- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജെയ്കും മന്ത്രി വാസവനും പെരുന്നയിൽ എത്തിയത് അനുഗ്രഹം തേടലിനൊപ്പം നാമജപ കേസ് റദ്ദാക്കുമെന്ന ഉറപ്പുമായി; മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന; ഹൈക്കോടതിയെ തീരുമാനം അറിയിക്കുന്നത് പരിഗണനയിൽ; സ്പീക്കർ ഷംസീറിന് മാപ്പില്ലെന്ന് പ്രഖ്യാപിച്ച് സുകുമാരൻ നായർ; മിത്ത് വിവാദത്തിൽ മുറിവ് ഉണങ്ങുമോ?

തിരുവനന്തപുരം: ഗണപതി മിത്ത് വിവാദത്തിൽ എൻ എസ് എസ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ എടുത്ത കേസ് സർക്കാർ പിൻവലിച്ചേക്കും. ഇക്കാര്യം ഹൈക്കോടതിയെ സർക്കാർ അറിയിക്കാനാണ് സാധ്യത. പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്ത് എത്തിയ പുതുപ്പള്ളിയിലെ സിപിഎം സ്ഥാനാർത്ഥി ജെയ്ക് സി തോമസും മന്ത്രി വി എൻ വാസവനും ഈ സൂചന എൻ എസ് എസിന് നൽകിയിട്ടുണ്ട്. അതിനിടെ കേസ് വേണമെങ്കിൽ സർക്കാർ പിൻവലിക്കട്ടേ എന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും പറഞ്ഞു. മിത്ത് വിവാദത്തിൽ മുറിവ് ഉണങ്ങിയിട്ടില്ലെന്നും എൻ എസ് എസ് ആവർത്തിച്ചു. ശബരിമല പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതും എൻ എസ് എസ് ആയിരുന്നു. അത് സിപിഎമ്മിന് ലോക്‌സഭയിൽ വലിയ തിരിച്ചടിയായി എന്ന് വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് എൻ എസ് എസിനെ അടുപ്പിക്കാൻ നീക്കം. അതിനിടെ സ്പീക്കർ ഷംസീറിന് മാപ്പില്ലെന്ന് പറഞ്ഞ് എൻ എസ് എസ് നിലപാടും കടുപ്പിച്ചു.
എൻ എസ് എസുമായി പ്രശ്‌നമില്ലെന്ന് സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ എൻ എസ് എസും പ്രതികരണം നടത്തുന്നു. ഇതെല്ലാം ശ്രദ്ധേയമാണ്. മിത്ത് വിവാദത്തിൽ ഇനി സമാധാന പ്രതിഷേധം മാത്രം. പ്രതിഷേധം ചിലർ മുതലെടുക്കുന്നു. അതുകൊണ്ടാണ് സമാധാന പ്രതിഷേധമെന്നും സുകുമാരൻ നായർ വിശദീകരിച്ചു. സ്ഥാനാർത്ഥികൾ എത്തിയത് അനുഗ്രഹം തേടിയാണ്. പൊതു തെരഞ്ഞെടുപ്പ് സമയത്ത് അധികാര മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് വ്യക്തിപരമാണ്. അതിനെ എൻ എസ് എസ് അഭിപ്രായമായി തെറ്റിധരിച്ചു. താൻ എന്തും പറയുന്ന ആളാണെന്ന തരത്തിൽ മാധ്യമങ്ങളിൽ ചിത്രീകരണവും വന്നു. ശാസ്ത്രം വലുതാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും സുകുമാരൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
മിത്ത് വിവാദത്തിൽ കേസ് സർക്കാർ പിൻവലിക്കുന്നുവെങ്കിൽ പിൻവലിക്കട്ടേ എന്ന് സുകുമാരൻ നായർ പറഞ്ഞതും ശ്രദ്ധേയമാണ്. എന്നാൽ മിത്ത് വിവാദം പുതുപ്പള്ളിയിൽ പ്രതിഫലിക്കുമെന്നാണ് സുകുമാരൻ നായർ പറയുന്നത്. എൻ എസ് എസിനോട് പിണക്കമില്ലെന്ന് സിപിഎമ്മും പറഞ്ഞു കഴിഞ്ഞു. സാമുദായിക നേതാക്കളെ കാണുന്നതിൽ തെറ്റില്ലെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വിശദീകരിച്ചിരുന്നു. പുരോഗമന പാർട്ടിയാണെങ്കിലും പുരോഗമനക്കാർ അല്ലാത്തലർക്കും വോട്ട് ഉണ്ടെന്നും വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു പ്രതികരണം.
ആരേയും ശത്രുപക്ഷത്ത് നിർത്തിയുള്ള ഒരു നിലപാടും സ്വീകരിക്കില്ല. അവർ എടുക്കുന്ന നിലപാടിനെ സംബന്ധിച്ച് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയാണ് എല്ലാ കാലത്തുമുള്ള സമീപനം- അദ്ദേഹം കൂട്ടിച്ചേർത്തു. പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ സമദൂരത്തിൽ മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാടുമായി ബന്ധപ്പെട്ട ചോദ്യത്തിന്, സമദൂരം പലപ്പോഴും സമദൂരം ആകാറില്ലെന്നായിരുന്നു മറുപടി. സമദൂരം ആണെന്ന് പറഞ്ഞത് അത്രയും നല്ലതെന്നും എല്ലാതിരഞ്ഞെടുപ്പിലും ഇങ്ങനെ പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് സുകുമാരൻ നായരും പ്രതികരണവുമായി എത്തുന്നത്. എൻ എസ് എസ് നിലപാട് സമദൂരമാണെന്നും സുകുമാരൻ നായർ പറയുന്നു.
സുകുമാരൻ നായരായാലും വെള്ളാപ്പള്ളി നടേശൻ ആയാലും തിരഞ്ഞെടുപ്പിന്റെ ഭാഗമായി സഹായമഭ്യർഥിക്കാൻ ജനാധിപത്യ മര്യാദയും അവകാശവും ഉണ്ട്. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓരോ വോട്ടർമാരേയും ഒറ്റയ്‌ക്കൊറ്റയ്ക്ക് ചെന്ന് കാണും. പുരോഗമന പാർട്ടിയാണെങ്കിൽ പുരോഗമനക്കാർ അല്ലാത്തവർക്കും വോട്ട് ഉണ്ടല്ലോ. സ്ഥാനാർത്ഥി എന്ന രീതിയിൽ ആരേയും കാണുന്നതിൽ യാതൊരു പ്രശ്‌നവുമില്ല. വോട്ടിന് പകരം വരം തരാം എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ, വോട്ടല്ലേ വേണ്ടത് - എം വി ഗോവിന്ദൻ പറഞ്ഞു. അതായത് എൻ എസ് എസുമായി പ്രശ്‌ന പരിഹാരം സിപിഎം ആഗ്രഹിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് നാമജപ കേസുകൾ പിൻവലിക്കുന്നതിലെ ആലോചനയും.
സ്പീക്കർ എഎൻ ഷംസീർ ഗണപതിയുടെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് ഹൈക്കോടതി ഇടപെട്ടിരുന്നു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് നാല് ആഴ്ചത്തേക്കാണ് സ്റ്റേ. ഈ സാഹചര്യത്തിൽ കൂടിയാണ് കേസ് പിൻവലിക്കുന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് ഇത്.
നിയമവിരുദ്ധമായാണ് തങ്ങൾക്കെതിരെ കേസ് എടുത്തിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഗീത് കുമാർ ഹർജി നൽകിയത്. നാമജപ യാത്ര സംഘടിപ്പിച്ചത് ആർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്നും കേസ് അനാവശ്യമാണെന്നും എൻഎസ്എസ് കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു കോടതി തുടർ നടപടികൾ സ്റ്റേ ചെയ്തത്. ഇതിനിടെ എൻഎസ്എസിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് കോടതി പരിഗണിച്ചില്ല. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കേസ് പിൻവലിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചേക്കും.
കഴിഞ്ഞ ആഴ്ചയായിരുന്നു എൻഎസ്എസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാമജപ യാത്ര സംഘടിപ്പിച്ചത്. ഇതിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച യാത്രയ്‌ക്കെതിരെ ആയിരുന്നു പൊലീസ് നടപടി. യാത്ര ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും, ഗതാഗത തടസ്സം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി കന്റോൺമെന്റ് പൊലീസാണ് കേസ് എടുത്തത്. സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ്. പരിപാടിയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.


