- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടേത് നിർണ്ണായക വരവ്
തിരുവനന്തപുരം: വി എസ് എസ്സിയിലെ പദ്ധതികളുടെ ഉദ്ഘാടനത്തിനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തുമ്പോൾ ഏവരും ചർച്ചയാക്കുന്നത് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി ആരെന്ന് തെളിയുമോ എന്ന ചോദ്യം. എന്നാൽ ഇന്ന് പ്രധാനമന്ത്രി ഇത്തരം പ്രഖ്യാപനമൊന്നും നടത്തില്ല. തിരുവനന്തപുരത്തിന്റെ പൾസ് മനസ്സിലാക്കാനാണ് മോദിയുടെ ഈ വരവ്. ഡൽഹിയിൽ എത്തിയ ശേഷം കേരളത്തിലെ മുഴുവൻ സ്ഥാനാർത്ഥികളേയും പ്രധാനമന്ത്രി നിശ്ചയിക്കും. അതീവ സുരക്ഷയിലാണ് തിരുവനന്തപുരം.
പത്തരയോടെ വിമാനത്താവളത്തിലെത്തി ആദ്യം വി എസ്എസ്സിയിലേക്കു പോകുന്ന പ്രധാനമന്ത്രി ചടങ്ങുകൾക്കു ശേഷം 12 മണിയോടെ സെൻട്രൽ സ്റ്റേഡിയത്തിൽ എൻഡിഎ പദയാത്ര സമാപനത്തിൽ പങ്കെടുക്കും. 1.20ന് തിരുവനന്തപുരത്തുനിന്ന് തമിഴ്‌നാട്ടിലേക്കു പോകും. നാളെ ഉച്ചയ്ക്ക് 1.10ന് തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്കു പോകും. വി എസ്.എസ്.സി.യിൽ ഗഗൻയാനിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്ന പ്രധാനമന്ത്രി വി എസ്.എസ്.സി.യിലെ ശാസ്ത്രജ്ഞരെയും അഭിസംബോധനചെയ്യും. ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേര് പ്രധാനമന്ത്രി വെളിപ്പെടുത്തുമെന്നും കരുതുന്നു.
സമ്മേളനത്തിന്റെ ഭാഗമായി പ്രകടനമോ പ്രധാനമന്ത്രിയുടെ റോഡ് ഷോയോ ഉണ്ടാകില്ലെന്ന് ബിജെപി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അറിയിച്ചു. ബിജെപി. പുതുതായി നിർമ്മിച്ച സംസ്ഥാന കാര്യാലയത്തിലും പ്രധാനമന്ത്രി എത്തില്ല. പ്രധാനമന്ത്രിയുടെ വരവോടെ കേരളത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും. തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയെ പ്രധാനമന്ത്രി വേദിയിൽവച്ച് പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതുണ്ടാകില്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ചില വിവിഐപികൾ ബിജെപി വേദിയിൽ ഉണ്ടാവുകയും ചെയ്യും.
എസ് പി ജിയാണ് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്. ഭീകരൻ എന്ന് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രത്തിൽ ആരോപിക്കുന്ന സാദിഖ് ബാച്ചയുടെ തിരുവനന്തപുരത്തെ അറസ്റ്റ് ഗൗരവത്തോടെ കേന്ദ്ര ഏജൻസികൾ എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയിലാണ് തിരുവനന്തപുരം. കേരളാ പൊലീസും സജീവമായി തന്നെ സുരക്ഷയൊരുക്കുന്നതിൽ ഇടപെടുന്നുണ്ട്. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ജനുവരിയിൽ രണ്ടു തവണ എത്തി. കൊച്ചിയിലും തൃശൂരിലുമായിരുന്നു അന്നെത്തിയത്. മൂന്നാം വരവ് തിരുവനന്തപുരത്തേക്കും.
അര ലക്ഷം പേർ സെൻട്രൽ സ്റ്റേഡിയത്തിലെ സമ്മേളനത്തിനെത്തുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതുതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും. കേരളത്തിൽ ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലമായി ബിജെപി പരിഗണിക്കുന്ന തിരുവനന്തപുരത്ത്, ഇത്തവണ കേന്ദ്ര നേതൃത്വം നേരിട്ട് സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്ന അഭ്യൂഹം ശക്തമാണ്.
കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരുടെ പേര് ഈ മണ്ഡലത്തിൽ ഉയർന്നുകേട്ടിരുന്നു. നടൻ കൃഷ്ണകുമാറും പരിഗണനയിലുണ്ട്. നടി ശോഭനയേയും ഗായിക ചിത്രയേയും പരിഗണിച്ചിരുന്നു. എന്നാൽ ചിത്രയും ശോഭനയും മത്സരത്തിനില്ലെന്ന് അറിയിച്ചിട്ടുണ്ട്. എങ്കിലും ആരാകും സ്ഥാനാർത്ഥിയെന്ന കാര്യത്തിൽ ജിജ്ഞാസ നിലനിർത്തുന്ന സമീപനമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റേത്. സ്ഥാനാർത്ഥിക്കാര്യത്തിൽ ഇടപെടേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തോടു കേന്ദ്രനേതൃത്വം പറഞ്ഞത്.