- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീണക്കെതിരായ ആരോപണങ്ങൾ സിപിഎമ്മിനെ ബാധിക്കില്ല; കഥകൾ കുറെ കേട്ടു, ഇനി എന്തൊക്കെ കേൾക്കും; മാനനഷ്ടക്കേസ് കൊടുക്കാനാണെങ്കിൽ പിണറായി വിജയൻ എത്ര കേസ് കൊടുക്കണം; നിലപാട് പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് അടുത്തിടെ ഉയർന്നു വന്നത്. എക്സാലോജിക് കമ്പനിയുടെ പ്രവർത്തനങ്ങൾ അടക്കം സജീവചർച്ചയായത് മാത്യു കുഴൽനാടൻ എംഎൽഎയുടെ ഇടപെടലോടെയാണ്. ഈ വിഷയത്തിൽ അടക്കം ഇത്രയും കാലമായി പ്രതികരണങ്ങൾക്ക് നിൽക്കാതെ മൗനം പാലിക്കുകയായിരുന്നു പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ്. ഇപ്പോഴും ചാരം മൂടി കിടക്കുകയാണ് മാസപ്പടി വിവാദവും. ഇത് അടക്കം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ചു റിയാസ് രംഗത്തുവന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഒന്നും ഒരു രീതിയിലും പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കില്ലെന്നാണ് മുഹമ്മദ് റിയാസിന്റെ പക്ഷം. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഭാര്യയുമായി ബന്ധപ്പെട്ട വിഷയങ്ങളി പ്രതികരിച്ചത്. കഥകൾ കുറെ കേട്ടുവെന്നും ഇനി എന്തൊക്കെ കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ഗെയിം കളിക്കുന്നതു പോലെയാണ് ഇപ്പോൾ നിൽക്കുന്നത്. എന്തും വരാം. ചിലപ്പോ പീരങ്കിയാവും. ഏത് തരം അടിയാണ് വരുന്നതെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഒക്കെ പ്രതീക്ഷിച്ചാണ് ഇപ്പോൾ നിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വീണ നിലവിലെ ആരോപണങ്ങളിൽ ഒരു രീതിയിലും ഉൾപ്പെടുന്നില്ലെങ്കിൽ ഒരു മാനനഷ്ടക്കേസെങ്കിലും ഫയൽ ചെയ്യാമായിരുന്നില്ലേ എന്ന ചോദ്യം ചോദിച്ചപ്പോൾ അങ്ങനെയാണെങ്കിൽ പിണറായി വിജയൻ ഇപ്പോൾ എത്ര മാനനഷ്ടക്കേസ് കൊടുക്കണം എന്ന മറുചോദ്യമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ജനങ്ങൾ തെളിയിച്ചതാണ് ഇതൊന്നും ശരിയല്ലെന്നുള്ളത്.
കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ സഖാവ് പിണറായി വിജയൻ ഏറ്റവും അധികം ആക്രമിക്കപ്പെടുന്ന ആളാണ്. പിണറായി വിജയനെ അറ്റാക്ക് ചെയ്താൽ അതിലൂടെ പാർട്ടിയെ ആക്രമിക്കാം എന്നതാണ് ഇതിന്റെ കാരണം. ഒരാൾ മോശമാണ് എന്ന് പറയുന്നതെന്തിനാണെന്ന് വച്ചാൽ അയാളൊരു തടസമാണ് എന്നാണർഥം. ഈ പാർട്ടി തളരാതിരിക്കുന്നതിന്റെ തടസമാണ് അയാൾ. അതുകൊണ്ട് അയാളെ വളഞ്ഞിട്ടടിക്കുക, അടിയോടടി. കുടുംബ പരമായും വ്യക്തിപരമായിട്ടും എല്ലാം ആക്രമിക്കുക. അതിന്റെ ഭാഗമായിട്ടുള്ള എല്ലാ തന്ത്രങ്ങളും പയറ്റും. നല്ല രാഷ്ട്രീയ ധാരണയുള്ളവർ ഇതൊക്കെ മനസിലാക്കും. കമ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്താണ് പിണറായി വിജയനെന്നും മന്ത്രി പറഞ്ഞു.
ലോകസഭാ തെരഞ്ഞെടുപ്പു അടുത്തു നിൽക്കവേ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചു റിയാസ് പ്രതികരിച്ചു. കോൺഗ്രസിനെ കടന്നാക്രമിച്ചു കൊണടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബാബറി മസ്ജിദിന്റെ തകർച്ചയോടെ കേരളത്തിലെ മുസ്ലിം മതവിഭാഗത്തിന് കോൺഗ്രസിനോടുള്ള വിശ്വാസം നഷ്ടമായെന്നും, വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് 2004ന്റെ രണ്ടാം ഭാഗമായിരിക്കുമെന്നും റിയാസ് പറഞ്ഞു.
'1992 ൽ ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് മുൻപുള്ള ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കേരളത്തിലെ ന്യൂനപക്ഷം കോൺഗ്രസിനൊപ്പമായിരുന്നു. നിയമസഭയിൽ എൽഡിഎഫിനും ലോക്സഭയിൽ യുഡിഎഫിനും വോട്ട് ചെയ്യുന്ന ഒരു പ്രത്യേകത കേരളത്തിനുണ്ടായിരുന്നു. ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പുകളിൽ അതിന് മാറ്റം വന്നു. 1996-1998 നടന്ന തെരഞ്ഞെടുപ്പുകളിൽ അത് കാണാൻ കഴിയും. 2004ൽ 15 സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. കേരളത്തിലെ ജനങ്ങളുടെ ഈ പ്രവണത ഏതെങ്കിലുമൊരു നേതാവ് വന്നതുകൊണ്ടോ പോയതുകൊണ്ടോ അല്ല. പാർട്ടി എടുത്ത നിലപാട് ശരിയാണ് എന്നുള്ളതു കൊണ്ടാണ്. കേരളത്തിൽ ഇടതുപക്ഷം ഭരിക്കുമ്പോഴാണ് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാൻ പറ്റുക, കോൺഗ്രസിനെ അത്രത്തോളം വിശ്വസിക്കാൻ പറ്റില്ലെന്നും ജനങ്ങൾക്ക് അറിയാം'-മന്ത്രി റിയാസ് പറഞ്ഞു.
'കേരളത്തിലെ ജനങ്ങൾ കോൺഗ്രസിനെ ഉപേക്ഷിക്കാൻ ഒരു കാരണം അവർ സ്വീകരിക്കുന്ന നിലപാടാണ്. കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ വിവാദ പരാമർശം നടത്തിയ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർക്കെതിരെ സർക്കാർ കേസെടുത്തു. അത് അഭിനന്ദിക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്. എന്നാൽ കോൺഗ്രസ് പറഞ്ഞത് എംവി ഗോവിന്ദനെതിരെയും കേസെടുക്കണമെന്നാണ്. ഇത് ശരിക്കും ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'2019 ഒരിക്കലും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ആവർത്തിക്കില്ല. ബിജെപിയെ തടുക്കണമെങ്കിൽ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന നിലപാടുമായാണ് അന്ന് കോൺഗ്രസ് വന്നത്. ഇന്നിപ്പോൾ അതല്ല അവരുടെ നയം. ബിജെപിയെ നേരിടാൻ ഒറ്റയ്ക്ക് പറ്റില്ല, എല്ലാരും വേണം എന്നാണ്. ഇത് കേരളത്തിലെ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരെ ശക്തമായി ആരാണ് സംസാരിക്കുന്നത് അവരുടെ കൂടെയാണ് ജനം നിൽക്കുക. അതുകൊണ്ടാണ് 'ഇന്ത്യ' മുന്നണി വരുന്നത്. 2004 ന് സമാനമായി കേരളത്തിൽ ഒരു സാഹചര്യം വരുമെന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. 2004 ന്റെ രണ്ടാം ഭാഗമായിരിക്കും 2024'.
'കേരളം പ്രാധാന്യം നൽകുന്നത് മതസാഹോദര്യത്തിനാണ്. അതിന് വേണ്ടി ശക്തമായി നിൽക്കുന്നത് തങ്ങൾ വിശ്വസിച്ചിരുന്ന പ്രസ്ഥാനമല്ലെന്ന് ജനങ്ങൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അതാണ് കേരളത്തിൽ വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റം. സംഘടനകൾ അടുക്കുന്നോ അടുക്കുന്നില്ലയോ എന്നുള്ളതല്ല പ്രശ്നം. രാഷ്ട്രീയമായി എടുക്കുന്ന നിലപാട് അനുകൂല സാഹചര്യം ഉണ്ടാക്കുന്നതാണ്. അത് വ്യക്തികളും സംഘടനകളും കാണുന്നുണ്ട്. സിപിഎമ്മിൽ പ്രവർത്തിക്കുന്നവരെ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ഭാഗമായല്ല ആളുകൾ കാണുന്നത്. ഉത്തരേന്ത്യയിൽ കാണുന്നതു പോലെ ഏതെങ്കിലുമൊരു മതനാമധാരിയെ പിടിച്ചു മുന്നിൽ നിർത്തിയതു കൊണ്ട് കേരളത്തിലെ ജനങ്ങൾ അതിന്റെ പിന്നിൽ അണിനിരക്കില്ല. അത് തെറ്റായ കാഴ്ചപ്പാടാണ്. നിലപാടു തന്നെയാണ് പ്രധാനം. സാമൂഹ്യ പ്രവർത്തന രംഗത്ത് ശരിയായാണോ പ്രവർത്തിക്കുന്നത് എന്ന് നോക്കിയാണ് ആളുകൾ നേതൃത്വത്തെ അംഗീകരിക്കുക. കേരളം അതിലൊക്കെ കൃത്യമായി കാഴ്ചപ്പാടുള്ള നാടാണ്. സിപിഎമ്മിൽ ഓരോ വ്യക്തിയും നേതൃ നിരയിലേക്ക് വരുന്നത് ദീർഘനാളത്തെ പ്രവർത്തനത്തിലൂടെയാണ്. അവരൊക്കെ പാർട്ടിക്ക് കീഴിലാണ്'-അദ്ദേഹം പറഞ്ഞു.
'2019ൽ കോൺഗ്രസ് നന്നായി സെന്റിമെൻസ് വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്. ഒന്ന്, രാഹുൽ ഗാന്ധി ഇവിടെ വന്ന് മത്സരിച്ചു. രണ്ട്, കോൺഗ്രസിന്റെ ഒരു എംപി തോറ്റാൽ അത് കേന്ദ്രത്തിൽ ബിജെപിക്ക് ഗുണമാകുമെന്ന് ജനങ്ങൾക്ക് തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബിജെപിയെ തറ പറ്റിക്കാൻ കഴിയില്ല. കേരള ജനത യാഥാർത്ഥ്യ ബോധത്തോടെയാണ് ചിന്തിക്കുന്നത്. വിവിധ പാർട്ടികളെ കോർത്തിണക്കിയാണ് ഇത്തവണ ബിജെപിയെ നേരിടുന്നത്. അതിൽ നിർണായക പങ്കുവഹിക്കാൻ സിപിഎമ്മിന് സാധിക്കും. സിപിഎമ്മിന് അതിന് സാധിക്കണമെങ്കിൽ ഇടതുപക്ഷത്തിന്റെ എംപിമാരെ പരമാവധി കൂട്ടണമെന്ന ചിന്താഗതി ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഉണ്ടാവുമെന്നും റിയാസ് അഭിമുഖത്തിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ