപ്പം സിപിഎം നേതാക്കാൾ പങ്കെടുത്തിരുന്നു. പത്രികാസമർപ്പണവേളയിലും സ്ഥാനാർത്ഥിക്കൊപ്പം സിപിഎം. നേതാക്കളുണ്ടായിരുന്നു. എൻഡിഎ.യാണ് ഇവിടെ മുഖ്യ എതിരാളി. ഡിഎംകെ., മുസ്ലിം ലീഗ്, സിപിഐ. കക്ഷികളുള്ള സഖ്യത്തിനൊപ്പമാണ് സിപിഎം കോൺഗ്രസ് സ്ഥാനാർത്ഥിയെ എതിർക്കരുതെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കരുതെന്നുമുള്ള നിലപാട് സിപിഎം. പുതുച്ചേരി സംസ്ഥാന നേതൃത്വം മാഹിയിലെ നേതൃത്വത്തെ അറിയിച്ചിരുന്നു. പക്ഷേ അവർ ഇത് തള്ളുകയായിരുന്നു.

അതേസമയം, മനഃസാക്ഷി വോട്ടുനയം സ്വീകരിക്കുന്നതാണ് ഉചിതമെന്നു മാഹിയിലെ പാർട്ടി പ്രവർത്തകരിൽ ഒരുവിഭാഗം പറയുന്നു. ഒരു മണ്ഡലത്തിൽ സിപിഎം രണ്ടു നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നും അവർ പറയുന്നു. കഴിഞ്ഞദിവസം മാഹിയിൽ പര്യടനം നടത്തിയ കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ വി.വൈത്തിലിംഗത്തിന്റെ പ്രചാരണത്തിൽ സിപിഐയും പങ്കെടുത്തില്ല.

പ്രവർത്തകർ വടകരയിലേക്ക്

2014ൽ സിപിഐ. സ്ഥാനാർത്ഥിയെയാണ് മാഹിയിൽ സിപിഎം പിന്തുണച്ചത്. 2009-ൽ ഇതേ സാഹചര്യമുണ്ടായപ്പോൾ മാഹിയിലെ അഭിഭാഷകനായ ടി.അശോക് കുമാറിനെ ഇടതുസ്ഥാനാർത്ഥിയായി മത്സരിപ്പിക്കയായിരുന്നു. കഴിഞ്ഞ തവണ മാഹി സിപിഎം കമൽഹാസന്റെ പാർട്ടിക്കൊപ്പം നിന്നത്. കോൺഗ്രസിനെ സഹായിച്ചാൽ വടകരിയിൽ പണി കിട്ടുമെന്നാണ് സിപിഎം കരുതുന്നത്. അതുകൊണ്ട് പ്രവർത്തകരോട് കൂട്ടത്തോടെ വടകരയിൽ കേന്ദ്രീകരിക്കാൻ പറഞ്ഞിട്ടുണ്ട്.

മാഹി എന്നത് വെറും പത്തുവാർഡുകൾ മാത്രമുള്ള ഒരു കുഞ്ഞ് സ്ഥലം ആണെങ്കിലും, സിപിഎമ്മിനും ബിജെപിക്കും തല്ലാനും കൊല്ലാനുമുള്ള വലിയ ഗ്യാങ്ങുകൾ ഉള്ള സ്ഥലമാണിവിടം. 2018വരെ ഇവിടെ രാഷ്ട്രീയ സംഘർഷങ്ങളുടെ വിളനിലവുമായിരുന്നു. ഭൂമിശാസ്ത്രപരമായി കണ്ണൂരിനു പുറത്താണെങ്കിലും രാഷ്ട്രീയ ബലാബലങ്ങളിൽ മാഹിയെയും കണ്ണൂരിന്റെ ഭാഗമാക്കി നിർത്താൻ സിപിഎമ്മും ആർഎസ്എസും പരിശ്രമിക്കുന്നുണ്ട്. മാഹിയിൽ സിപിഎമ്മിന്റെയും ആർഎസ്എസിന്റെയും ചെറു പോക്കറ്റുകൾ രൂപപ്പെടാൻ തുടങ്ങിയതു മുതലാണ് ഇവിടെ രാഷ്ട്രീയ സംഘർഷങ്ങളും പതിവായത്.

പാർട്ടികൾ ക്വട്ടേഷൻ സംഘങ്ങളെ തിരഞ്ഞെടുക്കുന്നതും മാഹി കേന്ദ്രീകരിച്ചാണ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളായ കൊടി സുനിയുടെയും കിർമാണി മനോജിന്റെയും താവളം മാഹിയായിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ പാർട്ടികൾ മാഹിയിലേക്കു രാഷ്ട്രീയം വളർത്തുക എന്നതിന്, രാഷ്ട്രീയ സംഘർഷ മേഖല വിപുലീകരിക്കുന്നു എന്നുകൂടി അർഥമുണ്ടായിരുന്നു. മദ്യത്തിനും, പെട്രോളിനും, കോഴിക്കുമൊക്കെ വിലക്കുറവുള്ള മാഹി കേന്ദ്രീകരിച്ച് വലിയതോതിൽ കള്ളക്കടത്തും രാഷ്ട്രീയ ഒത്താശയോടെ നടന്നിരുന്നു.

ഇന്ത്യയിലെ ഒരു ഫ്രഞ്ചു കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ, ഇപ്പോൾ പുതുച്ചേരി, ഭാഗമായ മയ്യഴി എന്ന മാഹി, കേരളത്തിലെ കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്നത്.. രാഷ്ട്രീയമായി കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ നാല് ഭാഗങ്ങളിലൊന്നാണ് മയ്യഴി. പുതുച്ചേരി നഗരത്തിൽ നിന്നും 630 കിലോമീറ്റർ അകലെയായാണ് മയ്യഴി സ്ഥിതിചെയ്യുന്നത്.സാംസ്‌കാരികമായി കേരളത്തിന്റെ ഭാഗമാണ് ഈ പ്രദേശം. മാഹിയിൽ കോൺഗ്രസിനും നല്ല സ്വാധീനമുണ്ട്. നേരത്തെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഇവിടെ കോൺഗ്രസ് വിജയിച്ചിരുന്നു.