തിരുവനന്തപുരം: രാഷ്ട്രീയ യുദ്ധത്തിന് തയ്യാറാണെന്ന സന്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരസ്ഥാനത്തിരിക്കുന്നവർ തന്നെ യുക്തിരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കൊട്ടിയും ടോർച്ചടിച്ചും ശാസ്ത്രബോധമുള്ള തലമുറയെ വളർത്തിയെടുക്കാനാകില്ല. ശാസ്ത്രം ശാസ്ത്രത്തിനു വേണ്ടിയല്ല, സമൂഹത്തിനു വേണ്ടിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തെ നേട്ടങ്ങൾക്ക് പാത്രം കൊട്ടിയടിച്ച് അഭിവാദ്യം അർപ്പിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിനെയാണ് വർഷങ്ങൾക്ക് ശേഷം പിണറായി കളിയാക്കുന്നത്.

പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതിന്റെ തലേ ദിവസമാണ് മുഖ്യമന്ത്രിയുടെ വിമർശനം. തോന്നയ്ക്കൽ ബയോ ലൈഫ് സയൻസസ് പാർക്കിൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് ലോക്ഡൗൺ സമയത്തു ജനങ്ങളോടു പാത്രം കൊട്ടാനും മറ്റും പ്രധാനമന്ത്രി നിർദേശിച്ചതു സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. "ശാസ്ത്രം സമൂഹത്തിൽ വേരോടാതിരിക്കാനുള്ള ശ്രമങ്ങൾ ചില അധികാരകേന്ദ്രങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. വെറുപ്പിന്റെ ആശയങ്ങളും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ കേരളത്തിൽ വേരോടാത്തത് പണ്ടുമുതൽ തന്നെ നിഷ്‌കർഷത വച്ചതിനാലാണെന്നും പിണറായി പറയുന്നു.

ദൈവദശകത്തിനൊപ്പം സയൻസ് ദശകവും ഉണ്ടായ നാടാണിത്. ആരാധനാലയങ്ങളല്ല, വിദ്യാലയങ്ങളാണ് ഉയരേണ്ടതെന്ന ഉത്‌ബോധനം ഉണ്ടായ നാടാണിത്. ശാസ്ത്രത്തെ നോക്കുകുത്തിയാക്കി ആൾദൈവങ്ങളെ ആദരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ജനകീയ കല പോലെ ശാസ്ത്രത്തെയും പ്രചരിപ്പിക്കണം. ശാസ്ത്രം കൊള്ളലാഭത്തിനുള്ള ഉപാധിയാകരുത്. ശാസ്ത്രീയ അടിത്തറയുള്ളതു കൊണ്ടാണ് വിദ്വേഷ രാഷ്ട്രീയം കേരളത്തിലോടാത്തത്. ഉത്തരവാദപ്പെട്ടവർ ശാസ്ത്ര വിരുദ്ധത പറയുകയാണ്. മതമാണ് രാജ്യപുരോഗതിക്കുള്ള വഴിയെന്ന് പ്രചരിപ്പിക്കുന്ന ഇതിന്റെ ഫലം പാരതന്ത്ര്യമാണ്" മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ഇതിൽ പറഞ്ഞു വയ്ക്കുന്നത് ബിജെപിക്കെതിരായ രാഷ്ട്രീയമാണ്.

വെറുപ്പിന്റെ ആശയങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ പുതിയ സമരമുഖം തുറക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. ശാസ്ത്രാവബോധവും യുക്തി ചിന്തയും വളർത്തേണ്ടതും പ്രചരിപ്പിക്കേണ്ടതും അനിവാര്യമായ സവിശേഷ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് മതേതര മൂല്യങ്ങൾ ആക്രമിക്കപ്പെടുന്നതിനൊപ്പം സമൂഹത്തിൽ വിഭാഗീയത സൃഷിടിക്കാനുള്ള ശ്രമങ്ങളും വർധിച്ചുവരികയാണ്. ശാസ്ത്ര ബോധമുള്ള, ശാസ്ത്രീയതയിൽ അധിഷ്ഠിതമായ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പ്രയാസമാണ്. അതുകൊണ്ടാണ് ചില അധികാര കേന്ദ്രങ്ങൾ ശാസ്ത്രം സമൂഹത്തിൽ വേരോടാതിരിക്കാൻ ആകാവുന്നതെല്ലാം ചെയ്യുന്നത്-മുഖ്യന്ത്രിയുടെ ഈ വാക്കുകളും കേന്ദ്ര സർക്കാരിനെ പരോക്ഷമായി കളിയാക്കുന്നതാണ്.

അയോധ്യയയേും മറ്റും ചർച്ചയാക്കിയാണ് പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയ യാത്ര. ഇതെല്ലാം മനസ്സിൽ വച്ചാണ് മുഖ്യമന്ത്രിയുടെ വിമർശനം. കേരളത്തിലെത്തുമ്പോൾ മോദിയുടെ ശ്രദ്ധയിലും ഈ വിമർശനങ്ങളെത്തും. ഇതിന് മോദി എങ്ങനെ പ്രതികരിക്കുമെന്നതാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന കൗതുകം. പിണറായിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണവും കരുവ്ന്നൂരിലെ ഇഡി ഇടപെടലുമെല്ലാം സംസ്ഥാന സർക്കാരിനെ പ്രകോപിപ്പിക്കുന്നുണ്ട്. ഇതെല്ലാം പിണറായിയുടെ പ്രസംഗത്തെ സ്വാധീനിച്ച ഘടമായി ബിജെപിയും കരുതുന്നു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ ചുവടെ

വെറുപ്പിന്റെ ആശയങ്ങളും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ അവബോധം വളർത്തുന്നതിനു പകരം അധികാരസ്ഥാനത്തുള്ളവർതന്നെ ശാസ്ത്രവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഇതിനു നിരവധി ഉദാഹരണങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ടിവിടെ പ്ലാസ്റ്റിക് സർജറി ഉണ്ടായിരുന്നുവെന്നും പശു ശ്വസിക്കുമ്പോൾ ഓക്സിജൻ പുറത്തുവിടുന്നുവെന്നും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർതന്നെ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പണ്ടേതന്നെ ശാസ്ത്ര ബോധത്തിൽ പ്രത്യേക നിഷ്‌കർഷ വെച്ചതുകൊണ്ടാണ് ഇത്തരം ശ്രമങ്ങൾ കേരളത്തിൽ വിജയിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹോദരൻ അയ്യപ്പന്റെ കാലത്തു സയൻസിന്റെ പ്രധാന്യം കവിതയിലൂടെ പഠിപ്പിച്ച ചരിത്രമാണ് നമുക്കുള്ളത്. ദൈവ ദശകത്തിനൊപ്പം സയൻസ് ദശകവുമുണ്ടായ നാടാണിത്. സമൂഹമെന്ന നിലയിൽ കേരളം ഒറ്റക്കെട്ടായി നിന്ന് ശാസ്ത്ര വിരുദ്ധതയെ പരാജയപ്പെടുത്തുന്നു. വിദ്വേഷത്തിന്റെ രാഷ്ട്രീയം ഇവിടെ വേരോടാത്തത് ശാസ്ത്ര അടിത്തറയുള്ളതുകൊണ്ടാണെന്നും ഇത് വിദ്വേഷത്തിന്റെ രാഷ്ട്രീയമുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രത്തെ സംരക്ഷിക്കാൻ വലിയ ജനകീയ പ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരം സമരങ്ങൾക്കും ബോധവത്കരണത്തിനും വേണ്ട അധികാരം ഭരണഘടനതന്നെ തരുന്നുണ്ട്. ആ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ് യാർഥ രാജ്യസ്നേഹികൾ ചെയ്യേണ്ടത്. ശാസ്ത്രബോധം വളർത്തണം എന്നാവശ്യപ്പെടുന്ന ഭരണഘടന പ്രകാരം സ്ത്യപ്രതിജ്ഞ ചെയ്തവർതന്നെ

ശാസ്ത്രബോധം തകർക്കുന്ന യുക്തിരഹിതമായ പ്രസ്താവനകൾ നടത്തുന്നു. കേരളം ഭരണഘടനാപരമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. അതിന്റെ ഭാഗമാണ് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള. കേരളത്തിന്റെ ഓരോ കോണിലും ശാസ്ത്ര പ്രചാരണ സംവിധാനങ്ങൾ നിലവിൽ വരുത്തുക. അവയെല്ലാം പൊതു സമൂഹത്തിന് ഉപയോഗപ്പെടുന്ന രീതിയിൽ വളർത്തുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യം. ശാസ്ത്രാവബോധമുള്ള തലമുറ നാടിന്റെ സമ്പത്താണ്. അവർക്കു മാത്രമേ നാടിനെ പുരോഗതിയിലേക്കു നയിക്കാനാകൂ. പാട്ടകൊട്ടിയും ടോർച്ചടിച്ചും ശാസ്ത്രബോധമുള്ള സമൂഹത്തെ വളർത്താൻ കഴിയല്ല. ഇത്തരം അബദ്ധങ്ങൾ ഉത്തരവാദപ്പെട്ടവർതന്നെ പ്രചരിപ്പിക്കുമ്പോൾ അവയിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്ന ശാസ്ത്രീയമായ വിശദീകരണവുമായി രംഗത്തുവരാനുള്ള സാമൂഹികമായ ഉത്തരവാദിത്വം ശാസ്ത്രവുമായി ചേർന്നു നിൽക്കുന്ന എല്ലാവർക്കുമുണ്ട്. അവരത് ഏറ്റെടുക്കണമെന്നും വെറുപ്പിന്റെ ആശയങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായി പൊതു സമൂഹത്തിന്റെ മനസാക്ഷി ഉണർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏതാണ്ട് 35 ലക്ഷം വർഷം മുൻപ് ഇരുകാലിൽ നിവർന്ന് നിന്നവർ മുതൽ ആസ്റ്റ്രലോപിത്തക്കസ് അഫരൻസിസ്, ഹോമോ ഹാബിലിസ്, ഹോമോ ഇറക്ടസ്, ഹോമോ എർഗസ്റ്റർ, നിയാണ്ടർത്താൽ എന്നിങ്ങനെ പല സായൻസിക അറിവുകളുടെയും കലയുടെയും സംയോജനം വഴി പുനർനിർമ്മിച്ചെടുക്കപ്പെട്ട പൂർവിക കുടുംബാംഗങ്ങളുടെ രൂപങ്ങൾ അനാച്ഛാദനം ചെയ്തുകൊണ്ടാണ് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്.