കോഴിക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാല സംഭവത്തിൽ മാധ്യമങ്ങൾ നടത്തുന്നത് എസ്.എഫ്.ഐക്കെതിരായ പൊളിറ്റിക്കൽ മോബ് ലിഞ്ചിങ്ങെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ഉണ്ടായ സംഭവം അപലപനീയമാണ്. എല്ലാവരുടെയും മനസിനു വലിയ പ്രയാസമുണ്ടാക്കുന്നു. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. കുറ്റക്കാർക്കെതിരെ കർക്കശ നിലപാട് സ്വീകരിക്കുമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ ദൗർഭാഗ്യകരമായ സംഭവം എസ്.എഫ്.ഐക്കെതിരെ തിരിച്ചു വിടാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ രണ്ടു ലക്ഷ്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. പെട്ടെന്നുള്ള ലക്ഷ്യം ഇപ്പോൾ ആസന്നമായിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രചരണായുധമാക്കുക എന്നതാണ്. എന്നാൽ അതൊന്നും നടക്കില്ല. കേരളത്തിന്റെ ക്യാമ്പസുകളിലേക്ക് മത-വർഗീയ ശക്തികൾക്ക് കടന്നു വരാൻ സാധിക്കുന്നില്ല. ഇതിനു തടസം എസ്.എഫ്.ഐ. ആണ്. അതു കൊണ്ട് എസ്.എഫ്.ഐയെ തകർക്കണം എന്നതാണ് ദീർഘകാലത്തേക്കുള്ള ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്ന ആളെ കണ്ടാൽ ആട്ടിയോടിക്കണം എന്ന നിലയിലുള്ള അസംബന്ധ പ്രചാരണങ്ങൾ അല്ലേ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടത്തുന്നത്. ഇതൊക്കെ ശരിയാണോ?, മുഹമ്മദ് റിയാസ് ആരാഞ്ഞു. പക്ഷേ അതിനെയൊക്കെ മറിക്കടന്ന് എസ്.എഫ്.ഐ. കാമ്പസുകളിൽ വിജയിച്ചു വരുന്നത് അവർ ഉയർത്തി പിടിക്കുന്ന രാഷ്ട്രീയം സത്യമായതു കൊണ്ടാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

കലാലയങ്ങളിൽ തെറ്റായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എസ്എഫ്‌ഐ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതിൽ വ്യത്യസ്ത നിലപാട് എടുക്കുന്നവർക്കെതിരെ കർക്കശ നിലപാടാണ് എസ്എഫ്‌ഐ എടുക്കുന്നതെന്നും റിയാസ് പറഞ്ഞു. ഇടുക്കിയിൽ ധീരജ് കൊല്ലപ്പെട്ടപ്പോൾ ഈ നിലപാടല്ല ചിലർ എടുത്തത്. എസ്എഫ്‌ഐയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പിടിയിലായ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനാക്കുറ്റം ചുമത്തും. ഗൂഢാലോചന നടന്നുവെന്നതിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചെന്ന് പൊലീസ് സൂചന നൽകി. മർദനത്തിന് പിന്നിൽ ആസൂത്രണമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമായെന്ന് പൊലീസ്.

മർദനത്തിന് മുൻപും ഗൂഢാലോചന നടന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിൽ 18 പ്രതികളും പിടിയിലായിരുന്നു. കൂടാതെ റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വീട്ടിലേക്ക് പോയ സിദ്ധാർത്ഥൻ എറണാകുളത്ത് നിന്ന് മടങ്ങിയെത്തിയതിന് ശേഷം 16ന് പകൽ ഹോസ്റ്റലിൽ തങ്ങി. സ്പോർട്സ് ഡേ ആയതിനാൽ ഹോസ്റ്റലിൽ ആരും ഉണ്ടായിരുന്നില്ല. രാത്രി ഒൻപതുമണിയോടെ സിദ്ധാർത്ഥനെ കുന്നിന് സമീപത്തേക്ക് കൊണ്ടുപോയി. ഡാനിഷും രഹാൻ ബിനോയിയും അൽത്താഫും ചേർന്നാണ് സിദ്ധാർത്ഥനെ കുന്നിന് സമീപത്തേക്ക് കൊണ്ടുപോയത്.

കുന്നിന് സമീപത്ത് വെച്ച് സഹപാഠിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മർദിച്ചു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യലും മർദനവും നീണ്ടതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെത്തിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിൽ എത്തിച്ച് ചോദ്യം ചെയ്യലും മർദനവും തുടർന്നു. ഇവിടെവെച്ച് ഗ്ലൂഗൺ വയർ ഉപയോഗിച്ച് സിൻജോ ജോൺസൺ നിരവധി തവണ സിദ്ധാർത്ഥനെ അടിച്ചു.

തുടർന്ന് സിദ്ധാർത്ഥന്റെ വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റി മർദിച്ചു. പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്തേക്ക് അടിവസ്ത്രത്തിൽ സിദ്ധാർത്ഥനെ എത്തിച്ചു. പുലർച്ചെ ഒന്നേമുക്കാൽ മണിക്കൂർ വരെ മർദനം നീണ്ടു. മുറിയിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളെ തട്ടിവിളിച്ച് മർദിക്കുന്നത് കാണാൻ വിളിച്ചു. ഏറ്റവും സീനിയറായ വിദ്യാർത്ഥി കട എന്ന അഖിൽ പുലർച്ചെ എത്തിയപിന്നാലെ സിദ്ധാർത്ഥനെ ഒറ്റയടി അടിച്ചു. തുടർന്ന് ആളുകളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും സഹപാഠികളോട് സിദ്ധാർത്ഥനെ ശ്രദ്ധിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ക്രൂരമായ വേട്ടയാടലിൽ മനംനൊന്താണ് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.