'കണ്ണൂർ : സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി സഹയാത്രികൻ മരുകൻ കാട്ടാക്കട. മാലാഖമാർ എന്നു പറഞ്ഞ് സന്തോഷിപ്പിക്കുന്നതിലപ്പുറം നേഴ്സുമാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആരും ശ്രമിക്കുന്നില്ലെന്ന് കവി മുരുകൻ കാട്ടാക്കട കണ്ണൂരിൽ തുറന്നടിച്ചു.

കണ്ണൂർ ജില്ലാ നഴ്സസ് വാരാഘോഷം സമാപന സമ്മേളനം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിലെ ലിനി പുതുശേരി നഗറിൽ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത രാജ്യമായ അമേരിക്ക പോലുള്ള സ്ഥലങ്ങളിൽ ചികിത്സ ആരോഗ്യ ഇൻഷൂറൻസ് ഉള്ളവരിലേക്ക് ചുരുങ്ങുമ്പോൾ കേരളം ലോകത്തിന് മാതൃകയാവുന്ന വിധത്തിൽ ആരോഗ്യ സംരക്ഷണ രംഗത്ത് ഉയർന്ന നിലവാരത്തിലെത്തി നിൽക്കുകയാണ്.

എന്നാൽ സ്വകാര്യ ആശുപത്രികളിൽ നേഴ്സുമാരെ ചൂഷണം ചെയ്യുന്നത് തുടരുന്നതിനെതിരെ പ്രതികരിക്കാൻ ഒരു രാഷ്ട്രീയ പാർട്ടികളും സംഘടനകളും മുന്നോട്ടു വരുന്നില്ല എന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ഈക്കാര്യത്തിൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കാത്ത നിലയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ നേഴ്സിങ് ഓഫീസർ ദേവയാനി കല്ലേൻ അധ്യക്ഷത വഹിച്ചു. എം.വിജിൻ എംഎ‍ൽഎ മുഖ്യാതിഥിയായിരുന്നു. ഇതിനിടെ ജില്ലാ നേഴ്സസ് വാരാഘോഷത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് സ്പീക്കർ എ.എൻ.ഷംസീർ വിട്ടുനിന്നത് വിവാദമായിട്ടുണ്ട്. മെഡിക്കൽ കോളേജിൽ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവാതെ സർക്കാരും ബന്ധപ്പെട്ട അധികൃതരും നിസംഗരായുള്ള നിൽപ്പ് തടരുകയാണ്. എട്ട് നിലകളിലേക്ക് രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗപ്പെടുത്തുന്ന ഏഴ് ലിഫ്റ്റുകൾ പ്രവർത്തിക്കാതായിട്ട് മാസങ്ങളായി.പുതുതായി ഉദ്ഘാടനം ചെയ്ത രണ്ട് ലിഫ്റ്റുകളും ഇടമിന്നലിൽ തകരാറിലായി.

ഇതോടൊപ്പം മോർച്ചറിയിൽ ഫ്രീസറുകളും കേടായതിനാൽ മൃതദേഹങ്ങൾ കൊണ്ട് ബന്ധുക്കളും പൊലീസും നെട്ടോട്ടമോടുകയാണ്.
അടിസ്ഥാനപരമായ ഈ പ്രശ്നങ്ങളിൽ ഞായറാഴ്‌ച്ച രാവിലെ നേഴ്സസ് വാരാഘോഷത്തിന്റെ സമാപനപരിപാടിക്ക് എത്തുന്ന സ്പീക്കർ ഒന്ന് മിണ്ടുമോ എന്നാണ് മലയാള മനോരമ വാർത്ത നൽകിയത്. ഇതേ തുടർന്ന് ഞായറാഴ്‌ച്ച രാവിലെയാണ് സ്പീക്കറുടെ പരിപാടി റദ്ദാക്കിയതായി സംഘാടകർക്ക് വിവരം ലഭിച്ചത്.

പെട്ടെന്ന് തന്നെ സ്പീക്കർ പരിപാടി റദ്ദാക്കിയതിന് പിന്നിൽ ഈ പത്രവാർത്തയാണെന്നാണ് സൂചന. ശനിയാഴ്‌ച്ച രാത്രി വരെ സ്പീക്കർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സ്പീക്കറുടെ ഓഫിസ് വിവരം നൽകിയെങ്കിലും പെട്ടെന്ന് സ്പീക്കറുടെ പരിപാടി റദ്ദാക്കിയതിന് വ്യക്തമായ കാരണങ്ങൾ പറയാത്തതിനാൽ വിവാദങ്ങൾക്ക് ചൂടുപിടിച്ചിട്ടുണ്ട്.എന്നാൽ ഒഴിച്ചുകൂടാനാവാത്ത മറ്റ് ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലാണ് പരിയാരത്തെ പരിപാടി റദ്ദാക്കേണ്ടി വന്നതെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ വിശദീകരണം.