തൃശൂർ: തൃശ്ശൂരിനെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗവും. മലയാളത്തിൽ സംസാരിച്ചു തുടങ്ങിയ മോദി തന്റെ പതിവുശൈലിയിൽ പിന്നീട് കത്തിക്കയറുകയായിരുന്നു. നിരവധി ഉന്നത സ്ത്രീകൾക്ക് ജന്മം നൽകിയ നാടാണ് കേരളമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൃശൂരിൽ 'സ്ത്രിശക്തി മോദിക്കൊപ്പം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.

''കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ ഇത്രയും അധികം സ്ത്രീകൾ എന്നെ അനുഗ്രഹിക്കാൻ എത്തിയതിൽ സന്തോഷമുണ്ട്. കാശിയുടെ പാർലമെന്റ് അംഗമാണ് ഞാൻ. കാശി ഭഗവാൻ ശിവന്റെ മണ്ണാണ്. അവിടെനിന്നും വടക്കും നാഥന്റെ മണ്ണിലേക്ക് എത്തിയത് അനുഗ്രഹമായി കാണുന്നു. തുടർന്ന് കേരളക്കരയിലെ ചരിത്ര വനിതകളെയും അദ്ദേഹം എടുത്തു പറഞ്ഞു.

കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളുടെ നാടാണ് കേരളം. കാർത്യായനി അമ്മ, ഭഗീരധിയമ്മ തുടങ്ങി നിരവധിപ്പേർക്ക് ജന്മം നൽകിയ നാടാണ് കേരളം. ആദിവാസി നഞ്ചിയമ്മ, അവർ അത്ഭുത കലാകാരിയാണ്. അവർ ദേശീയ അവാർഡ് വരെ േനടി. അഞ്ജു ബോബി ജോർജ്ജിനെയും പി.ടി. ഉഷയെപ്പോലെയുള്ളവരെയും സൃഷ്ടിച്ച നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് മോദിയുടെ ഗ്യാരന്റികളെയും എടുത്തു പറഞ്ഞു.

ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത് മോദിയുടെ ഗ്യാരന്റിയെക്കുറിച്ചാണ്. ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകൾക്ക് സംവരണം നൽകുന്നത് തീരുമാനമെടുക്കാതെ വച്ചു. എന്നാൽ ഈ സർക്കാർ അതിൽ തീരുമാനമെടുത്തു. നാരീശക്തി നിയമമാക്കി. മുത്തലാഖ് മൂലം മുസ്ലിം സ്ത്രീകൾ ബുദ്ധിമുട്ടി. അതിൽനിന്നും അവരെ മോചിപ്പിക്കാൻ ബിജെപി സർക്കാരിനായി. ഈ നാട്ടിലെ ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരുെട പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ലക്ഷ്യം വയ്ക്കുന്നതന്നും അദ്ദേഹം പറഞ്ഞു.

മൊഴിമാറ്റിയുള്ള പ്രസംഗത്തിനുശേഷം ഓരോ തവണയും പ്രസംഗം ആരംഭിക്കുമ്പോഴും മോദി കേരളത്തിലെ അമ്മമാരെ, സഹോദരിമാരെയെന്ന് മലയാളത്തിൽ അഭിസംബോധനം ചെയ്തു. എൻഡിഎ സർക്കാരിന് നാല് ജാതികളാണ് പ്രധാനം. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്തീകൾ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങൾക്കും സർക്കാർ സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ്. ഇടത്,കോൺഗ്രസ് കാലത്ത് ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ലെന്നും മോദി പറഞ്ഞു.

'മോദിയുടെ ഗ്യാരണ്ടികൾ' ഓരോന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെക്കുറിച്ചുള്ള പരാമർശിച്ചത്. 10 വർഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിത സുരക്ഷിതമാക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്.12 കോടി കുടുംബങ്ങൾക്ക് ശൗചാലയം മോദിയുടെ ഗ്യാരണ്ടിയുടെ ഗ്യാരണ്ടിയാണ്. സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് സംവരണം, നിയമ പാർലമെന്റുകളിൽ വനിതാ സംവണവും മോദിയുടെ ഗ്യാരണ്ടി. പ്രധാനമന്ത്രി വിശ്വകർമ്യോജനയിലൂടെ സ്ത്രീകൾക്ക് ഉന്നമനം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം എന്നിവയെല്ലാം മോദിയുടെ ഗ്യാരണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ പ്രസംഗത്തിനൊപ്പം മലയാളത്തിൽ മോദിയുടെ ഗ്യാരണ്ടി എന്ന് സദസും ഏറ്റുപറഞ്ഞു.

സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിക്കായി എത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയശേഷമാണ് വേദിയിലെത്തിയത്. സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ ഒന്നര കിലോമീറ്ററിലായുള്ള റോഡ് ഷോയിൽ ആയിരങ്ങളെയാണ് മോദി അഭിവാദ്യം ചെയ്തത്. തുടർന്ന് വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സദസ്സിനെ അഭിവാദ്യം ചെയ്തു. തുടർന്ന് വേദിയിലുണ്ടായിരുന്ന അതിഥികളെ ഹസ്തദാനം ചെയ്തു. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് നരേന്ദ്ര മോദിയുടെ പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്.

നേരത്തെ തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നും തുറന്ന ജീപ്പിൽ മോദിയുടെ റോഡ് ഷോ നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സുരേഷ് ഗോപി എന്നിവരാണ് മോദിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നത്. പുഷ്പവൃഷ്ടിയോടെ പ്രവർത്തകർ മോദിയെ സ്വീകരിച്ചു. വാഹനത്തിലൂടെ അൽപ്പദൂരം സഞ്ചരിച്ചശേഷം അദ്ദേഹം പ്രത്യേകം തയാറാക്കിയ വഴിയിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് നടന്നു. ആയിരക്കണക്കിന് വനിതാ പ്രവർത്തകരാണ് പരിപാടിയിൽ അണിനിരന്നിരിക്കുന്നത്.

മഹിളകളെ എല്ലാ മേഖലകളിലും പിടിച്ചുയർത്തുകയാണ് പ്രധാനമന്ത്രിയെന്ന് അധ്യക്ഷപ്രസംഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. 'സ്ത്രീ ശക്തി മോദിക്കൊപ്പം' പരിപാടിയുടെ വേദിയിലെത്തിയ നടി ശോഭന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രകീർത്തിച്ചു. വനിത ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിയെന്നാണ് വേദിയിൽ സംസാരിച്ച ശോഭന പറഞ്ഞത്. മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. തേക്കിൻകാട് മൈതാനത്ത നടക്കുന്ന മഹിളാ സമ്മേളനമായ 'സ്ത്രീ ശക്തി മോദിക്കൊപ്പം' പരിപാടിയിൽ ശോഭനയ്‌ക്കൊപ്പം നിരവധി പ്രശസ്ത വനിതകളാണ് പങ്കെടുക്കുന്നത്. പി ടി ഉഷ, മിന്നു മണി തുടങ്ങിയവർ വേദിയിലുണ്ട്. ഇതിനൊപ്പം തന്നെ പെൻഷൻ പ്രശ്‌നത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടിയും വേദിയിലെത്തി.