കോഴിക്കോട് : കോൺഗ്രസിൽ സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നു പറഞ്ഞ എംകെ രാഘവനെ അനുകൂലിച്ച് കെ മുരളീധരൻ. കോൺഗ്രസ് നേതൃത്വത്തിനെതിരെയായിരുന്നു രാഘവന്റെ പ്രതികരണം. പാർട്ടി വികാരമാണ് അദ്ദേഹം പറഞ്ഞതെന്നും തനിക്കും അതേ വിമർശ്ശനം ഉണ്ടെന്നും, രാഘവൻ ചെയ്തത് അച്ചടക്ക ലംഘനമല്ലെന്നും മുരളീധരൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വിമർശനം വ്യക്തികൾക്കെതിരെയല്ല. റിപ്പോർട്ട് തേടിയതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വത്തെ വിമർശിച്ച് നടത്തിയ പരാമർശത്തിൽ എം.കെ. രാഘവൻ എംപിക്കെതിരെ കെ.സി. വേണുഗോപാൽ രംഗത്തു വന്നിരുന്നു. അതിന് ശേഷമാണ് മുരളീധരനും വിമർശനം ഉയർത്തുന്നത്.

''എംകെ രാഘവൻ പറഞ്ഞതിൽ തെറ്റില്ല. പാർട്ടി പ്രവർത്തകരുടെ പൊതുവികാരമാണ് പറഞ്ഞത്. അച്ചടക്കലംഘനം നടന്നിട്ടില്ല. ഇന്നലത്തെ പരിപാടിയും പാർട്ടി വേദിയാണ്.''- മുരളീധരൻ പ്രതികരിച്ചു. സംഭവത്തിൽ കെപിസിസി അധ്യക്ഷൻ റിപ്പോർട്ട് ചോദിച്ചതിൽ തെറ്റില്ല. പക്ഷേ, ഡിസിസി പ്രസിഡന്റ് അത് പരസ്യപ്പെടുത്തരുതായിരുന്നു'' - കെ മുരളീധരൻ പറഞ്ഞു. മുന്മന്ത്രി പി ശങ്കരന്റെ പേരിലുള്ള പുരസ്‌കാരം വി എം സുധീരനു നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു എംകെ രാഘവന്റെ വിവാദ പ്രസംഗം. സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയിലെ അവസ്ഥയെന്നാണ് രാഘവൻ പറഞ്ഞത്.

വിയോജിപ്പ് പറ്റില്ല, വിമർശനം പറ്റില്ല. പാർട്ടി വെറും പുകഴ്‌ത്തലിന്റെ വേദിയായി മാറിയെന്നു ഭയക്കുന്നു. ലീഗിൽ വരെ തിരഞ്ഞെടുപ്പു നടന്നു. അർഹതയുള്ള എത്രയോ ആളുകൾ പുറത്തുനിൽക്കുകയാണ്. എന്തു പുനഃസംഘടനയാണെങ്കിലും പാർട്ടിയുടെ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവരെ തിരികെ കൊണ്ടുവരണം. പാഠം പഠിക്കേണ്ടത് നേതാക്കളാണ്. ജനങ്ങളും നാടും അംഗീകരിച്ചവരെ തിരിച്ചുകൊണ്ടുവരികയാണ് വേണ്ടതെന്നും രാഘവൻ പറഞ്ഞു. ഇതിനോടാണ് മുരളീധരനും യോജിക്കുന്നത്. എഐസിസി തെരഞ്ഞെടുപ്പുകാലത്ത് ശശി തരൂരിന് വേണ്ടി നിറഞ്ഞ നേതാവാണ് രാഘവൻ. പിന്നീട് തരൂരിനെ മുരളീധരനും പിന്തുണച്ചിരുന്നു. ഇതിന് ശേഷം കെപിസിസിയെ നിരന്തരം ആക്രമിക്കുന്ന നേതാക്കളുടെ കൂട്ടത്തിലാണ് മുരളീധരനും.

പാർട്ടിയിൽ മതിയായ ചർച്ചകൾ നടക്കുന്നില്ലെന്ന് പ്ലീനറി സമ്മേളനത്തിൽ നേതാക്കൾ വിമർശ്ശനം ഉന്നയിച്ചിരുന്നു. അടിയന്തരമായി രാഷ്ട്രീയകാര്യ സമിതിയോ എക്സിക്യൂട്ടീവോ വിളിക്കണം. ഒരു കാര്യങ്ങളും തന്നോട് പോലും ആലോചിക്കാറില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. പരസ്പരം ചർച്ചകൾ പാർട്ടിയിൽ ഇപ്പോൾ നടക്കുന്നില്ല. 30 അംഗങ്ങളെ മാത്രമെ കെപിസിസി പ്രസിഡന്റിന് നോമിനേറ്റ് ചെയ്യാനാവു. അതെങ്ങനെ 60 ആയെന്ന് അറിയില്ല. വിവാദം ആകുമെന്നതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത് . ഡിസിസി പ്രസിഡന്റ് എംകെ രാഘവന്റെ റിപ്പോർട്ടിനെക്കുറിച്ച് പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ല. അടിയന്തരമായി രാഷ്ട്രീയ കാര്യ സമിതി വിളിച്ച് വിഷയം ചർച്ചചെയ്യണമെന്നും മുരളീധരൻ വ്യക്തമാക്കി.

അതേസമയം രാഘവൻ നടത്തിയ പരസ്യ പ്രസ്താവനയിൽ നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് കെപിസിസിയും കോഴിക്കോട് ഡിസിസിയും. പരസ്യ പ്രതികരണത്തിൽ രാഘവനോട് വിശദീകരണം തേടാനാണ് കെപിസിസി തീരുമാനം. വിഷയത്തിൽ കെപിസിസി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്നുമാണ് അറിയുന്നത്. അർഹതയുള്ളവർ പുറത്ത് നിൽക്കുകയാണ്. പഴയ കോൺഗ്രസിലെ ആത്മബന്ധം ഇന്നത്തെ കോൺഗ്രസിൽ ഇല്ല. അഭിപ്രായങ്ങൾ പറയുമ്പോൾ ഇന്ന് ആത്മബന്ധങ്ങൾ ഇല്ലാതാവുന്നു. സ്ഥാനമാനങ്ങൾ മിണ്ടാതിരിക്കാൻ പ്രേരിപ്പിക്കുന്നു. പാർട്ടിയുടെ ഗുണപരമായ വളർച്ചക്ക് ഗുണപരമായ ആളുകളെ കൊണ്ടുവരുന്നില്ലെങ്കിൽ കോൺഗ്രസ് അധപതിക്കുമെന്നും എം കെ രാഘവൻ പ്രതികരിച്ചിരുന്നു

എം.കെ. രാഘവൻ എംപിക്കെതിരെ കെ.സി. വേണുഗോപാൽ രംഗത്ത് വന്നിരുന്നു. അഭിപ്രായം പറയേണ്ടത് പാർട്ടി വേദികളിലാണെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു മേശക്ക് ചുറ്റും ഇരുന്ന് രമ്യമായി പരിഹരിക്കുന്ന രീതിയാണ് കോൺഗ്രസിന്. അഭിപ്രായവ്യത്യാസം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ഏതെങ്കിലും പ്രസ്താവനയിൽ വിവാദം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കെ.സി ആലപ്പുഴയിൽ പറഞ്ഞു. 'ഞങ്ങളുടെ പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടാകും. ഇല്ലെന്ന് പറയുന്നില്ല. എത്രവരെ പോയാലും പാർട്ടി കാര്യങ്ങൾ പുറത്തു ചർച്ച ചെയ്യപ്പെടുന്ന രീതി ഒഴിവാക്കണം-ഇതായിരുന്നു വേണുഗോപാലിന്റെ ശാസന.

പാർട്ടിയിൽ അവസരങ്ങൾ ഉള്ളവർ പാർട്ടിയിൽ സംസാരിക്കണം. ഞങ്ങൾക്കു മുന്നിലുള്ളത് വിശാലമായ ലക്ഷ്യങ്ങളാണ്, ചെറിയ ലക്ഷ്യങ്ങളല്ല. പുനഃസംഘടനയെ കുറിച്ചുള്ള ചർച്ചകളുണ്ടാകുന്നത് കോൺഗ്രസ് ജനാധിപത്യ പാർട്ടി ആയതിനാലാണ്. സിപിഎമ്മിനകത്ത് എന്തു നടക്കുന്നുവെന്ന് നിങ്ങൾ ചോദിക്കാറില്ലല്ലോ - കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.