- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കം അനുവദിക്കരുത്
ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ പാരിസ്ഥിതികാനുമതി നേടാനുള്ള കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് തമിഴ്‌നാടിന്റെ കത്ത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആണ് കേന്ദ്രപരിസിഥിതി മന്ത്രാലയത്തിന് കത്ത് നൽകിയത്.
പദ്ധതിയുമായി മുന്നോട്ടുപോയാൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്നും കത്തിൽ പറയുന്നു. മുല്ലപ്പെരിയാറിൽ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി 28ന് പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാടിന്റെ നീക്കം.
തമിഴ്‌നാട് സർക്കാരിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമ്മിക്കാൻ കേരള സർക്കാരിന് അനുമതി നൽകരുതെന്നുള്ള കത്തും തമിഴ്‌നാട് ഔദ്യോഗികമായി പരിസ്ഥിതി മന്ത്രാലയത്തിന് നൽകും. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള വിശദ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഒരു മാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചിരുന്നു. പുതിയ അണക്കെട്ട് നിർമ്മിക്കാൻ കുറഞ്ഞത് 7 വർഷം വേണമെന്നാണ് ജലസേചന വകുപ്പിന്റെ നിഗമനം. എന്നാൽ, അടിയന്തരമായി ഡാം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടാൽ 5 വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണു വിലയിരുത്തൽ. പുതിയ അണക്കെട്ടിന്റെ രൂപരേഖ പൂർത്തിയായി. പരിസ്ഥിതി ആഘാത പഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവയാണ് ഇനി വേണ്ടത്.
പുതിയ അണക്കെട്ടിനായി ഡിപിആർ തയാറാക്കുന്നത് രണ്ടാം തവണയാണ്. ആദ്യ ഡിപിആർ 2011 ൽ തയാറാക്കിയപ്പോൾ 600 കോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഇവിടെ നിന്നു 366 മീറ്റർ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ വട്ടവടയിലെ ചിലന്തിയാറിൽ ജലവിഭവ വകുപ്പിന്റെ നിർമ്മാണത്തിനെതിരെ തമിഴ്‌നാട് രംഗത്തെത്തിയിരുന്നു. കേരളം തടയണ നിർമ്മിച്ച് അമരാവതി നദിയിലേക്കുള്ള നീരൊഴുക്ക് തടയാൻ ശ്രമിക്കുകയാണെന്നായിരുന്നു തമിഴ്‌നാടിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി എം.കെ. സ്റ്റാലിൻ കേരള സർക്കാരിന് കത്തയച്ചിരുന്നു. എന്നാൽ തമിഴ്‌നാടിന്റെ സംശയം തെറ്റിദ്ധാരണ കൊണ്ടുണ്ടായതാണെന്നും ജലവിഭവവകുപ്പ് നിർമ്മിക്കുന്നത് കുടിവെള്ള പദ്ധതിക്കായുള്ള വിയർ മാത്രമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.