മലപ്പുറം: മൊബൈലിൽ ഭീഷണിപ്പെടുത്തിയ ലീഗ് പ്രവർത്തകനെിരെ മൊഴി നൽകി പാണക്കാട് മുഈനലി തങ്ങൾ. മലപ്പുറം പൊലീസ് സ്റ്റേഷനിൽ ഹാജരായാണ് മുഈനലി തങ്ങൾ ഭീഷണി സന്ദേശം മുഴക്കിയ ആൾക്കെതിരെ മൊഴി നൽകിയത്. റാഫി പുതിയകടവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മൊഴി രേഖപ്പെടുത്താനാണ് തങ്ങൾ ഹാജരായത്. മുഈനലി തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ പ്രശ്നം ഉണ്ടാക്കുമെന്നായിരുന്നു റാഫിയുടെ ഭീഷണി.

"റാഫിയുടെ പശ്ചാത്തലം എനിക്കറിയില്ല. അദ്ദേഹം സ്ഥിരമായി മെസേജ് അയക്കാറുണ്ട്, എല്ലാ കാര്യവും പൊലീസിനെ ഏൽപ്പിച്ചിട്ടുണ്ട്. ഭീഷണിക്ക് കാരണം എന്തെന്ന് അറിയില്ല. ഒരാൾ ഫോണിൽ വിളിച്ച് വീൽചെയറിൽ ഇരുത്തുമെന്ന് പറഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പരാതിയൊക്കെ കൊടുത്തു. ഭീഷണിക്ക് പിന്നിൽ പ്രേരണയുണ്ടോ എന്നതൊക്കെ പൊലീസ് അന്വേഷിക്കണം- മുഈനലി തങ്ങൾ പറഞ്ഞു.

റാഫിയുടെ ഓഡിയോ സന്ദേശമടക്കമാണ് തങ്ങൾ മലപ്പുറം പൊലീസിൽ പരാതി നൽകിയത്. മുഈനാലി തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ പ്രശ്നം ഉണ്ടാക്കുമെന്നാണ് ഭീഷണി. 'തങ്ങളേ, നിങ്ങൾ ഈ പോക്ക് പോകുകയാണെങ്കിൽ വീൽചെയറിൽ പോകേണ്ട ഗതി ഉണ്ടാകും. തങ്ങൾ കുടുംബത്തിലായതിനാൽ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. സമുദായ നേതാക്കളെയും പാർട്ടി നേതാക്കളെയും വെല്ലുവിളിച്ച് പോകുകയാണെങ്കിൽ നിങ്ങൾ വീൽചെയറിൽ തന്നെ പോകേണ്ടി വരും. നിങ്ങൾക്കിനി പുറത്തിറങ്ങാൻ പറ്റില്ല. അത്തരത്തിലാണ് ഞങ്ങൾ നീങ്ങുന്നത്. നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകുകയാണെങ്കിൽ വധഭീഷണിയാണിത്' -ഭീഷണി സന്ദേശത്തിൽ പറയുന്നു.

മുസ്ലിം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിൽ ആണ് സന്ദേശം അയച്ചതെന്ന് സംശയിക്കുന്നതായാണ് പറയുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് എം.എസ്.എഫ് സംഘടിപ്പിച്ച പാണക്കാടിന്റെ പൈതൃകം എന്ന സമ്മേളനത്തിൽ, പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാൻ ആരെയും അനുവദിക്കില്ലെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിന് മുഈൻ അലി തങ്ങൾ പരോക്ഷ മറുപടി നൽകിയിരുന്നു. ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല, അതൊക്കെ ചിലരുടെ തോന്നലുകളാണ്, പ്രായമാകുന്നതിന് അനുസരിച്ച് കാഴ്ചയ്ക്ക് മങ്ങൽ വരും. അതൊക്കെ ചികിത്സിച്ചാൽ മാറും -എന്നിങ്ങനെയായിരുന്നു മുഈൻ അലി തങ്ങൾ പറഞ്ഞിരുന്നത്.

നേരത്തെ സമസ്ത വിഷയത്തിലും ഹൈദരലി തങ്ങൾക്ക് ഇ ഡി നോട്ടീസ് ലഭിച്ച സമയത്തും പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈൻ അലി രംഗത്തെത്തിയിരുന്നു. ഹൈദരലി തങ്ങൾക്ക് ഇ ഡിയുടെ നോട്ടിസ് കിട്ടാൻ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നും ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല എന്നും അദ്ദേഹം 2021 ൽ ആരോപിച്ചിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ അലി തുറന്നടിച്ചിരുന്നു.

ലീഗ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഈൻ അലിയുടെ തുറന്ന് പറച്ചിൽ. ഈ സമയത്ത് മുഈൻ അലി തങ്ങൾക്കെതിരെ റാഫി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്ന് മുഈൻ അലി തങ്ങൾക്ക് വീഴ്ച പറ്റിയെന്ന് മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തുകയുണ്ടായി. അന്ന് ഈ സംഭവത്തിന്റെ തുടർച്ചയായി മുഈനലിക്കെതിരെ വാർത്താസമ്മേളനത്തിൽ ബഹളമുണ്ടാക്കിയ ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിനെ അന്വേഷണവിധേയമായി പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.