കോതമംഗലം: കേന്ദ്രസർക്കാറിനെതിരെ സിപിഎം നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങളാണ് സർക്കാറിനെ വിമർശിക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു അടിച്ചമർത്തുന്നു എന്ന്. ഇഡിയുടെ വേട്ടയാടൽ ആരോപിച്ചു സിപിഎം പലതവണ സമരങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കേരളത്തിൽ പിണറായി വിജയൻ കേന്ദ്രത്തിന്റെ അതേ ശൈലിയാലാണ് മുന്നോട്ടു പോകുന്നതെന്ന വിമർശനം കുറച്ചുകാലമായി തന്നെയുണ്ട്. സിപിഎമ്മിനെതിരെ തിരിയുന്ന രാഷ്ട്രീയ എതിരാളികളെയും മാധ്യമങ്ങളെയും വേട്ടയാടുന്ന ശൈലിയിലാണ് കേരള സർക്കാറിന്റെ മുന്നോട്ടു പോക്ക്.

ഇപ്പോൾ വീണ വിജയന്റെ മാസപ്പടി വിവാദം തെളിവുകൾ സഹിതം പുറത്തുവന്നതോടെ വിഷയം വിശദമായി ഉന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎക്കെതിരായണ് സിപിഎം രംഗത്തുവന്നിരിക്കുന്നത്. സംഘടിതമായി തന്നെ മാത്യുവിനെ ആക്രമിക്കുന്ന ലൈനിലേക്ക് സിപിഎം മാറിക്കഴിഞ്ഞു. ദേശാഭിമാനി പത്രത്തിൽ മാത്യുവിനെതിരെ വാർത്ത എഴുതി പിന്നാലെ നേതാക്കൾ ഒന്നിനും പിറകേ മറ്റൊന്നായി ആരോപണങ്ങളുമായി രംഗത്തുവരികയാണ്.

മാത്യുവിന്റെ കുടുംബ വീട്ടിൽ അടക്കം പരിശോധനക്കാണ് ഇപ്പോഴത്തെ നീക്കം. മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയിലാണ് നടപടിയുണ്ടാവുക. നാളെ രാവിലെ 11നാണ് റീസർവേ നിശ്ചയിച്ചിരിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേ നടത്തുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഇത് കൃത്യമായ രാഷ്ട്രീയ പകപോക്കലാണെന്ന കാര്യം വ്യക്തമാണ്.

ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തെ തർക്കം ഉണ്ടായിരുന്നു. സർവേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടൻ എം എൽ എയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മാത്യു കുഴൽനാടൻ തന്റെ കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചിരുന്നു. ഈ നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായെത്തിയിരുന്ന്. നാട്ടുകാരുടെ പരാതിയിന്മേലാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്. നേരത്തെ വിഷയത്തിൽ ഉയർന്ന ആരോപണങ്ങൾക്ക് ചുട്ട മറുപടി നൽകി മാത്യു രംഗത്തുണ്ടായിരുന്നു.

എന്നാൽ കോതമംഗലത്തെ കുടുംബവീടിനോട് ചേർന്ന സ്ഥലം പിഡബ്യുഡിക്ക് റോഡ് നിർമ്മിക്കാൻ വിട്ടുനൽകിയെന്നാണ് മാത്യു കുഴൽനാടൻ വ്യക്തമാക്കിയത്. സ്ഥലത്ത് റോഡ് നിർമ്മിച്ചതിന് പിന്നാലെ തന്റെ വീട്ടിലേക്ക് വാഹനങ്ങൾ കയറ്റാൻ സാധിക്കാത്ത അവസ്ഥയുണ്ടായി. അവിടെ റോഡ് വെട്ടിയിരുന്നു. അതിനെതിരെയാണ് ചിലർ പരാതി ഉന്നയിച്ചതെന്നാണ് എംഎൽഎ വ്യക്തമാകുന്നത്.

ഈ വിഷയമെല്ലാം ഇപ്പോൾ പൊന്തി വരാൻ കാരണം മാത്യു മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉന്നയിച്ചതാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പു വേളയിൽ ഈ വിഷയവും ചർച്ചയായി ഉയർന്നു വരുന്നുണ്ട്. ഇന്നലെ മാത്യു നടത്തിയ വാർത്താസമ്മേളനം അടക്കം സിപിഎമ്മിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതോടെ വീണ്ടും കോൺഗ്രസ് എംൽഎക്കെതിരെ ആരോപങ്ങളുമായി രംഗത്തുണ്ട്.

മാത്യു കുഴൽനാടൻ എംഎൽഎയുടെ ചിന്നക്കനാലിലെ റിസോർട്ടിൽ പാർപ്പിട ആവശ്യത്തിന് നിർമ്മിച്ച രണ്ട് കെട്ടിടങ്ങൾ റിസോർട്ടിന്റെ ഭാഗമാക്കിയാണെന്നാണ് ഇതിൽ ഉയർന്നിരിക്കുന്ന ഒരു ആരോപണം. 2018 ലാണ് ഈ കെട്ടിടങ്ങൾ പണിതത്. ചിന്നക്കനാൽ പഞ്ചായത്ത് റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകുകയും ചെയ്തു. ചിന്നക്കനാലിൽ കപ്പിത്താൻസ് ഡെയ്ൽ എന്ന പേരിലാണ് മാത്യു കുഴൽനാടനും പത്തനംതിട്ട സ്വദേശികളായ രണ്ട് പേരും ചേർന്ന് റിസോർട്ട് നടത്തുന്നത്. മൂന്ന് കെട്ടിടങ്ങളാണ് ഇവിടുള്ളത്.

4000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള രണ്ട് ഇരുനില കെട്ടിടങ്ങളുമാണിവ. വലിയ കെട്ടിടം റിസോർട്ട് ആവശ്യത്തിനും ഇരുനില കെട്ടിടങ്ങൾ പാർപ്പിട ആവശ്യത്തിനും നിർമ്മിച്ചതാണെന്നാണ് പഞ്ചായത്ത് രേഖകളിലുള്ളത്. രണ്ട് പേർക്ക് വീട് വയ്ക്കുന്നതിനാണ് റവന്യൂ വകുപ്പ് എൻഒസി നൽകിയതും. 2022 ഫെബ്രുവരി ഏഴിനാണ് ഈ രണ്ട് കെട്ടിടങ്ങൾ മാത്യു കുഴൽനാടൻ ഉൾപ്പെട്ട സംഘത്തിന്റെ പേരിൽ ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആധാര പ്രകാരം പതിനെട്ട് ലക്ഷത്തി എൺപത്തി നാലായിരം രൂപക്കാണ് വാങ്ങിയിരിക്കുന്നത്. എന്നാൽ ഇതിന് മുൻപ് തന്റെ കൈവശം ഈ റിസോർട്ടുൾപ്പെടെയുള്ള ഭൂമിയുണ്ടായിരുന്നുവെന്ന് മാത്യു കുഴൽനാടൻ തന്നെ സമ്മതിച്ചിരുന്നു.

വീട് വയ്ക്കാൻ എൻഒസി വാങ്ങിയ കെട്ടിടം റിസോർട്ടിനായി ഉപയോഗിച്ചതിലൂടെ ഭൂപതിവ് ചട്ടങ്ങളുടെ ലംഘനം നടത്തിയെന്ന ആരോപണമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. 2014 നു ശേഷം ചിന്നക്കനാൽ ഉൾപ്പെടെയുള്ള എട്ടു വില്ലേജുകളിൽ റവന്യൂ വകുപ്പിന്റെ എൻഒസി വാങ്ങിയ ശേഷമേ കെട്ടിടം നിർമ്മിക്കാനാകൂ. പട്ടയത്തിലെ വ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ വീട് വയ്ക്കുന്നതിനു മാത്രമാണ് ഇപ്പോൾ എൻഒസി നൽകുന്നത്. പലരും വീട് വയ്ക്കുന്നതിനായി എൻഒസി വാങ്ങി കെട്ടിടം പണിത ശേഷം വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നുമുണ്ട്. പുതിയ വീട് പണിയുന്നതിന് എൻഒസി അനുവദിക്കണമെന്നവശ്യപ്പെട്ട് ഉടുമ്പൻചോല തഹസിൽദാർക്ക് അപേക്ഷയും നൽകിയിട്ടുണ്ട്. അനുമതി നൽകാമെന്ന് കാണിച്ച് തഹസിൽദാർ റിപ്പോർട്ടും നൽകി.