- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പിന് മുമ്പ് മോദി മൂന്നുവട്ടം കൂടി കേരളത്തിൽ
തിരുവനന്തപുരം: തൃശ്ശൂര് കണ്ട് ആരും പനിക്കേണ്ടെന്നും മത്സരിച്ചാൽ മിഠായിത്തെരുവിൽ ഹലുവ കൊടുത്തത് പോലെയാകുമെന്നും മോദിക്ക് മറുപടി പറഞ്ഞത് മന്ത്രി കെ രാജനാണ്. തൃശ്ശൂരിൽ സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചെന്ന വാർത്തയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി: '...എന്തായാലും തൃശ്ശൂർ കണ്ട് ആരും പ്രത്യേകമായി ഒന്നും കരുതേണ്ട. മിഠായിത്തെരുവിൽ ഹലുവ കൊടുത്തപോലെയാകും. മത്സരിച്ചാൽ വിവരം അറിയും'. ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെയാണ് തൃശൂർ തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിച്ച 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്യാൻ മോദി ശക്തന്റെ തട്ടകത്തിലെത്തിയത്. 2 ലക്ഷത്തോളം സ്ത്രീകൾ പങ്കെടുത്ത സമ്മേളനത്തിന് മുന്നോടിയായി റോഡ് ഷോയിലും മോദി പങ്കെടുത്തിരുന്നു. ഏതായാലും തിരഞ്ഞെടുപ്പിന് മുമ്പ് മൂന്നുതവണ കൂടി മോദി കേരളത്തിൽ എത്തുമെന്നാണ് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് ബിജെപി തീരുമാനിച്ചുറപ്പിച്ചുതന്നെയെന്ന സന്ദേശമാണ് സിപിഎം അടക്കം മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്നത്.
മോദിയുടെ തൃശൂർ സന്ദർശനം ബിജെപി അണികളെ ആവേശഭരിതരാക്കിയെന്ന കാര്യത്തിൽ സംശയം വേണ്ട. ആ പുത്തനുണർവ്വ് മുതലാക്കാൻ തന്നെയാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ജനുവരിയിൽ ഒരു തവണയും ഫെബ്രുവരിയിൽ രണ്ട് തവണയും പ്രധാനമന്ത്രി കേരളത്തിലെത്തിമെന്നാണ് സൂചന. കൊച്ചിൻ ഷിപ്പ് യാർഡ്, ദേശീയ പാത, കൊച്ചി മെട്രോ എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് പരിപാടികളിലാവും അദ്ദേഹം പങ്കെടുക്കുകയെന്ന് ബിജെപി. വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്തത്.
തൃശ്ശൂരിൽ പ്രധാനമന്ത്രിയുടെ റോഡ്ഷോയും മഹിളാസമ്മേളനവും വലിയ വിജയമാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. തൃശ്ശൂരിലേത് പാർട്ടി പരിപാടി ആയിരുന്നെങ്കിൽ ഇനി വരുന്നത് വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ഔദ്യോഗിക സന്ദർശനമായിരിക്കും. എന്നിരുന്നാലും മോദിയുടെ സാന്നിധ്യം ഇതുവരെയുണ്ടായ ഉത്സാഹം നിലനിർത്തി കൊണ്ടുപോകാൻ സഹായിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.
സ്ത്രീസംഗമത്തിൽ പ്രഖ്യാപിച്ച 'മോദിയുടെ ഗ്യാരന്റി' കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി മുദ്രാവാക്യമാകും. തിരഞ്ഞെടുപ്പിൽ ആറു മണ്ഡലങ്ങളിൽ പ്രത്യേക ഊന്നൽ നൽകുമെങ്കിലും തൃശൂരും ആറ്റിങ്ങലുമാണ് മുൻപന്തിയിൽ. തൃശൂരിൽ സുരേഷ് ഗോപിയും, ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി മുരളീധരനുമാണ് സ്ഥാനാർത്ഥികൾ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് ഒ രാജഗോപാൽ തോറ്റതോടെ, ബിജെപി ഇത്തവണ ലോക്സഭയിൽ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. തൃശ്ശൂരിൽ സുരേഷ് ഗോപിയെ മുൻനിർത്തിയുള്ള പ്രചാരണങ്ങൾക്ക് തുടക്കമിട്ടതും അതുലാക്കാക്കി തന്നെ.
2019 ലെ പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎ 19 സീറ്റിൽ മൂന്നാം സ്ഥാനത്തായിരുന്നു. ഒരുസീറ്റിൽ മാത്രം രണ്ടാം സ്ഥാനത്തും. ആകെ 15.64 ശതമാനം വോട്ടുവിഹിതം മാത്രം. 19 സീറ്റിൽ ജയിച്ച യുഡിഎഫ് 47.48 ശതമാനവും, ഒരു സീറ്റിൽ ജയിച്ച എൽഡിഎഫ് 36.29 ശതമാനം വോട്ടും നേടിയിരുന്നു.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ, 2016 നെ അപേക്ഷിച്ച് ബിജെപി വോട്ടുവിഹിതം 2.20 ശതമാനം ഇടിഞ്ഞ് 12.36 ശതമാനമായി താഴ്ന്നു. ഉള്ള സീറ്റ് നഷ്ടമാവുകയും ചെയ്തു.