കോഴിക്കോട്: ദക്ഷിണേന്ത്യയിലും പാർട്ടിയെ ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തും മത്സരിക്കുമെന്ന വിധത്തിൽ കുറച്ചു ദിവസമായി തന്നെ പ്രചരണം നടക്കുന്നുണ്ടായിരുന്നു. മോദി വന്നാലും താൻ വിജയിക്കുമെന്ന് ശശി തരൂർ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, അത്തരം സാധ്യതകൾ കുറവാണെന്നാണ് കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്‌ദേക്കർ പറയുന്നത്.

മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹമൈന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 100 ദിവസത്തിനകം ബിജെപി നേതാക്കൾ കേരളത്തിലെ എല്ലാ വോട്ടർമാരേയും നേരിട്ട് കാണുമെന്നും ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ ചരിത്രമെഴുതുമെന്നും പ്രകാശ് ജാവദേക്കർ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇവിടെ എം എൽ.എമാർ ഇല്ലാഞ്ഞിട്ടു പോലും മലയാളികൾക്ക് മോദി വലിയ പരിഗണന നൽകുന്നു. കേരളത്തിൽ ബിജെപി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മോദിയുടെ ഗ്യാരണ്ടി കേരളത്തിൽ നടപ്പായി. കർഷകർക്കും സാധാരണക്കാർക്കും മോദി സഹായം നൽകി. ഇത്തവണ കേരളത്തിൽ ബിജെപി ലക്ഷ്യം കാണുമെന്നും അദ്ദേഹം പറഞ്ഞു. 2024 ൽ മോദി വീണ്ടും പ്രധാനമന്ത്രിയാവുമെന്നും മോദിയുടെ ഗ്യാറന്റി പറയാൻ വിഡി സതീശൻ ദൈവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തമാക്കി.

കേരളത്തിൽ മോദിയെ കൂടുതൽ പ്രചരണത്തിന് ഇറക്കി അത്ഭുതം സൃഷ്ടിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. തൃശ്ശൂർ മണ്ഡലമാണ് പ്രധാനമായും ബിജെപി ഇക്കുറി ലക്ഷ്യം വെക്കുന്നത്. രണ്ടാഴ്‌ച്ചക്കിടെ മോദി തൃശ്ശൂരിൽ എത്തിയിൽ നിന്നും തന്നെ ഇക്കാര്യം വ്യക്തമായിരുന്നു. സുരേഷ് ഗോപി തന്നയാണ് മത്സരിക്കുക എന്നതും ഉറപ്പാണ്. മോദിയുടെ രണ്ട് സന്ദർശനം കൊണ്ട് തന്നെ മണ്ഡലം ഒന്നുലഞ്ഞിട്ടുണ്ടെന്നാണ് പൊതു വിലയിരുത്തൽ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇക്കുറി എന്നതും ബിജെപിക്ക് അനുകൂല ഘടകമാണ്.

കഴിഞ്ഞ തവണ രാഹുൽ കേരളത്തിൽ മത്സരിച്ചതും കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നുമുള്ള പ്രചരണമാണ് ഗുണം ചെയ്തത്. എന്നാൽ, ഇക്കുറി ആ പ്രതീക്ഷില്ല. മോദി മൂന്നാം തവണ അധികാരത്തിലെത്തുമെന്ന് എതിരാളികൾ പോലും സമ്മതിക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ട സുരേഷ് ഗോപി മത്സരിച്ചാൽ വിജയിക്കാമെന്നും കണക്കുകൂട്ടുന്നു. ക്രൈസ്തവ സഭയും മാറി ചിന്തിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

2019 ൽ നടൻ സുരേഷ് ഗോപി മത്സരിക്കാനെത്തിയതോടെയാണ് തൃശൂർ രാഷ്ട്രീയത്തിന്റെ രൂപവും ഭാവവും മാറിയത്. മുൻ തിരഞ്ഞെടുപ്പിനേക്കാൾ 1,91,141 വോട്ടുകൾ കൂടുതൽ നേടി സുരേഷ് ഗോപി വരവറിയിച്ചതോടെ, സാധ്യതാ പട്ടികയിൽ തിരുവനന്തപുരത്തിനൊപ്പമോ അതിനേക്കാളോ പ്രാധാന്യം ബിജെപി തൃശൂരിനു നൽകിത്തുടങ്ങി. സംഘടനാ സംവിധാനത്തേക്കാൾ സുരേഷ് ഗോപി എന്ന വ്യക്തിയിലാണ് ബിജെപി ഇത്തവണ പ്രതീക്ഷ വയ്ക്കുന്നത്. കേന്ദ്രനേതൃത്വവും പിന്തുണ നൽകുന്നു. ര

ണ്ടാഴ്ചയ്ക്കിടെ പ്രധാനമന്ത്രി ഒരു സ്ഥലത്ത് രണ്ടുവട്ടം എത്തുന്നത് പതിവുള്ളതല്ല. ജനുവരി മൂന്നിനും 17 നും തൃശൂരിലെത്തിയതുവഴി, ദേശീയ നേതൃത്വം മണ്ഡലത്തിനും സുരേഷ് ഗോപിക്കും നൽകുന്ന പരിഗണനയാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ബിജെപി വിജയ പ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരത്തും തൃശൂരിലും പൊതുവായ ഘടകമുള്ളത് ന്യൂനപക്ഷ വോട്ടാണ്. രണ്ടിടത്തും ബിജെപിയുടെ മുന്നേറ്റത്തെ തടയുന്ന പ്രധാന ഘടകവും ഇതുതന്നെ. തീരദേശത്തെ ക്രൈസ്തവ, മുസ്ലിം വോട്ടുകളാണ് തലസ്ഥാനത്ത് ബിജെപിക്ക് പ്രധാന മാർഗതടസമെങ്കിൽ തൃശൂരിൽ അത് ക്രൈസ്തവ വോട്ടുകളാണ്. രണ്ടു ജില്ലകളിലെയും ന്യൂനപക്ഷ വോട്ടുകൾ കൂടുതലും ലഭിക്കുന്നത് യുഡിഎഫിനും.

ക്രൈസ്തവ സഭകൾ തൃശൂരിൽ പിന്തുണച്ചാൽ ബിജെപി അട്ടിമറി പ്രതീക്ഷിക്കുന്നു. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം പരമാവധി പ്രയോജനപ്പെടുത്തുന്നതും അതിനാൽത്തന്നെ. പ്രധാനമന്ത്രി നേരിട്ട് പിന്തുണ നൽകുന്നതിനാൽ പാർട്ടിയിൽ സുരേഷ് ഗോപിക്ക് എതിർശബ്ദങ്ങളുമില്ല. 1996 ൽ, പ്രബലനായ കെ.കരുണാകരൻ 1480 വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലചരിത്രം ബിജെപിയുടെ മുന്നിലുണ്ട്.

അഞ്ചു വർഷത്തിനിടെ വർധിച്ച വോട്ടുകളിലാണ് ബിജെപി പ്രതീക്ഷ. 2014ൽ കെ.പി.ശ്രീശൻ മത്സരിച്ചപ്പോൾ 1,02,628 വോട്ടുകളാണ് ബിജെപിക്കു ലഭിച്ചത്. 2019 ൽ സുരേഷ് ഗോപിക്ക് ലഭിച്ചത് 2,93,822 വോട്ട്. 1,91,141 വോട്ടുകൾ അധികമായി ബിജെപിയിലേക്കെത്തി. അത്തവണ ജേതാവായ കോൺഗ്രസിലെ ടി.എൻ.പ്രതാപൻ 93,633 വോട്ടുകൾക്കാണ് സിപിഐയിലെ രാജാജി മാത്യു തോമസിനെ പരാജയപ്പെടുത്തിയത്. രാജാജി 3,21,456 വോട്ടുകൾ നേടി. ടി.എൻ.പ്രതാപനും സുരേഷ് ഗോപിയുമായുള്ള വോട്ട് വ്യത്യാസം 1,21,267. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈന്ദവ വോട്ടുകൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതലായി ലഭിച്ചു. നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് വ്യക്തിപരമായും പിന്തുണ ലഭിച്ചു.

ഹൈന്ദവ വോട്ടുകൾ കൂടുതലായി നേടുന്നതിനൊപ്പം ക്രൈസ്തവ വോട്ടുകളിലെ ഒരു ഭാഗം കൂടി അടർത്തിയെടുക്കാൻ കഴിഞ്ഞാൽ വിജയിക്കാനാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. തലസ്ഥാനത്ത് രണ്ടു തവണ രണ്ടാം സ്ഥാനത്ത് ആയതിന്റെ ഒരു ഘടകം ന്യൂനപക്ഷങ്ങൾക്ക് ബിജെപി നയങ്ങളോടുള്ള എതിർപ്പായിരുന്നു. മറ്റൊന്ന് ശശി തരൂരെന്ന സ്ഥാനാർത്ഥിയും. തൃശൂരിൽ ഈ രണ്ടു ഘടകങ്ങളെയും സുരേഷ് ഗോപിയിലൂടെ മറികടക്കാമെന്നാണ് പാർട്ടിയുടെ ആത്മവിശ്വാസം.

ബിജെപി സംഘടിപ്പിച്ച 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാ സംഗമത്തിൽ പങ്കെടുക്കാനാണ് ജനുവരി മൂന്നിന് മോദി എത്തിയതെങ്കിലും ഫലത്തിൽ തിരഞ്ഞെടുപ്പു പ്രചാരണമാണ് നടന്നത്. സുരേഷ് ഗോപിയെ റോഡ് ഷോയിൽ ഒപ്പംകൂട്ടി സ്ഥാനാർത്ഥിയാരെന്ന സന്ദേശവും നൽകി. പിന്നാലെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടാഴ്ചയ്ക്കുശേഷം എത്തിയതിലൂടെ അദ്ദേഹത്തിനു കേന്ദ്ര നേതൃത്വം നൽകുന്ന പരിഗണനയും വ്യക്തമാക്കി. ക്രൈസ്തവ സഭകളെ പാർട്ടിയുമായി അടുപ്പിക്കാൻ കേന്ദ്ര നേതൃത്വം ശ്രമം നടത്തുന്നുണ്ട്. ക്രൈസ്തവ പിന്തുണയുള്ള ചെറു പാർട്ടികളെ ഒപ്പം കൂട്ടിയിട്ടും നേട്ടമുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കേന്ദ്രം നേരിട്ട് ഇടപെടുന്നത്.

നരേന്ദ്ര മോദി രണ്ടു തവണ എത്തിയ തൃശൂരിൽത്തന്നെ ഫെബ്രുവരിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ സാന്നിധ്യത്തിൽ പ്രചാരണത്തിനു തുടക്കമിടാനാണ് കോൺഗ്രസ് തീരുമാനം. കോൺഗ്രസിൽനിന്ന് സിറ്റിങ് എംപി ടി.എൻ.പ്രതാപൻ മത്സരിക്കാനാണ് സാധ്യത. അതേസമയം പ്രതാപനെതിരെ മണ്ഡലത്തിൽ ജനവികാരം ശക്തമാണ്. പഴയ ജനകീയതും പ്രതാപന് ഇല്ലെന്നതാണ് വസ്തുത.