തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി എം ടി വാസുദേവൻ നായർ രംഗത്ത് വന്നത് ചർച്ചയായിരിക്കുകയാണ്. മുഖ്യമന്ത്രിയെയോ ഇടതു സർക്കാറിനെയോ പേരു പറയാതെയാണ് നിലവിലെ സമൂഹിക സാഹചര്യങ്ങളെ കുറിച്ച് എം ടി വിമർശനം ഉന്നയിച്ചത്. കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോൽസവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവൻ നായർ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് പതിവില്ലാത്ത വിധം എംടി തുറന്നടിച്ചത്. തന്റെ പ്രസംഗത്തിൽ എം ടി വിശദീകരണം നൽകി.

തന്റെ പ്രസംഗം മാധ്യമങ്ങൾ വിവാദമാക്കുന്നതിൽ അർത്ഥമില്ലെന്ന് എം ടി വാസുദേവൻ നായർ ഒരു മാധ്യമത്തോട് പ്രതികരിച്ചു. തന്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയേയോ ഉദ്ദേശിച്ചല്ലെന്ന് എം ടി പറഞ്ഞു. റഷ്യയിലേതടക്കമുള്ള സാഹചര്യങ്ങൾ പരാമർശിച്ചതിന്റെ അർത്ഥം മലയാളം അറിയുന്നവർക്ക് മനസിലാകും. ഇതു സംബന്ധിച്ച വിവാദത്തിനും ചർച്ചയ്ക്കും താനും തന്റെ പ്രസംഗവും ഉത്തരവാദിയല്ലെന്നും എം ടി വ്യക്തമാക്കി.

അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാം. അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യൻ വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി പറഞ്ഞു.

തെറ്റ് പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്ന് പറഞ്ഞ എം ടി, ഇക്കാര്യത്തിൽ ഇഎംഎസിനെയാണ് ഉദാഹരിച്ചത്. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കൽപ്പത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാഞ്ഞതും അതുകൊണ്ടു തന്നെയാണെന്നും എം ടി പറഞ്ഞു. എംടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടൻ പിണറായി വേദി വിട്ടു. പ്രശസ്ത സാഹത്യകാരൻ കെ സച്ചിദാനന്ദൻ, പ്രശ്സത നർത്തകി മല്ലിക സാരാഭായ് മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.

അതേസമയം എം ടി.വാസുദേവൻനായർ നടത്തിയ പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്തുവെന്നും ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചവരാണത് ചെയ്തതെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു . പിണറായി മഹാനാണ്. ജനങ്ങൾക്ക് പിണറായിയോട് വീരാരാധനയാണ്. തനിക്കും മറ്റ് പലർക്കും അങ്ങിനെതന്നെയാണെന്നും ജയരാജൻ പറഞ്ഞു. എം ടി.നടത്തിയ വിമർശനം കേന്ദ്രസർക്കാരിനെതിരെയാണെന്നും ജയരാജൻ ബേപ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.