കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് ആറരയ്ക്ക് നെടുമ്പാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും. റോഡ് ഷോയും ഇന്നുണ്ട്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പുതുവേഗം നൽകുകയാണ് ലക്ഷ്യം. നാളെ ഗുരുവായൂരിൽ എത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുക്കും. ഇതിനൊപ്പം തൃപ്രയാർ ക്ഷേത്രത്തിലും മോദി എത്തും. അയോധ്യയിലെ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് മോദി വൃതത്തിലാണ്. അയോധ്യയിലെ ക്ഷേത്രം രാഷ്ട്രീയമായി കേരളത്തിൽ ചർച്ചയാക്കുകയാണ് തൃപ്രയാർ ക്ഷേത്ര ദർശനത്തിലൂടെ മോദി ലക്ഷ്യമിടുന്നത്. കൊച്ചിയിലും തൃശൂരിലും കനത്ത സുരക്ഷയാണ്.

ഈ മാസം ഇത് രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. മഹിളാ സംഗമം ഉദ്ഘാടനം ചെയ്യാൻ ഈ മാസം ആദ്യം മോദി കേരളത്തിലെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് പുതിയ തലം നൽകാനാണ് മോദിയുടെ കേരളത്തിലേക്കുള്ള നിരന്തര യാത്ര. അടുത്ത മാസവും മോദി തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന. തൃശൂരിൽ സുരേഷ് ഗോപിയെ ഉറപ്പായും ജയിപ്പിക്കാനുള്ള ചർച്ചകൾ ഇത്തവണത്തെ വരവിൽ കേരളത്തിലെ ബിജെപി നേതൃത്വവുമായി മോദി നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ന് കൊച്ചിയിലെത്തുന്ന മോദി കെ പി സി സി ജംങ്ഷനിലെത്തി റോഡ് ഷോയിൽ പങ്കെടുക്കും. രാത്രി 7 നും എട്ടിനും ഇടയ്ക്കാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. കെ പി സി സി ജംഷ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംങ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ഒരു കിലോമീറ്റർ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ചൊവ്വാഴ്ച രാവിലെ ഗുരൂവായൂർക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി മറ്റു രണ്ട് പരിപാടികളിൽ കൂടി പങ്കെടുക്കും. ഇതിന് ശേഷമാകും ഡൽഹിയിലേക്ക് മടങ്ങുക. പ്രധാനമന്ത്രി എത്തുന്നതോടെ കൊച്ചിയിലും തൃശൂരിലും ഗതാഗത ക്രമീകരണങ്ങളുണ്ടാകും.

അയോധ്യാ പ്രതിഷ്ഠാ ദിനത്തിനായി നോമ്പു നോക്കുന്ന പ്രധാനമന്ത്രിയുടെ തൃപ്രയാർ സന്ദർശനം ശ്രീരാമനെ കേരളത്തിലെത്തുമ്പോഴും തൊഴുത് അനുഗ്രഹം തേടുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ എടുക്കാൻ ഒരുങ്ങുന്ന ബിജെപിയുടെ സുരേഷ് ഗോപിക്ക് പുതിയ ഊർജ്ജമാകും മോദിയുടെ തൃപ്രയാർ സന്ദർശനം. കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ 'മര്യാദാ പുരുഷോത്തമൻ' ശ്രീരാമചന്ദ്രനെ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഐശ്വര്യദേവതയായ ലക്ഷ്മീദേവിയേയും സർവംസഹയായ ഭൂമീദേവിയെയും ഭഗവാന്റെ ഇരുവശത്തുമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തിൽ കരുവന്നൂർ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്.

ആയോധ്യയെ ചർച്ചയാക്കുക എന്നതിന് അപ്പുറം തൃപ്രയാറിന് മറ്റൊരു രാഷ്ട്രീയ പ്രത്യേകത കൂടിയുണ്ട്. നാട്ടികയുടെ സ്വന്തമാണ് താനെന്ന് അവകാശപ്പെടുന്ന ടിഎൻ പ്രതാപനാണ് തൃശൂരിലെ നിലവിലെ എംപി. അതായത് തൃശൂരിന്റെ രാഷ്ട്രീയ ചിത്രം മാറണമെങ്കിൽ തൃപ്രയാറിലെ അനുഗ്രഹം പ്രധാനമാണെന്ന് മോദി തിരിച്ചറിയുന്നു. ഇത് തന്നെയാണ് തൃപ്രയാറിനെ രാഷ്ട്രീയ ശ്രദ്ധയിലേക്ക് എത്തിക്കുന്നതും. സുരേഷ് ഗോപിയുടെ മകളുടെ കല്യാണ ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാകും തൃപ്രയാറിലേക്ക് മോദി പോവുക. മോദിയുടെ 'രാമനെ' കാണാനുള്ള വരവ് തൃപ്രയാറിലും ബിജെപിക്ക് അനുകൂല തരംഗമൊരുക്കുമെന്നാണ് പരിവാർ കേന്ദ്രങ്ങളുടെ പ്രതീക്ഷ.

ഗുരുവായരൂരിൽ നിന്നും തൃപ്രയാറിലേക്ക് ഏതാണ്ട് 22 കിലോമീറ്ററാണുള്ളത്. ഈ സാഹചര്യത്തിലാണ് തൃപ്രയാറിലേക്കും മോദി എത്തുന്നത്. ഇത്തവണ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി പ്രധാനമന്ത്രിയെത്തുന്നത്. ഗുരുവായൂരിൽ നാളെ രാവിലെ എട്ടിനെത്തുന്ന പ്രധാനമന്ത്രി 8.45ന് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങും. അന്ന് രാവിലെ ആറുമുതൽ ഒമ്പത് വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. 17ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ മോദി ഇറങ്ങും. റോഡ് മാർഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തും.

8.15ന് ക്ഷേത്രത്തിൽ ദർശനം നടത്തും. 20 മിനിറ്റ് നേരം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷം ക്ഷേത്രനടയിൽ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. അതിന് ശേഷം തൃപ്രയാറിലേക്ക് പോകും.