പത്തനംതിട്ട: ഇടതുപക്ഷത്തിനൊപ്പം അടിയുറച്ചു നിൽക്കുന്ന യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയിൽ പാർട്ടി നേതാക്കളിലും അണികൾക്കിടയിലും അമർഷം ശക്തം. മുഖ്യമന്ത്രിയുടേത് വാവിട്ട വാക്കാണെന്നാണ് പൊതുവിൽ നേതാക്കൾ വിലയിരുത്തുന്നത്.

പൊതുവേ എല്ലാക്കാര്യത്തിലും പിണറായിയെ അന്ധമായി പിന്തുണയ്ക്കുന്ന സൈബർ സഖാക്കളും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ കൈവിട്ട മട്ടാണ്. തങ്ങളുടെ പക്ഷത്തു നിന്നുള്ള ഒരു വ്യക്തി വിമർശനം ഉന്നയിക്കുമ്പോൾ അതിനെ പരിശോധിക്കുന്നതിന് പകരം പൊതുസമൂഹത്തിൽ അവഹേളിക്കുന്ന വിധത്തിൽ പരാമർശം എന്തിനു നടത്തി എന്നതാണ് ചോദ്യം. സമസ്ത ദിനപത്രത്തിൽ അടക്കം ഇന്നലെ സിപിഎമ്മിനും സർക്കാറിനുമെതിരെ വിമർശനം ഉയർന്നിരുന്നു. ഇതേക്കുറിച്ചൊന്നും പരാമർശിക്കാതെയാണ് കൂറിലോസിനെ മുഖ്യമന്ത്രി കടന്നാക്രമിച്ചത്.

മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തിൽ കടുത്ത എതിർപ്പ് സിപിഎം നേതാക്കൾക്കിടയിൽ ഉണ്ട്. വിഷയത്തിൽ പിണറായിയെ പിന്തുണയ്ക്കാൻ മരുമകൻ മുഹമ്മദ് റിയാസ് ഒഴികെ ആരും തയ്യാറായിട്ടില്ല. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ഇടതുപക്ഷം വിമർശനം ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ താറടിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇടതു പക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലുള്ള അജണ്ട. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും വാർത്താ സമ്മേളനത്തിൽ ഉപയോഗിച്ചത് നിഘണ്ടുവിൽ പോലും വെക്കാൻ പറ്റാത്ത പദമാണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

അതേസമയം സാധാരണ പ്രവർത്തകർ പോലും മുഖ്യമന്ത്രിയെ തള്ളിപ്പറയുന്ന അവസ്ഥിൽ കാര്യങ്ങൾ എത്തിയിട്ടുണ്ട്. യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയോട് വിയോജിച്ച് പത്തനംതിട്ടയിലെ സിപിഎം നേതാവ് പരസ്യമായി രംഗത്തുവന്നു. വിമർശകരെല്ലാം ശത്രുക്കൾ അല്ലെന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ കെ പ്രകാശ് ബാബു ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഉറച്ച നിലപാട് ഉറക്കെ പറയുന്നതാണ് നല്ലതെന്നും അതുകൊണ്ട് ആർക്കും ദോഷം ഉണ്ടാകില്ലെന്ന് കെ പ്രകാശ് ബാബു പൊതു വേദിയിലും പറഞ്ഞു. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടകനായ പരിപാടിയിലായിരുന്നു തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിന്റെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടത് മുന്നണിയുടെ തോൽവിയിലാണ് കൂറിലോസ് സിപിഎമ്മിനെ വിമർശിച്ചത്. ഇതിനെതിരെ പിണറായി രംഗത്തെത്തുകയായിരുന്നു.

അതേസമയം, സർക്കാരിനെതിരെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിനെ വിമർശിച്ച തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അങ്ങനെ തന്നെ കിടപ്പുണ്ടെന്ന് മാർ കൂറിലോസ് പ്രതികരിച്ചു. ഹൃദയപക്ഷമാണ് ഇടതുപക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പിണറായി വിജയൻ കാലം കാത്തുവച്ച നേതാവാണ് എന്നു പറഞ്ഞയാളാണ് ഗീവർഗീസ് മാർ കൂറിലോസ് എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. അദ്ദേഹത്തെ തന്നെ അങ്ങനെ വിളിച്ചപ്പോൾ സന്തോഷമായെന്ന് സതീശൻ പരിഹസിച്ചു കൊണ്ട് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുരോഗമനപരമായി അഭിപ്രായം പറയുന്ന ഒരു പുരോഹിതൻ സർക്കാരിനെ വിമർശിച്ചപ്പോൾ, അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം എത്ര തരംതാണതാണെന്നും ഇത് മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേർന്നതല്ലെന്നും സതീശൻ വ്യക്തമാക്കി.

മഹാഭാരതത്തിൽ ധൃതരാഷ്ട്രരോട് വിദുരർ പറയുന്നുണ്ട്; അപ്രിയങ്ങളായ സത്യങ്ങൾ പറയുന്നതും കേൾക്കുന്നതും വളരെ ദുർബലമായ ആളുകളായിരിക്കും. പക്ഷെ പ്രിയങ്ങളായ സത്യങ്ങൾ പറയാനും കേൾക്കാനും ഒരുപാട് പേരുണ്ടാകും. മുഖ്യമന്ത്രിക്ക് ചുറ്റുമുള്ള ഉപജാപകസംഘം പറയുന്ന ഇരട്ടച്ചങ്കൻ, കാരണഭൂതൻ തുടങ്ങിയ വാക്കുകൾ കേട്ട് അദ്ദേഹം കോൾമയിർ കൊണ്ടിരിക്കുകയാണെന്ന് സതീശൻ പറഞ്ഞു.