കോഴഞ്ചേരി: മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സിപിഐയിലെ മിനി ജിജു ജോസഫും വൈസ് പ്രസിഡന്റായി സിപിഎമ്മിലെ വത്സല വാസുവും തെരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം മൂന്ന് വർഷത്തോളം പ്രസിഡന്റായിരുന്ന സ്വതന്ത്രാംഗം എസ്. ഉഷാ കുമാരി രാജി വച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

വൈസ് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ പ്രദീപ് കുമാറുംം ധാരണ പ്രകാരം രാജി വച്ചിരുന്നു. മൂന്ന് അംഗങ്ങളുള്ള കോൺഗ്രസിലെ മേഴ്സി സാമുവേൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും സ്വന്തം വോട്ട് മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് അംഗങ്ങളായ ഷിബു കഞ്ഞിക്കലിന്റെയും റോസമ്മ മത്തായിയുടെയും വോട്ടുകൾ അസാധുവായത് പാർട്ടിക്ക് നാണക്കേടായി.

ബാലറ്റ് പേപ്പറിന്റെ പുറകിൽ ഇരുവരും കൃത്യമായി രേഖപ്പെടുത്തലുകൾ നടത്താത്തതാണ് അസാധു ആകാൻ കാരണം. എന്നാൽ മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ ഏറെക്കാലമായി നിലനിൽക്കുന്ന വിഭാഗീയതയാണ് സ്ഥിരം സമിതി അധ്യക്ഷ കൂടി ആയ മേഴ്സിക്ക് വോട്ട് കുറയാൻ കാരണമായി പറയുന്നത്.

വൈസ് പ്രസിഡന്റായി മത്സരിച്ച കോൺഗ്രസിലെ ഷിബുവിന് മൂന്ന് വോട്ടുകൾ ലഭിക്കുകയും ചെയ്തു. സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് എസ് ഉഷാ കുമാരി ഇരു വോട്ടിങ്ങിൽ നിന്നും വിട്ടു നിന്നു. സ്വതന്ത്ര ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം മറ്റൊരു മുന്നണി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നത് അയോഗ്യതക്ക് കാരണമാകും എന്നതിനാലാണ് മാറി നിന്നതെന്ന് അവർ പറഞ്ഞു. മൂന്ന് അംഗങ്ങളുള്ള ബിജെപിയും വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

ഇടത് മുന്നണിയിൽ സിപിഎം -4, സിപിഐ-2, സ്വതന്ത്ര-1 എന്നിങ്ങനെ ആണ് കക്ഷി നില. പ്രതിപക്ഷത്ത് കോൺഗ്രസിനും ബിജെപിക്കും 3 അംഗങ്ങൾ വീതമാണുള്ളത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥി വിജയിച്ചിരുന്നു.