മലപ്പുറം: മുസ്ലിംലീഗിലെ പരമപ്രധാന തസ്തികയായ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തിനായി പാർട്ടിക്കുള്ളിൽ ചരടുവലികൾ സജീവം. കുഞ്ഞാലിക്കുട്ടിയില്ലെങ്കിൽ നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജായ പി.എം.എ സലാം തന്നെ വരണമെന്ന പിടിവാശിയിലാണു കുഞ്ഞാലിക്കുട്ടി പക്ഷം. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ റബ്ബർ സ്റ്റാമ്പാണു പി.എം.എ സലാമെന്നും മറ്റു സീനിയർ നേതാക്കളുണ്ടാകുമ്പോൾ അടുത്തിടെ ഐ.എൻ.എൽ വിട്ടുവന്ന സലാമിന് പാർട്ടിയുടെ താക്കോൽ സ്ഥാനം നൽകുന്നത് ശരിയല്ലെന്ന നിലപാടിലാണു കെ.പി.എ മജീദ്, ഇ.ടി. മുഹമ്മദ്ബഷീർ, പി.കെ.ബഷീർ ഉൾപ്പെടെയുള്ള നേതാക്കൾ.

ഇതിനാൽ സലാമിനെ വെട്ടാൻ എം.കെ.മുനീറിനെ സപ്പോർട്ട് ചെയ്ത് ഈ നേതാക്കൾ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്. അതേ സമയം പി.എം.എ സലാമിന്റെ പേര് ഉയർത്തിക്കാട്ടുന്നതോടൊപ്പം തന്നെ അവസാനം ഘട്ടം സംസ്ഥാന ജനറൽ സെക്രട്ടറിയാകാൻ നിലവിലെ ദേശീയ ജനറൽ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി തയ്യാറാകുമെന്ന രഹസ്യ സൂചനകളും പാർട്ടിക്കുള്ളിൽനിന്നും ലഭിക്കുന്നുണ്ട്.

മുസ്ലിംലീഗിൽ ദേശീയ ജനറൽ സെക്രട്ടറിയേക്കാൾ കൂടുതൽ സംസ്ഥാന കാര്യങ്ങളിൽ ഇടപെടാനും തീരുമാനങ്ങളെടുക്കാനുള്ള സാധ്യതകളും സംസ്ഥാന ജനറൽ സെക്രട്ടറിക്കായതിനാൽ തന്നെ കേരളത്തിൽ കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടി തന്നെ ഈ സ്ഥാനത്തേക്കു വരാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അങ്ങനെ വന്നാൽ എതിർപ്പില്ലാതെ കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയാകും.

അതോടൊപ്പം ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം ഇ.ടി. മുഹമ്മദ് ബഷീറിനും കൈമാറാൻ സാധ്യതയുണ്ട്. ആബിദ് ഹുസൈൻ തങ്ങൾ എംഎ‍ൽഎയും സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം നോട്ടമിട്ട് പ്രവർത്തിക്കുന്നതായും ഇതിനായി ചില എംഎ‍ൽഎമാരുടെ പിന്തുണ നേടിയതായും സൂചനകളുണ്ട്. മൂന്നുതവണ എംഎ‍ൽഎയായവർ ഇനി മത്സരിക്കേണ്ടെന്ന ലീഗ് തീരുമാനം മറികടക്കാൻ ആബിദ് ഹുസൈൻ തങ്ങൾ എംഎ‍ൽഎ വന്നാൽ കഴിയുമെന്ന പ്രതീക്ഷയിൽ ചില സീനിയർ എംഎ‍ൽഎമാർ ആബിദ് ഹുസൈൻ തങ്ങൾ എംഎ‍ൽഎക്കു പിന്തുണ വാഗ്ദാനം ചെയ്തതായും സൂചനകളുണ്ട്.

അതേ സമയം എം കെ മുനീറിനെ ജനറൽ സെക്രട്ടറിയാക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ സാദിഖലി തങ്ങളോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം. തുടർന്ന് ജില്ലാ ഭാരവാഹികളെ നേതൃത്വം മലപ്പുറത്തേക്ക് വിളിപ്പിച്ചു. സംസ്ഥാന കൗൺസിലിന് മുന്നോടിയായി യോഗം നടത്താനാണ് തീരുമാനം. മലപ്പുറത്ത് ജില്ലാ സെക്രട്ടറിമാരുടേയും ജനറൽ സെക്രട്ടറിമാരുടേയും യോഗം വിളിച്ച് ഭൂരിപക്ഷാഭിപ്രായം എടുക്കാനാണ് പാർട്ടി അദ്ധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങളുടെ തീരുമാനം.

പിഎംഎ സലാമിനെ കെപിഎ മജീദും, ഇ ടി മുഹമ്മദ് ബഷീറും കെ എം ഷാജിയുമടക്കമുള്ളവർ പിന്തുണയ്ക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം പാർട്ടി ഏൽപ്പിക്കുകയാണെങ്കിൽ അത്തരത്തിലൊരു ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുനീർ അറിയിച്ചതായാണ് വിവരം. മാർച്ച് 18 ന് ആണ് മുസ്ലിംലീഗിന്റെ സംസ്ഥാന കൗൺസിൽ നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും താൽകാലികമായി മാറ്റിവെക്കുമെന്നാണു വിവരം.

നിലവിൽ സംസ്ഥാന ഭാരവാഹി ഭാരവാഹിപട്ടികയിൽ ആബിദ് ഹുസൈൻ തങ്ങൾ, പി.കെ. ബഷീർ, എം.കെ. മുനീർ, കെ.പി.എ. മജീദ്(സീനിയർ വൈസ് പ്രസിഡന്റ്), പി.എം.എ സലാം, അബ്ദുറഹിമാൻ രണ്ടത്താണി, പി.എം. സാദിഖലി, ഇബ്രാഹീംകുഞ്ഞ്(കേസിന്റെ വിധികൂടി മാനിച്ച്),മായീൻഹാജി, സി.പി.ചെറിയ മുഹമ്മദ്, കെ.എം.ഷാജി, ബീമാപള്ളി റഷീദ്, എന്നിവർ ഇടംപിടിക്കുമെന്നാണു പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന രഹസ്യവിവരം.