തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് നിൽക്കാതെ മന്ത്രി പി എ മുഹമ്മദ് റിയാസ്. ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തുവേണമെങ്കിലും പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറി വിശദമായി കാര്യങ്ങൾ പറഞ്ഞതാണെന്നും റിയാസ് ആവർത്തിച്ചു. അതേസമയം വിവാദത്തിൽ മാധ്യമങ്ങളുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല.

മാസപ്പടി വിവാദത്തിൽ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഓടിയൊളിക്കുകയാണെന്നും മന്ത്രി റിയാസും ഇക്കാര്യത്തിൽ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറുപടിപറയേണ്ട കാര്യമില്ലെന്നാണ് സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നും പ്രതികരിച്ചത്. ഇതിനുപിന്നാലെയാണ് വിഷയത്തിൽ പാർട്ടി സെക്രട്ടറി കാര്യങ്ങൾ വിശദീകരിച്ചതാണെന്ന് റിയാസും വ്യക്തമാക്കിയത്.

അതേസമയം നേരത്തെ മാത്യു കുഴൽനാടന്റെ വെല്ലുവിളിക്ക് മറുപടി നൽകാൻ റിയാസ് ഇന്നും തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. തന്റെ കമ്പനിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് അക്കമിട്ട മറുപടി നിരത്തിയ മാത്യു മുഖ്യമന്ത്രിയുടെ മകൾ വീണ തന്റെ കമ്പനിയുടെ കണക്കുകൾ പുറത്തുവിടാൻ തയ്യാറുണ്ടോ എന്നും ചോദിച്ചിരുന്നു.

മാത്യു പറഞ്ഞത് ഇങ്ങനെയാണ്: തന്റെ സ്ഥാപനത്തെ കുറിച്ച് അന്വേഷിക്കുമ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ സ്ഥാപനത്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാനും തയ്യാറാവണം. എക്‌സ ലോഞ്ചിക്കിന്റെ 2016 മുതലുള്ള നികുതി കണക്കുകൾ പുറത്തുവിടാൻ വീണാ വിജയൻ തയ്യാറാകുമോ? വീണാ വിജയനെതിരായ ആരോപണങ്ങൾക്ക് മറുപടി പറയുന്നത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആണാലോ. അത്തരത്തിൽ എക്‌സ ലോഞ്ചിക്കിന്റെ നികുതി കണക്കുകൾ പുറത്തുവിടാൻ പാർട്ടിയെ വെല്ലുവിളിക്കുന്നതായും മാത്യു കുഴൽ നാടൻ പറഞ്ഞു.

തന്റെ കമ്പനിയുടെ മുഴുവൻ വിശദാംശങ്ങളും പുറത്തുവിടാൻ തയ്യാറാണ്. തന്റെ സ്ഥാപനത്തിൽ നൂറിലധികം പേർ ജോലി ചെയ്തിട്ടുണ്ട്. നൂറ് ജോലിക്കാരുടെ വിശദാംശങ്ങൾ തരാൻ താൻ തയ്യാറാണ്. വീണയുടെ കമ്പനിയിൽ ജോലി ചെയ്ത 50 പേരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ കഴിയുമോ? വീണയുടെ കമ്പനിയുടെ ഇടപാടുകൾ എല്ലാം ദുരൂഹമാണ്. തന്നെ പോലെ നൂറ് കോടിയുടെ സംരഭകയാണല്ലോ വീണ. അതിനാൽ വീണയുടെ കമ്പനിയുടെ മുഴുവൻ വിശദാംശങ്ങളും പുറത്തുവിടാൻ മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു. ഇനി സിപിഎം ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിലും കുഴപ്പമില്ല, തന്റെ സ്ഥാപനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ തനിക്ക് പൂർണ സമ്മതമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.