- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിഹ് മഠത്തിൽ കണ്ണൂർ കോർപറേഷനിൽ യു ഡി എഫ് മേയർ സ്ഥാനാർത്ഥി
കണ്ണൂർ:കണ്ണൂർ കോർപറേഷന്റെ അഞ്ചാംമേയറായി മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവായ മുസ്ലിഹ് മഠത്തിലിനെ മേയർ സ്ഥാനാർത്ഥിയായി പാർട്ടി സംസ്ഥാന നേതൃത്വം തെരഞ്ഞെടുത്തു. പാണക്കാട് സാദിഖലി തങ്ങളാണ് ഇതുസംബന്ധിച്ചുള്ള അറിയിപ്പു പുറത്തിറക്കിയത്. ഇതോടെ ജനുവരി രണ്ടാംവാരം കലക്ടർ മുഖ്യവരണാധികാരിയായി തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് സൂചന.
കോർപറേഷനിൽ യു. ഡി. എഫിന് ഭൂരിപക്ഷമുള്ളതിനാൽ മുസ്ലിഹ് മഠത്തിൽ വിജയിക്കാൻ സാധ്യത കൂടുതലാണ്. അങ്ങനെയെങ്കിൽ വോട്ടെടുപ്പ് നടന്നു പിറ്റേ ദിവസം തന്നെ പുതിയ മേയർ സത്യപ്രതിജ്ഞ ചെയ്യും. കണ്ണൂർ കോർപറേഷൻ നിലവിൽ വന്നതിനു ശേഷം അഞ്ചാമത്തെ മേയറാകും മുസ്ലിഹ് മഠത്തിൽ. ആദ്യ മേയർ എൽ.ഡി. എഫിലെ ഇ.പി ലതയും രണ്ടാം മേയർ അതേ കാലയളവിൽ ഭരണം ലഭിച്ച കോൺഗ്രസ് പ്രതിനിധിയായ സുമാ ബാലകൃഷ്ണനും തുടർന്ന് മുസ്ലിം ലീഗിലെ സി.സീനത്തും മേയറായ പ്രവർത്തിച്ചു.
പിന്നീട് വൻഭൂരിപക്ഷത്തിൽ വിജയിച്ച യു.ഡി. എഫ് അധികാരത്തിലെത്തിയതോടെ ആദ്യ മൂന്നുവർഷം മേയറായി ടി.ഒ മോഹനനും ചുമതലയേറ്റു. ഇതിനു ശേഷമുള്ള അഞ്ചാമത്തെ മേയറാണ് മുസ്ലിഹ് മഠത്തിൽ. നേരത്തെയുണ്ടാക്കിയ മുന്നണി ധാരണ പ്രകാരമാണ് രണ്ടാം ടേം മുസ്ലിം ലീഗിന് മേയർപദവി കൈമാറാൻ തീരുമാനിച്ചത്. എന്നാൽ ഇതിൽ തർക്കങ്ങളുണ്ടാവുകയും രണ്ടരവർഷമെന്നത് മൂന്നുവർഷത്തിലേക്ക് എത്തുകയായിരുന്നു.
ഇതിനിടെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം സമ്മർദ്ദം ശക്തമാക്കുകയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നു തങ്ങൾ വിചാരിച്ചിടത്തു കൊണ്ടുവരികയായിരുന്നു. ഇതോടെയാണ് കണ്ണൂർ കോർപറേഷൻ ഭരണപദവി മുസ്ലിം ലീഗിനായി കോൺഗ്രസ് കൈമാറാവാൻ കാരണമായത്. മുന്നണി ധാരണപ്രകാരം ഡെപ്യൂട്ടി മേയർ പദവിയും മാറേണ്ടി വരും.
മുസ്ലിം ലീഗിലെ കെ. ഷബീന ടീച്ചർ മാറി കോൺഗ്രസിലെ കെ.ഇന്ദിര ഡെപ്യൂട്ടി മേയർപദവിയിലേക്ക് വരാനാണ് സാധ്യത. നിലവിൽ കണ്ണൂർ കോർപറേഷനിൽ മേയറുടെ ചുമതല ഡെപ്യൂട്ടി മേയർക്കാണ്. മേയർ തെരഞ്ഞെടുപ്പിനു ശേഷമാണ് ഡെപ്യൂട്ടി മേയർ രാജിവയ്ക്കുക. നഗരസഭാസ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളിലും മാറ്റമുണ്ടായേക്കും.
ഇതിനിടെ കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ രാഗേഷ് രണ്ടും കൽപ്പിച്ചു പോരിനിറങ്ങിയത് ഭരണസമിതിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് പി.കെ രാഗേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. മാസങ്ങളോളം വലിയ ശബ്ദമുണ്ടാക്കാതെ രാഗേഷ് നിശബ്ദനായിരുന്നെങ്കിലും ഇപ്പോൾ പൊട്ടിത്തെറിച്ചിരിക്കുകയാണ്.
പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണെന്ന ചൊല്ലു പോലെയാണ് രാഗേഷിന്റെ ഇപ്പോഴത്തെ നീക്കങ്ങൾ. കഴിഞ്ഞ ദിവസം കണ്ണൂർ കോർപറേഷൻ ഹാളിൽ ഡെപ്യൂട്ടി മേയർ കെ.ഷബീനയും മുൻ മേയർ അഡ്വ.ടി.ഒ മോഹനനും വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ഇടിച്ചു കയറിയാണ് പി.കെ രാഗേഷ് തന്റെ നിലപാട് ഒരിക്കൽ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇസി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനാണ് അഡ്വ. ടി.ഒ മോഹനൻ വാർത്താസമ്മേളനം വിളിച്ചത്.
കോർപറേഷൻ ഭരണസമിതിയെന്ന നിലയിൽ വിളിച്ച വാർത്താസമ്മേളനത്തിൽ മുന്മേയറെയും ഡെപ്യൂട്ടി മേയറെയും കൂടാതെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂരുമാണ് പങ്കെടുത്തത്. വാർത്താസമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് പി.കെ രാഗേഷ് വാർത്താസമ്മേളനം നടന്നുകൊണ്ടിരിക്കെ അവിടേക്കു കടന്നുവരുന്നത്. ഇതിനു ശേഷം വാർത്താസമ്മേളനം അവിടെ നടത്തരുതെന്ന് പി.കെ രാഗേഷ് അറിയിക്കുകയായിരുന്നു. സി.പി. എം ജില്ലാസെക്രട്ടറിക്ക് മറുപടി പറയാനെങ്കിൽ അതു ഡി.സി.സി ഓഫീസിലോ വെച്ചു പറയണം. അല്ലാതെ കോർപറേഷൻ ഓഫീസ് ഉപയോഗിച്ചല്ല ചെയ്യേണ്ടതെന്നാണ് രാഗേഷിന്റെ വാദം. ടി. ഒമോഹനൻ ഇപ്പോൾ വെറും കൗൺസിലർ മാത്രമാണെന്നും താനിപ്പോൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെന്നുമുള്ള വലുപ്പ- ചെറുപ്പ അവകാശവാദവും പി.കെ രാഗേഷ് ഉന്നയിച്ചിരുന്നു.