കണ്ണൂർ: സംഘടനാ കരുത്ത് കൂട്ടി തെറ്റു തിരുത്തൽ സജീവമാക്കാൻ സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം. പ്രാദേശിക കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് മുഴുവൻ സമയ പ്രവർത്തകർ വേണമെന്ന വ്യവസ്ഥ പാർട്ടി കർശനമാക്കും. ഇതിന്റെ ഭാഗമായി സ്ഥിരം ജീവനക്കാരായുള്ളവരെ പാർട്ടി കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കും. സഹകരണ സംഘം ജീവനക്കാർക്ക് ഇനി സെക്രട്ടറിമാരാകാൻ കഴിയില്ല.

പല സഹകരണ സംഘങ്ങളും വിവാദത്തിൽ പെടുന്നു. പാർട്ടി ഭാരവാഹികൾ ബാങ്കുകളിൽ പല ജോലികളും വഹിക്കുന്നു. അതുകൊണ്ട് തന്നെ അഴിമതിയുടെ ഉത്തരവാദിത്തം പാർട്ടിയിലേക്കും വരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം. സ്വകാര്യ-സഹകരണ ജീവനക്കാരെയും മറ്റും ചില ലോക്കലുകളിൽ സെക്രട്ടറിസ്ഥാനത്തേക്ക് കഴിഞ്ഞ സമ്മേളനം തിരഞ്ഞെടുത്തിരുന്നു. പുതിയ കേഡർമാരെ കണ്ടെത്താൻ സാധിക്കാത്തതും പ്രാദേശികമായി നിലനിൽക്കുന്ന വിഭാഗീയതയുമെല്ലാം ഇതിന് കാരണമായി.

ലോക്സഭാ തിരഞ്ഞെടുപ്പിന് പാർട്ടിസംഘടനയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി അത്തരക്കാരെ മാറ്റി മുഴുവൻ സമയ പ്രവർത്തകരെ നിശ്ചയിക്കും. സംസ്ഥാന സമിതിയുടെ ഈ തീരുമാനത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ജോലിക്കാരായവരെ മാറ്റി പകരം മുഴുവൻസമയ പ്രവർത്തകരെ നിശ്ചയിക്കാൻ നടപടി ആരംഭിച്ചു. നിലവിൽ ഏരിയാസെക്രട്ടറിമാരെല്ലാം മുഴുവൻസമയപ്രവർത്തകരാണ്.

സ്വകാര്യ, സ്‌കൂൾ അദ്ധ്യാപകരും സഹകരണ ജീവനക്കാരും ഉൾപ്പെടെയുള്ളവർ പാർട്ടികമ്മിറ്റികളിലെ അംഗങ്ങളായി പ്രവർത്തിച്ചുവരുന്നുണ്ട്. അവർക്ക് അംഗങ്ങളായി തുടരാം. മുഴുവൻ സമയപ്രവർത്തകർക്ക് അവരുടെ സാമ്പത്തികസ്ഥിതിയനുസരിച്ച് പാർട്ടി അലവൻസ് അനുവദിക്കുകയോ അവരുടെ ഭാര്യക്കോ മക്കൾക്കോ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ജോലിനൽകുകയോ ചെയ്യും. സ്വന്തമായി വരുമാനമുള്ള പ്രവർത്തകർക്ക് അലവൻസ് ലഭിക്കില്ല.

പാർട്ടി ഫണ്ടിൽനിന്നും പാർട്ടി അംഗങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന ലെവിയിൽനിന്നുള്ള വരുമാനം ഉപയോഗിച്ചും മുഴുവൻസമയ പ്രവർത്തകർക്ക് അലവൻസ് നൽകുന്നത് പരിഗണനയിലുണ്ട്.