- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മാസപ്പടി'യിൽ സിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്; എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇതു തന്നെ ഉത്തരം; വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം ഇങ്ങനെ; മാസപ്പടി വിവാദങ്ങൾക്ക് പിന്നിൽ മാധ്യമ ഉടമകളുടെ താൽപ്പര്യം, അത് സംരക്ഷിക്കാൻ വേണ്ടിയാണ് മാധ്യമപ്രവർത്തകരുടെ ശ്രമമെന്നും പറഞ്ഞ് പഴിചാരി മന്ത്രി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ കരിമണൽ കർത്തയുടെ കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയെന്ന് വ്യക്തമായിട്ടും വിഷയത്തിൽ മൗനം തുടരുകയാണ് പിണറായി വിജയൻ. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളെ ചെറുക്കാൻ സിപിഎം രംഗത്തുവന്നിരുന്നു. എന്നാൽ, പിണറായിയും മരുമകൻ മുഹമ്മദ് റിയാസും വിഷയത്തിൽ മൗനം തുടരുകയാണ്. ഈ വിഷയത്തിൽ ഇന്ന് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ മാധ്യമപ്രവർത്തകരെ കുറ്റപ്പെടുത്തി തടിയൂരുകയാണ് മന്ത്രി മുഹമ്മദ് റിയാസ് ചെയ്തത്.
സിഎംആർഎൽ കമ്പനി വീണ വിജയന് മാസപ്പടി നൽകിയെന്നും ഈ വിവരം മന്ത്രി തെരഞ്ഞെടുപ്പ് സത്യവാങ്ങ് മൂലത്തിൽ മറച്ചുവച്ചുവെന്നും ആക്ഷേപം ഉയർന്നിരുന്നു. ഈ ആരോപണം നീളുന്നത് റിയാസിലേക്കും കൂടിയാണ്. അതുകൊണ്ടാണ് വിഷയത്തിൽ റിയാസ് മൗനം തുടരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിയിട്ടുണ്ട്. എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇതു തന്നെയാണ് ഉത്തരമെന്നും മന്ത്രി ആവർത്തിച്ചു.
മാസപ്പടി വിവാദങ്ങൾക്ക് പിന്നിൽ മാധ്യമ ഉടമകളുടെ താല്പര്യം. സ്വാതന്ത്രം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവർത്തകർ. ഉടമകളുടെ താല്പര്യം സംരക്ഷിക്കാൻ ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുന്നുവെന്ന് വലിയ വിമർശനം ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് മന്ത്രി ഇന്ന് മാധ്യമങ്ങൾക്കെതിരെ രംഗത്ത് വന്നത്.
മാസപ്പടി വിവാദം മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ഒഴികെ മറ്റൊരു പ്രതിപക്ഷ നേതാവും ഏറ്റുപിടിക്കാൻ ഇല്ലാത്ത അവസ്ഥ വന്നതോടെ ചായകോപ്പയിലെ കൊടുങ്കാറ്റ് പോലെ കെട്ടടങ്ങുകയാണ്. ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുകയും ചെയ്യുന്നു. വിവാദത്തിൽ പ്രതികരിച്ചാൽ അത് കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നതിനാൽ മൗനത്തിന്റെ വഴിയിലാണ് റിയാസും.
നിയമവിരുദ്ധമായി പണം നൽകിയ രാഷ്ട്രീയനേതാക്കളുടെ പേരെഴുതിയ കരിമണൽ കമ്പനിയുടെ പറ്റുബുക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷനേതാക്കളുടെയും പേരുകളുണ്ട്. ഇതോടെ രാഷ്ട്രീയ ഒത്തുതീർപ്പിലാണ് നേതാക്കൾ. രാഷ്ട്രീയ നേതാക്കൾക്ക് ഫണ്ട് വാങ്ങിയെന്നെങ്കിലും പറയാം. എന്നാൽ വീണ വിജയന് എന്തിന് പണം നൽകിയെന്ന രാഷ്ട്രീയ ചോദ്യം പൊതുമണ്ഡലത്തിൽ അവശേഷിക്കയാണ്.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് വന്നതോടെ മാസപ്പടിവിഷയം ചർച്ചയാകാതിരിക്കാനുള്ള ജാഗ്രത സിപിഎമ്മിലുണ്ട്. വിഷയത്തിൽ ചോദ്യം ഉയർന്നതോടെ സിപിഎം. സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ പത്രസമ്മേളനം അവസാനിപ്പിച്ചത് ഇതിന്റെഭാഗമാണ്. മന്ത്രിമാർ രാഷ്ട്രീയപ്പാർട്ടിയുടെ ഭാഗമാണെന്നും അതിനാൽ രാഷ്ട്രീയമായ കാര്യങ്ങളിൽ മറുപടിപറയാൻ ബാധ്യതയുണ്ടെന്നും പരസ്യമായി പ്രഖ്യാപിച്ചയാളാണ് മന്ത്രി മുഹമ്മദ് റിയാസ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് ഭാര്യയുടെ വരുമാനം കുറച്ചുകാണിച്ചെന്ന ആരോപണം ഉയർന്നത്.
ആദായനികുതിവകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലെ കണ്ടെത്തലുകൾക്ക് വിശദീകരണം നൽകിയത് സിപിഎം. സംസ്ഥാനസെക്രട്ടേറിയറ്റാണ്. വീണയ്ക്ക് പണം നൽകിയത് കരാറിന്റെ അടിസ്ഥാനത്തിലുള്ള സേവനത്തിനാണെന്നും അത് വാർഷികാടിസ്ഥാനത്തിലായതിനാൽ മാസപ്പടിയെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നുമാണ് സിപിഎം. ഉന്നയിക്കുന്ന ആദ്യവാദം.
സേവനം ഒന്നും നൽകാതെയാണ് പണം കൈപ്പറ്റിയതെന്ന് ഉത്തരവിലുണ്ട്. ഉന്നതവ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് പണം നൽകിയതെന്ന് കമ്പനി പ്രതിനിധികളുടെ മൊഴിയുമുണ്ട്. മുഖ്യമന്ത്രിയുടെ മകൾ ഈരീതിയിൽ പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ ഗൗരവം വലുതാണ്. അതിൽ ഒന്നും മിണ്ടേണ്ടതില്ലെന്ന് മുഖ്യമന്ത്രി കരുതുന്നതും അസ്വാഭാവികമായ സാഹചര്യമാണ്.
സേവനം സംബന്ധിച്ച് കമ്പനികൾ തമ്മിൽ തർക്കമില്ലെന്നതാണ് സിപിഎം. ഉന്നയിക്കുന്ന ന്യായീകരണം. ഉന്നതവ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിൽ നൽകിയ പണമാണെങ്കിൽ എങ്ങനെ കൊടുത്തവരും വാങ്ങിയവരും തമ്മിൽ തർക്കമുണ്ടാകുമെന്നത് പ്രധാന ചോദ്യമാണ്. അതിലും പാർട്ടിക്ക് മൗനമാണ്. കമ്പനി പണം നൽകിയത് അക്കൗണ്ടിലൂടെയാണെന്നാണ് മറ്റൊരുവിശദീകരണം. അക്കൗണ്ടിലൂടെ കൈമാറിയ പണം സുതാര്യമാണെന്ന ബോധം ജനങ്ങളിലുണ്ടാക്കുകയെന്നതാണ് ഇതിന്റെ അടിസ്ഥാനം.
കരിമണൽ കമ്പനി നൽകിയ പണം വീണയുടെ വരുമാനമായി കാണിച്ചിട്ടില്ല. എല്ലാ ഇളവും കഴിച്ചുള്ള അറ്റവരുമാനമാണ് ആദായനികുതി റിട്ടേണിൽ കാണിച്ചിട്ടുള്ളതെന്നാണ് ഇതിനുള്ള പാർട്ടിന്യായീകരണം. മറ്റൊരുവരുമാനവും ഇല്ലാത്ത വ്യക്തിയാണ് വീണ എന്ന് കണക്കാക്കിയാൽപോലും കരിമണൽ കമ്പനി മാസത്തിൽ നൽകിയ പണം അവരുടെ വരുമാനമായി ആദായനികുതി റിട്ടേണിൽ കാണേണ്ടതാണ്. കിട്ടിയവരുമാനത്തിന്റെ പകുതിയോളം ഇളവുകിട്ടുന്നത് എങ്ങനെയാണെന്നതാണ് പ്രശ്നം.


