ചെന്നൈ: 1948 മാർച്ച് 10ന് ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് രൂപീകരിച്ച ചെന്നൈ രാജാജി ഹാളിൽ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഒരിക്കൽ കൂടി പഴയ യോഗം പുനരാവിഷ്‌കരിച്ചു. പാർട്ടി നേതാക്കളുടെയും ചരിത്രത്തിന്റെയും സ്മരണ പുതുക്കുന്ന ചടങ്ങ് പ്രൗഢവും ആത്മനിർവൃതിയുടേതുമായി. നിരവധി പ്രവർത്തകരും നേതാക്കളും വനിതകളുൾപ്പെടെ ഹാളിലേക്ക് ഒഴുകിയെത്തി. ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വല്ലാത്തൊരു വൈകാരികതയിലൂടെയാണ് മനസ്സ് കടന്ന് പോയതെന്നു സംഭവത്തെ കുറിച്ചു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പാർട്ടി പിറവി കൊണ്ട അതെ ഹാളിനുള്ളിൽ എഴുപത്തഞ്ച് വർഷങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുമ്പോഴും, മുസ്ലിം ലീഗ് സിന്ദാബാദ് എന്ന് ഉച്ചത്തിൽ വിളിച്ചു കൊടുക്കുമ്പോഴും പ്രവർത്തകരത് ഏറ്റു ചൊല്ലുമ്പോഴും തന്റെ മനസ്സ് അഭിമാനത്താൽ ഹർഷാരവം മുഴക്കുകയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചടങ്ങിൽ ദേശീയ അധ്യക്ഷൻ പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, നവാസ് ഗനി, കെ.എ.എം അബൂബക്കർ, അബ്ബാസലി തങ്ങൾ, റഷീദലി തങ്ങൾ തുടങ്ങിയവർ ചരിത്രമുഹൂർത്തത്തിൽ പ്രസംഗികരായി.

അതേ സമയം മുസ്്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷ സമ്മേളന മുന്നോടിയായി നടന്ന സമൂഹ വിവാഹം നവ്യാനുഭവമായിമാറിയിരുന്നു. നിർദ്ധനരായ 75 യുവതികളുടെ വിവാഹ സ്വപ്നം പൂവണിയുന്നതിന്റെ ഒന്നാം ഘട്ടം കഴിഞ്ഞ ദിവസം നടന്നിരുന്നു. അപേക്ഷ ക്ഷണിച്ചു രണ്ട് മാസം പിന്നിട്ടെങ്കിലും 65 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ അർഹതപ്പെട്ടവരെ കണ്ടെത്താൻ അധികാരപ്പെടുത്തിയ പരിശോധനാ സമിതി തിരഞ്ഞെടുത്ത മുസ്ലിം (14), ഹിന്ദു (2), ക്രിസ്ത്യൻ (1)ജോഡികളാണ് കഴിഞ്ഞ ദിവസം സുമംഗലികളായത്. ബാക്കി കോയമ്പത്തൂരിൽ 15ഉം ട്രിച്ചി 15 തിരുനൽവേലി 15, രാമനാഥപുരം 13 ജോഡികളുടെ വിവാഹം ഉടൻ നടക്കും.