മലപ്പുറം: ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം തള്ളി മുസ്ലിം ലീഗ്. ഞായറാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോൺഗ്രസ് മുന്നണിയിൽ തന്നെ നിലയുറപ്പിക്കുമെന്ന് പറയാതെ പറയുകയാണ് മുസ്ലിം ലീഗ്. ഇടി മുഹമ്മദ് ബഷീർ, എംകെ മുനീർ, കെ എം ഷാജി എന്നിവരുടെ നിലപാടാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്.

സമസ്തയുടെ നിലപാടും ലീഗ് യോഗത്തിൽ ചർച്ചയായി. ജൂലൈ 15നാണു സിപിഎം സെമിനാർ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ സെമിനാർ. സിപിഎമ്മിനോട് സഹകരിക്കുന്നതിൽ ലീഗിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന് ഒരുവിഭാഗമെന്നാണ് ആരോപിച്ചത്. ലീഗിനുള്ള സിപിഎം ക്ഷണത്തിനെതിരെ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ വോട്ടിൽ കണ്ണുവച്ചാണു സിപിഎം ക്ഷണമെന്നാണു കോൺഗ്രസ് വാദം. ഈ സാഹചര്യത്തിലാണ് ലീഗ് അകലം പാലിക്കുന്നത്. കോൺഗ്രസിന് രാഷ്ട്രീയ ആശ്വാസമാണ് തീരുമാനം.

മുസ്ലിംലീഗ് സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെ വിശദീകരിച്ചു. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സെമിനാർ നടത്താനും പങ്കെടുക്കാനും സംഘടനകൾക്ക് അവകാശമുണ്ടെന്നും തങ്ങൾ പറഞ്ഞു. പാണക്കാട് ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിവിൽ കോഡിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണം. ഇത് മുസ്ലിം വിഷയം മാത്രം അല്ല. എല്ലാവരും ഏറ്റെടുക്കണം. ലീഗ് യുഡിഎഫിലെ പ്രധാന കക്ഷിയാണ്. അതുകൊണ്ടുതന്നെ ലീഗ് സെമിനാറിൽ പങ്കെടുക്കില്ല. കോൺഗ്രസിനെ മാറ്റി ഒന്നും ചെയ്യാനാകില്ല. കോൺഗ്രസിനെ മാറ്റി നിർത്തി സെമിനാറിൽ പങ്കെടുക്കില്ല. പങ്കെടുത്താൽ ദോഷം ഉണ്ടാകും. ലീഗ് സിപിഎം സെമിനാറിന് പോകില്ല. ആർക്കും സെമിനാർ സംഘടിപ്പിക്കാം. ആർക്കും അതിൽ പങ്കെടുക്കാൻ സ്വാതന്ത്ര്യം ഉണ്ട്. സമസ്തക്കും അതിന്റെ സ്വാതന്ത്ര്യം ഉണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

ഇവിടുത്തെ സെമിനാറുകൾ ഭിന്നിപ്പിക്കാൻ വേണ്ടി ആകരുതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോജിപ്പിനുള്ള സെമിനാർ ആണ് വേണ്ടത്. ബില്ല് പരാജയപ്പെടാൻ കോൺഗ്രസ് ഇടപെടലുകൾക്ക് മാത്രമേ കഴിയൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഎം സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു.

ഈ ലക്ഷ്യം വച്ച് പുലർത്തുന്ന ആരുമായും സഹകരിക്കുമെന്നാണ് സമസ്തയുടെ നിലപാട്. രാജ്യത്തിന്റെ നന്മകൾക്ക് എതിരായ ചരിത്രം മുസ്ലിം സമുദായത്തിനില്ല. വികാരപരമായ എടുത്ത് ചാട്ടമല്ല വേണ്ടത്. ഓരോ മതസ്ഥർക്കും അവരുടെ ആചാരപ്രകാരം ജീവിക്കാൻ ഭരണ ഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. മതം അനുശാസിക്കുന്ന മത നിയമങ്ങൾ പാലിക്കപ്പെടണമെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.

ഏക സിവിൽ കോഡിൽ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നൽകും. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. കേരളത്തിൽ ഈ വിഷയത്തിൽ ആര് നല്ല പ്രവർത്തനം നടത്തിയാലും അവർക്കൊപ്പം നിൽക്കും. ഏത് രാഷ്ട്രീയ പാർട്ടികൾക്കൊപ്പവും നിൽക്കും. പൗരത്വ വിഷയത്തിൽ സഹകരിച്ചത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പവും നിൽക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ അല്ല, പാരസ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം നിലനിൽക്കുന്നത്.