- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം
പത്തനംതിട്ട: മെഴുവേലി പഞ്ചായത്ത് ഒന്നാം വാർഡിലെ ബൂത്ത് നമ്പർ 144 ൽ മരിച്ചു പോയയാളുടെ വോട്ട് മാറി ചെയ്ത സംഭവത്തിൽ തന്നെ പ്രതിയാക്കി കേസ് എടുത്ത നടപടിക്കെതിരേ വാർഡ് അംഗം സി.എസ്. ശുഭാനനന്ദൻ രംഗത്ത്. തനിക്കെതിരേ പരാതി നൽകിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി, കേസെടുക്കാൻ ഉത്തരവിട്ട ആറന്മുള ഉപവരണാധികാരി, ഇലവുംതിട്ട എസ്എച്ച്ഓ എന്നിവർക്കെതിരേ ശുഭാനന്ദൻ അഡ്വ. വി.ആർ. സോജി മുഖേനെ വക്കീൽ നോട്ടീസ് അയച്ചു. കള്ളപ്പരാതിയിൽ എടുത്ത കള്ളക്കേസ് തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സമൂഹമധ്യത്തിൽ താൻ കള്ളനായെന്നും ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത തന്നെ സിപിഎമ്മും അവരുടെ ചൊൽപ്പടിയിലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കള്ളക്കേസിൽ കുടുക്കിയെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കഥ മെനഞ്ഞ് തന്നെ സമൂഹത്തിൽ നാണം കെടുത്തിയവർക്കെതിരേ ഡാമേജ് സ്യൂട്ട് ഫയൽ ചെയ്യുമെന്ന് ശുഭാനന്ദൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ശുഭാനന്ദൻ ബി.എൽ.ഓ അമ്പിളിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ. അമ്പിളിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ശുഭാനന്ദനെ ക്രിമിനൽ നടപടിക്രമം വകുപ്പ് 41 (എ) പ്രകാരം ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. ഇതിന്റെ പേരിൽ പൊലീസ് വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയുമാണ്.
വീട്ടിലെത്തിയുള്ള വോട്ടിങിന് അപേക്ഷ സ്വീകരിച്ചതും അത് പോളിങ് ഉദ്യോഗസ്ഥർക്ക് നൽകിയതും ബി.എൽ.ഓ അമ്പിളിയാണ്. അവരാണ് മരിച്ചു പോയ അന്നമ്മ ജോർജിന്റെ പേരിൽ മരുമകൾ അന്നമ്മ മാത്യുവിനായി അപേക്ഷ നൽകിയത്. ഇത് തനിക്ക് പറ്റിയ തെറ്റാണെന്ന് അവർ മൊഴി നൽകുകയും ചെയ്തു. ഇക്കാര്യങ്ങൾ പരിശോധിക്കേണ്ടതും വോട്ട് ചെയ്യാൻ അനുമതി നൽകേണ്ടതും ആളു മാറാതെ നോക്കേണ്ടതും പോളിങ് ഓഫീസർമാരുടെ കടമയാണ്. അവരുടെ വീഴ്ച മറയ്ക്കാൻ വേണ്ടി സ്ഥഥലത്ത് പോലുമില്ലാതിരുന്ന പഞ്ചായത്തംഗത്തെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. നിലവിൽ നാട്ടിൽ മുഴുവൻ ശുഭാനന്ദൻ കള്ളവോട്ട് ചെയ്ത ആളായിട്ടാണ് അറിയപ്പെടുന്നത്. സംഭവം നടക്കുമ്പോൾ അദ്ദേഹം ആ സ്ഥലത്ത് ഇല്ലായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ അടക്കമാണ് പോളിങ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യിക്കാനെത്തിയത്.
അവിടെ നടന്ന കാര്യങ്ങൾ മുഴുവൻ കാമറയിൽ പകർത്തിയിട്ടുണ്ട്. അപേക്ഷ ഏൽപ്പിക്കുക എന്നത് മാത്രമാണ് ബി.എൽ.ഓയുടെ ചുമതല. ബാക്കി കാര്യങ്ങൾ നോക്കി വോട്ടിങ്ങിന് അനുമതി കൊടുക്കേണ്ടത് പോളിങ് ഉദ്യോഗസ്ഥരാണ്. 66 വയസുള്ള അന്നമ്മ മാത്യു, മരിച്ചു പോയ 94 വയസുള്ള അന്നമ്മ ജോർജിന്റെ വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് നോക്കേണ്ടിയിരുന്നതും പോളിങ് ഉദ്യോഗസ്ഥരാണ്. ഗുരുതരമായ വീഴ്ച ഇവരുടെ ഭാഗത്ത് നിന്ന് വന്നു. അത് മറയ്ക്കാൻ വേണ്ടി ആറന്മുള മണ്ഡലത്തിലെ ഉപവരണാധികാരിയായ ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) ഒരു പുതിയ ഗൂഢാലോചന തിയറി ഉണ്ടാക്കുകയാണ് ചെയ്തത്.
മെഴുവേലി പാലയ്ക്കംപൊയ്കയിൽ വീട്ടിൽ സി.കെ.ജയ എന്നയാൾ ശുഭാനന്ദൻ കള്ളവോട്ട് ചെയ്യുന്നതിന് ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് പരാതി ജില്ലാ കലക്ടർക്ക് നൽകുകയായിരുന്നു. അത് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ ആറന്മുള മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർക്ക് കഴിഞ്ഞ 21 ന് നിർദ്ദേശം നൽകി. പരാതിയിൽ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ ശരിയാണോയെന്ന് പോലും നോക്കാതെ ഉപവരണാധികാരി ഇതു സംബന്ധിച്ച് കേസ് എടുക്കുവാൻ ആവശ്യപ്പെട്ട് ഇലവുംതിട്ട എസ്.എച്ച്.ഒ.യ്ക്ക് ഇ.മെയിലിൽ പരാതി അയച്ചു കൊടുക്കുകയായിരുന്നു. പരാതി കിട്ടിയതിന് പിന്നാലെ മറ്റൊന്നും നോക്കാതെ എസ്.എച്ച്.ഓ കേസ് എടുക്കുകയും ചെയ്തു. ബൂത്ത് ലെവർ ഓഫീസറായ പി. അമ്പിളിയെ ഒന്നാം പ്രതിയാക്കിയും പഞ്ചായത്ത് മെമ്പർ ശുഭാനന്ദനെ രണ്ടാം പ്രതിയാക്കിയും എടുത്ത കേസ് നിയമപര മായി നിലനിൽക്കാത്തതും ആറന്മുള അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ അധികാര ദുർവിനിയോഗവുമാണെന്ന് അഡ്വ. വി.ആർ. സോജി പറഞ്ഞു.
ഉപവരണാധികാരി, ഇലവുംതിട്ട എസ്.എച്ച്.ഓ, പരാതിക്കാരിയായ സി.കെ. ജയ എന്നിവർക്കെതിരേ ഡാമേജ് സ്യൂട്ട് ഫയൽ ചെയ്യും. പരാതിക്കാരിയായ ജയ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, ഇലവുംതിട്ട എസ്.എച്ച്.ഓ എന്നിവർക്കെതിരേ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയാറാകണം. ഇത് കൃത്യവിലോപമാകയാൽ നിയമപരമായ സംരക്ഷണത്തിന് ഇവർക്ക് അർഹതയില്ല. ജയയുടെ പരാതിയിൽ പറയാത്ത കാര്യങ്ങളാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ പൊലീസിന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. ഉദ്യോഗസ്ഥർക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകുന്ന കേസിനു മുന്നോടിയായി സിവിൽ നടപടിക്രമം അനുസരിച്ചുള്ള നോട്ടീസ് ഇന്നു തന്നെ അയയ്ക്കുമെന്ന് കോൺഗ്രസ് മെഴുവേലി മണ്ഡലം പ്രസിഡന്റ് സജി വട്ടമോടി, കെ.കെ.ജയിൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നേജോ മെഴുവേലി എന്നിവർ പറഞ്ഞു.