- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിയുടെ ബ്രാൻഡ് കേരളയുടെ അംബാസിഡർ ഇന്ന് മോദിക്കൊപ്പം തൃശൂർ 'പൂരത്തിന്' എത്തും; ബിജെപിയുടെ രാഷ്ട്രീയ പരിപാടിയിൽ ശോഭന പങ്കെടുക്കുന്നത് ഊർജ്ജമെന്ന് വിലയിരുത്തി പരിവാർ കേന്ദ്രങ്ങൾ; സുരേഷ് ഗോപിയുടെ പ്രചരണത്തിന് ഔദ്യോഗിക തുടക്കമിടാൻ പ്രധാനമന്ത്രി; മോദിക്കായി കനത്ത സുരക്ഷ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിൻകാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തിൽ മോദി സംസാരിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശൂരിൽ പുർത്തിയായിട്ടുണ്ട്. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മുവായിരത്തിലധികം പൊലീസുകാരെ വിന്യസിപ്പിക്കും. വൻ സുരക്ഷയാണ് ഒരുക്കുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടേകാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന വേദിയിലേക്ക് എത്തും. ചില മത നേതാക്കൾ കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമനമായില്ല.
തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ബിജെപി നേതാക്കളും ബീനാ കണ്ണൻ, ഡോ. എം. എസ് സുനിൽ , വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷം വനിതകൾ സമ്മേളനത്തിന്റെ ഭാഗമാകും. പിണറായി വിജയന്റെ ബ്രാൻഡ് കേരളയുടെ ബ്രാൻഡ് അംബാസിഡറാണ് ശോഭന. കേരളീയത്തിന്റെ ഉദ്ഘാടനത്തിൽ പിണറായിയ്ക്കൊപ്പം ശോഭനയും വേദി പങ്കിട്ടിരുന്നു. അന്ന് മമ്മൂട്ടിയും മോഹൻലാലും ശോഭനയും അടക്കമുള്ളവരാണ് കേരളീയത്തിന്റെ ബ്രാൻഡ് അംബാസിഡർ എന്ന പ്രഖ്യാപനവും നടത്തി. ഈ ശോഭനയാണ് ബിജെപിയുടെ പ്രചരണത്തിലും ഭാഗമാകുന്നത്.
ശക്തന്റെ മണ്ണിലെ മോദിയുടെ വരവ് എല്ലാ അർത്ഥത്തിലും രാഷ്ട്രീയ ചർച്ചയാകും. സുരേഷ് ഗോപിക്കെതിരായ ജാമ്യമില്ല കേസും തൃശൂർ പൂരവുമായി ബന്ധപ്പെട്ട തർക്കങ്ങളും ഫ്ളക്സ് ബോർഡുകൾ മാറ്റിയ വിവാദവുമെല്ലാം മോദിയുടെ വരവിന്റെ രാഷ്ട്രീയ പ്രസക്തി കൂടി. ഇതിനൊപ്പം ക്രൈസ്തവ ബിഷപ്പുമാർക്കായി നടത്തിയ ക്രിസ്മസ് വരുന്നിനേയും സിപിഎം മന്ത്രി സജി ചെറിയാൻ രോമാഞ്ചമാക്കി. ഇതെല്ലാം കേരളത്തിലേക്കുള്ള വരവിൽ മോദിയും ചർച്ചയാക്കും. ശോഭനയുടെ സാന്നിധ്യം സമ്മേളനത്തിന് എത്തുന്ന പാർട്ടി പ്രവർത്തകർക്ക് ആവേശവുമാകും.
അതിനിടെ സുരേഷ് ഗോപിയാണ് സ്ഥാനാർത്ഥിയെന്ന് വിശദീകരിച്ച് ചുവരെഴുത്തുകൾ തൃശൂരിൽ ബിജെപി തുടങ്ങി. അതുകൊണ്ട് തന്നെ മോദിയുടെ വരവ് സുരേഷ് ഗോപിയുടെ പ്രചരണത്തിന്റെ ഔദ്യോഗിക തുടക്കമാകും. ജാമ്യമില്ലാ കേസിൽ സുരേഷ് ഗോപി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയെ വേണമെങ്കിൽ പൊലീസിന് അറസ്റ്റു ചെയ്യാം. ഈ അറസ്റ്റു ഭീഷണിയിലും മോദിക്കൊപ്പം സുരേഷ് ഗോപി വേദി പങ്കിടുമെന്നാണ് സൂചന.
നേരത്തെ തൃശൂരിൽ അമിത് ഷാ വമ്പൻ റാലി നടത്തിയിരുന്നു. അന്ന് സുരേഷ് ഗോപിയുടെ പ്രസംഗം കഴിഞ്ഞ ശേഷമാണ് അമിത് ഷാ പ്രസംഗിച്ചത്. സുരേഷ് ഗോപിക്ക് ബിജെപി നൽകുന്ന പ്രാധാന്യത്തിനുള്ള തെളിവായിരുന്നു അമിത് ഷായുടെ വേദിയിലെ ഇടപെടലുകൾ. തൃശൂരിൽ സുരേഷ് ഗോപിയാകും താമര ചിഹ്നത്തിൽ മത്സരിക്കുമെന്ന് അന്നു തന്നെ ഉറപ്പായിരുന്നു. മോദിയുടെ വരവ് പ്രചരണത്തിനുള്ള ഔദ്യോഗിക തുടക്കമായി മാറും. മോദിയും സുരേഷ് ഗോപിയും തന്നെയാകും പ്രധാന ആകർഷണങ്ങൾ. കൊച്ചിയിൽ റോഡിലൂടെ നടന്ന മോദിയെ തൃശൂരിൽ സുരക്ഷാ സേന അതിന് അനുവദിക്കുമോ എന്നതാണ് നിർണ്ണായകം. അങ്ങനെ നടന്നാൽ മോദിക്കൊപ്പം സുരേഷ് ഗോപിയുണ്ടാകുമോ എന്നതും ശ്രദ്ധേയമാകും.
ക്രൈസ്തവ സഭയുടെ പിന്തുണ ബിജെപി ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രൈസ്തവ സഭകളോട് കേന്ദ്ര സർക്കാരിന്റെ മാറുന്ന നിലപാടുകൾ തൃശൂരിലും ചർച്ചയാണ്. എന്നാൽ മണിപ്പൂരിനെ കുറിച്ച് മോദി ഒന്നും പറയാൻ സാധ്യതയില്ല. ശബരിമലയിലേയും തൃശൂർ പൂരത്തിലേയും ദേവസ്വം ബോർഡുകളുടെ നിലപാടുകളും മോദി ചർച്ചയാക്കുമെന്നാണ് പ്രതീക്ഷ. പൂരം സംഘാടകരും പ്രതീക്ഷയോടെയാണ് മോദിയുടെ വരവിനെ കാണുന്നത്. അതീവ സുരക്ഷയാണ് തൃശൂരിലുള്ളത്. നഗരത്തിന്റെ മുക്കും മൂലയും പോലും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
കേരളത്തിൽ ചർച്ചയാക്കാൻ ബിജെപി ആഗ്രഹിക്കുന്ന വിഷയങ്ങളെല്ലാം അവർക്ക് നൽകിയത് സിപിഎം നേതാക്കളാണ്. മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ പിന്നീട് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത് പോലും രാഷ്ട്രീയ പ്രതികാരമായി ബിജെപി വ്യാഖ്യാനിക്കും. ക്രൈസ്തവരെ കൂടെ ചേർത്ത് നിർത്താൻ ആഗ്രഹിക്കുന്ന മോദിക്ക് വലിയ ഊർജ്ജമാണ് മന്ത്രി സജി ചെറിയാന്റെ 'രോമാഞ്ചം' വിമർശനവും നൽകുന്നത്. തൃശൂർ പൂരത്തിൽ അനാവശ്യ വിവാദമുണ്ടാക്കിയതും സിപിഎമ്മിന് സ്വാധീനമുള്ള കൊച്ചി ദേവസ്വം ബോർഡാണ്. തീർത്തും അനാവശ്യമായിരുന്നു തൃശൂർ പൂര വിവാദം. മുഖ്യമന്ത്രി ഇടപെട്ട് ഇത് പരിഹരിച്ചു. അപ്പോഴും ബിജെപിക്ക് ചർച്ചയാക്കാൻ അതൊരു സുവർണ്ണ വിഷമായി.
2 ലക്ഷം വനിതകൾ അണിനിരക്കുന്ന ബിജെപി മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരിൽ എത്തുന്നത്. റോഡ് ഷോയും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിക്കും. 3 മണിക്കു ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ ഹെലിപ്പാഡിലാകും പ്രധാനമന്ത്രി എത്തുക. തുടർന്നു റോഡ് മാർഗം തൃശൂരിലേക്ക്. കലക്ടർ ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. ബിജെപിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ജനറൽ ആശുപത്രിക്കു സമീപവും സ്വീകരണമൊരുക്കുന്നുണ്ട്.
3.30നു സ്വരാജ് റൗണ്ടിലെത്തുന്നതുമുതൽ നായ്ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒരു കിലോമീറ്ററാണ് റോഡ് ഷോ. 4.15ന് പൊതുസമ്മേളനം. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദിയിൽ സുരേഷ് ഗോപിയുമുണ്ടാകും. 5.30ന് ആണു പ്രധാനമന്ത്രിയുടെ മടക്കയാത്ര. സുരേഷ് ഗോപിയാകും സ്ഥാനാർത്ഥിയെ സന്ദേശം തൃശൂരിൽ മോദി നേരിട്ട് നൽകും. സുരേഷ് ഗോപിയെ ജയിപ്പിക്കണമെന്ന ആവശ്യമാകും ശക്തന്റെ മണ്ണിൽ പ്രധാനമന്ത്രി ചർച്ചയാക്കുക.
ലോക്സഭാ തിരഞ്ഞെടുപ്പും സ്ഥാനാർത്ഥികളെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി സുരേഷ് ഗോപിക്കായി ചുവരെഴുത്ത് തുടങ്ങിയിട്ടുണ്ട്. ബിജെപി പ്രവർത്തകരാണ് പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപേ നടനായി പ്രചാരണം തുടങ്ങിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ 'തൃശൂരുകാരനാ'യി മാറിയ സുരേഷ് ഗോപി ഇത്തവണയും ഇവിടെനിന്ന് മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനിടെയാണ് തിരഞ്ഞെടുപ്പു പോലും പ്രഖ്യാപിക്കും മുൻപ് ചുവരെഴുത്തു തുടങ്ങിയത്.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ മികച്ച മത്സരം കാഴ്ചവയ്ക്കാൻ സുരേഷ് ഗോപിക്കു സാധിച്ചിരുന്നു. സാധാരണ ബിജെപി ഒരു ലക്ഷം വോട്ടു നേടുന്ന മണ്ഡലത്തിൽ സുരേഷ് ഗോപി പിടിച്ചെടുത്തത് 2,93,000 വോട്ട്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും പരീക്ഷണം നടത്തിയെങ്കിലും തോൽവി തന്നെ ഫലം. മാത്രമല്ല, രണ്ടു തവണയും മൂന്നാം സ്ഥാനത്തുനിന്ന് മുന്നേറാനും കഴിഞ്ഞില്ല. ഇതിനിടെയാണ് ഒരിക്കൽക്കൂടി സുരേഷ് ഗോപിയെ തൃശൂരിൽ നിർത്തി ബിജെപി തിരഞ്ഞെടുപ്പു പരീക്ഷണത്തിന് ഒരുങ്ങുന്നത്.
യുഡിഎഫിൽനിന്ന് ഇത്തവണയും സിറ്റിങ് എംപിയും കോൺഗ്രസ് നേതാവുമായ ടി.എൻ. പ്രതാപൻ തന്നെ തൃശൂരിൽ പോരിനിറങ്ങുമെന്നാണ് വിവരം. കഴിഞ്ഞ തവണ ഒരു ലക്ഷത്തിൽ താഴെ വോട്ടുകൾക്കാണ് പ്രതാപൻ ജയിച്ചുകയറിയത്. മുൻ കൃഷിമന്ത്രിയും തൃശൂരുകാർക്ക് പരിചിത മുഖവുമായ സിപിഐ നേതാവ് വി എസ്. സുനിൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകാനാണ് സാധ്യത.
മറുനാടന് മലയാളി ബ്യൂറോ