- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജീവൽ പ്രശ്നങ്ങളിൽ എന്നെ കേട്ടതും പരിഹാരത്തിനുള്ള ആത്മാർത്ഥമായ ശ്രമം നടത്തിയതും പിടി; ആ ശ്രമങ്ങളെ വിധി കവർന്നെടുത്തു; കണ്ട നാൾ മുതൽ മരണം വരെ കൂടെ നിന്നു; എനിക്ക് ഭീമമായ കടബാധ്യത; സംഘടനാ പ്രവർത്തനം മുമ്പോട്ട് കൊണ്ടു പോകാൻ കഴിയുന്നില്ല; സത്യം തുറന്നു പറഞ്ഞ് ചുമതല ഒഴിയൽ; ഇടുക്കിയിലെ യൂത്ത് കോൺഗ്രസിനെ അമ്പരപ്പിച്ച് പിടിയുടെ ശിഷ്യൻ; മുകേഷ് മോഹൻ രാജിവയ്ക്കുമ്പോൾ
തിരുവനന്തപുരം: ജീവിത സാഹചര്യങ്ങൾ കാരണം യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡന്റ് മുകേഷ് മോഹൻ രാജി വച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന വലിയ സ്ഥാനത്ത് എത്തിയിട്ടും കടബാധ്യതകൾ ജീവിതത്തെ ഞെരുക്കുന്നു എന്ന് തുറന്നു പറഞ്ഞാണ് രാജി.
നേതാവിന്റെ രാജി കോൺഗ്രസസിന്റെ സൈബർ ഇടങ്ങളിൽ വലിയ ചർച്ചയാണ്. പൊതു ജനങ്ങളിൽ താങ്കൾ നൽകുന്ന സന്ദേശം വലുതാണ് അഴിമതിയുടെ കറപുരളാത്ത കൈകൾ ആണ് താങ്കളുടെത് എന്നതിനു ഇതിലും വലിയ തെളിവ് വേറെ ഇല്ല എന്നാണ് സോഷ്യൽ മീഡിയാ ചർച്ചകളിലെ പൊതു വീകാരം. പ്രതിസന്ധികൾ തരണം ചെയ്തു മടങ്ങി വരൂ എന്നാണ് കോൺഗ്രസുകാരുടെ ആശംസ.
മുകേഷ് മോഹന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു
പ്രീയപ്പെട്ടവരേ,
പൂർണ്ണ തൃപ്തനായി പടിയിറങ്ങുകയാണ്. കഷ്ടപ്പട്ടതും ഇഷ്ടപ്പെട്ടതും പാതിവഴിയിലുപേക്ഷിക്കേണ്ടിവന്നു. സജീവ സംഘടനാ ചുമതലകളിൽനിന്നെല്ലാം താല്കാലികമായി ഒഴിവാകുകയാണ്. തികച്ചും വ്യക്തിപരമായ തീരുമാനമാണ്. കഴിഞ്ഞ പതിനെട്ടുവർഷത്തെ സജീവ രാഷ്ട്രീയ പ്രവർത്തനം അതേ നിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത പ്രയാസകരമായ ജീവിതസാഹചര്യമാണ്. അതുകൊണ്ടാണ് ഏറെ വിഷമത്തോടെ ഈ തീരുമാനമെടുക്കേണ്ടിവന്നത്. എന്നെപ്പോലൊരാൾക്ക് ഈ ചെറുപ്രായത്തിനിടക്ക് എത്താവുന്ന എല്ലായിടത്തും എത്താൻ കഴിഞ്ഞിട്ടുണ്ട്.
തിരിച്ചടികളൊക്കെ ഉണ്ടായപ്പോഴും നിസ്വാർത്ഥമായി പാർട്ടിപ്രവർത്തനം നടത്താൻ കഴിഞ്ഞതിന് പാർട്ടി നൽകിയ വലിയ അംഗീകാരങ്ങളായി ഇതിനെയൊക്കെ കാണുന്നു. കഴിഞ്ഞ ആറേഴുമാസക്കാലമായി തുടരെയുണ്ടായ ചില അപകടങ്ങളും, ഭീമമായ കട ബാധ്യതകളുംകൊണ്ട് അതീവ ഗുരുതരമായ ജീവിത പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോവുന്നത്. അതിനാൽ സംഘടനാപ്രവർത്തനം കാര്യക്ഷമമായി കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. ഇത് സംഘടനയെ ദുർബലപ്പെടുത്തും എന്ന തിരിച്ചറിവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
ആരോടും ഒരു പരാതിയുമില്ല. രണ്ട് വർഷം മുമ്പ് യൂത്ത്‌കോൺഗ്രസ്സ് ജില്ലാകമ്മറ്റിയുടെ നേതൃത്വം ഏറ്റെടുക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. വിചാരിച്ചതുപോലെ കാര്യങ്ങൾ നടത്താൻ കഴിഞ്ഞില്ല എന്ന സങ്കടമുണ്ട്. ഒരുപാട് കഷ്ടപ്പാട്ടാണ് ഇവിടെവരെ എത്തിയത് എങ്കിലും തിരിഞ്ഞുനോക്കുമ്പോൾ ഇവിടെവരെയെത്തി എന്നത് എന്നെപ്പോലൊരുവന് ഏറെ അഭിമാനം നൽകുന്നുണ്ട്. ഇനി ഏതെങ്കിലും കാലത്ത് തിരികെ വരാൻ കഴിയുമോ എന്നറിയില്ല. ഇക്കാലത്തിനിടയിലെ സംഘടനാ ജീവിതം ഒരുപാട് തിരിച്ചറിവുകൾ നല്കി.
സഹായിച്ചവരോടും സഹകരിച്ചവരോടും നിസ്സഹകരിച്ചവരോടും ഒരുപാട് നന്ദിയും സ്‌നേഹവുമുണ്ട്. എങ്കിലും ഒരാളെക്കുറിച്ച് പറയാതെ പോവാൻ കഴിയില്ല. അത് പ്രീയപ്പെട്ട പി.ടിയെക്കുറിച്ചാണ്. ഇത്രയും ആത്മാർത്ഥമായി എന്നെ പരിഗണിച്ച ഒരാൾ പി.ടിയായിരുന്നു. പി.ടിയുടെ മരണം, അതുണ്ടാക്കിയ ആഘാതത്തിന്റെ വ്യാപ്തി എത്രമാത്രമെന്ന് പറയാൻ വാക്കുകളില്ല. ഒരുപക്ഷെ പി.ടി ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴിങ്ങനെ പടിയിറങ്ങണ്ടിവരില്ലായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളൊക്കെ പലരോടും പറഞ്ഞിട്ടുണ്ട്.
കേട്ട ചിലർ സഹതപിച്ചു, ചിലർ അസ്വസ്ഥരായി. പക്ഷെ ഒട്ടും സഹതപിക്കാതെയും അസ്വസ്ഥമാകാതെയും എന്നെ കേട്ടതും പരിഹാരത്തിനുള്ള ആത്മാർത്ഥമായ ശ്രമം നടത്തിയത് പി.ടിയായിരുന്നു. പക്ഷെ ആ ശ്രമങ്ങളെയൊക്കെ വിധി കവർന്നെടുത്തു. കണ്ട നാൾമുതൽ മരണംവരെ കൂടെ നിന്നത് ഒരുതരത്തിൽ, ഒരു കടമകൂടിയായിരുന്നു. പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെയുണ്ടങ്കിലും ഇന്നുകാണുന്ന എന്നെ ഞാനാക്കിയെടുത്തതിന്റെ കടപ്പാട്.
അവസാന ശ്വാസംവരെ മറക്കാനാവില്ല. സംഘടന ചുമതല മാത്രമാണ് താത്കാലികമായി ഒഴിയുന്നത്. പ്രതിസന്ധികളൊക്കെ മറികടന്ന് ജീവിതം ബാക്കിയുണ്ടങ്കിൽ വീണ്ടും സജീവമായി കാണാം.
മറുനാടന് മലയാളി ബ്യൂറോ