- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പിന്റെ വിവരങ്ങൾ കയ്യിലുണ്ട്
പാലക്കാട്: കേരളത്തിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ ശക്തമായ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടി.എൻ. സരസുവിനെ ഫോണിൽ വിളിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അടക്കം നടപടി എടുക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇഡി പിടിച്ചെടുത്ത പണം, സമ്പാദ്യം നഷ്ടപ്പെട്ട പാവപ്പെട്ടവർക്ക് തിരികെ നൽകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി സരസുവിന്റെ പ്രചാരണത്തിന്റെ വിവരങ്ങളും തേടി.
എൻഡിഎ വനിതാ സ്ഥാനാർത്ഥികളെ ഫോണിൽ വിളിച്ച് തിരഞ്ഞെടുപ്പ് വിവരങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ടി.എൻ. സരസുവുമായുള്ള മോദിയുടെ സംഭാഷണം. സംസാരത്തിനിടെ, കേരളത്തിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച വിഷയം സരസു പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ചില വിവരങ്ങൾ തന്റെ പക്കലുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. സഹകരണ ബാങ്കുകളിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം അർഹതപ്പെട്ടവർക്ക് തിരികെ നൽകുമെന്നും അതിനുള്ള നിയമോപദേശം തേടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സാധാരണക്കാരുടെ വിഷയം ഉന്നയിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ടി.എൻ. സരസുവിനോട് പറഞ്ഞ അദ്ദേഹം, തട്ടിപ്പിൽ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുവന്നൂർ ഉൾപ്പെടെ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളിൽ ഇഡി പിടിമുറുക്കുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിനുപിന്നാലെ കരുവന്നൂർ തട്ടിപ്പുകേസിൽ ആരോപണവിധേയരായ സിപിഎം നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
എസ്എഫ്ഐയുടെ ക്രൂരതകൾക്ക് ഇരയായവർക്ക് വേണ്ടിയാണ് തന്റെ സ്ഥാനാർത്ഥിത്വം എന്ന് ഡോ. ടി എൻ സരസു പറഞ്ഞിരുന്നു. 2016ൽ വിക്ടോറിയ കോളേജിൽ എസ്എഫ്ഐ തന്നോട് ചെയ്തത് ക്രൂരത. ഇപ്പോൾ സിദ്ധാർത്ഥന്റെ മരണത്തിൽ കാണുന്നതും എസ്എഫ്ഐയുടെ ക്രൂരതയാണ്. സിദ്ധാർത്ഥന്റെ മരണം തെരഞ്ഞെടുപ്പിൽ ചർച്ചയാവും. തന്റെ കഴിവും അറിവും മണ്ഡലത്തിന് വേണ്ടി ഉപയോഗിക്കും. ആലത്തൂരിൽ തനിക്ക് വലിയ പിന്തുണ ലഭിക്കുമെന്നും ടി എൻ സരസു പറഞ്ഞു. 2016ൽ വിക്ടോറിയ കോളേജിൽ പ്രിൻസിപ്പൽ ആയിരുന്ന സരസുവിനെതിരെ എസ്എഫ്ഐ പ്രവർത്തകർ കുഴിമാടം തീർത്തിരുന്നു