- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിന്ദുത്വ അജണ്ടയ്ക്കെതിരെ നിലപാട് എടുക്കുന്ന ആരുമായും ചേർന്ന് പോകാനാണ് ഞങ്ങളുടെ തീരുമാനം; ഇംഗ്ലണ്ടിലെ പള്ളികളെ കുറിച്ച് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു; മുസ്ലിം സമുദായത്തിനകത്ത് ഏക സിവിൽ കോഡിനെതിരെ ഒറ്റ മനസ്സ്; അത് സിപിഎം തിരിച്ചറിയുന്നു; നാലു സെമിനാറുകൾ നടത്തും; ലീഗ് വന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല; നിലപാട് പറഞ്ഞ് എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഏക സിവിൽകോഡിനെതിരെ സിപിഎം നാല് സെമിനാറുകൾ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ. ഏക സിവിൽകോഡിനെതിരെ ലീഗടക്കമുള്ളവർ നടത്തുന്ന പ്രതിഷേധ വേദികളിൽ പങ്കെടുക്കുന്നതിന് സിപിഎമ്മിന് തടസ്സമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. 'ഹിന്ദുത്വ അജണ്ടയ്ക്കെതിരെ നിലപാട് എടുക്കുന്ന ആരുമായും ചേർന്ന് പോകാനാണ് ഞങ്ങളുടെ തീരുമാനം' ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഏക സിവിൽകോഡിനെതിരായ സമരത്തിൽ മുസ്ലിംലീ?ഗിനെ വീണ്ടും ക്ഷണിക്കുകയാണ് സിപിഎം. ലീഗ് യുഡിഎഫിന്റെ ഭാഗമായ രാഷ്ട്രീയ പാർട്ടിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഫാസിസത്തിലേക്കുള്ള യാത്ര തടയാനാണ് ഞങ്ങളുടെ ശ്രമം. വർഗീയ കക്ഷികളൊഴിച്ചുള്ളവരുടെ കൂട്ടായ്മയാണ് ലക്ഷ്യം. ഏക സിവിൽ കോഡിനെതിരെ നിരവധി സെമിനാറുകൾ നടത്തുന്നു. മുസ്ലിം സമുദായത്തിൽ ഏക സിവിൽ കോഡിനെതിരെ ഒറ്റമനസ്സാണ്. അത് ഹിന്ദുത്വയ്ക്കെതിരാണ്. വിശാല ഐക്യപ്രസ്ഥാനം രൂപപ്പെടണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ലീഗിന് അവരുടെ ന്യായമുണ്ടാകും. ഇമ്മാതിരിയുള്ള ശ്രമത്തിന് ആര് മുൻ കൈ എടുത്താലും ഞങ്ങൾ സഹകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വർഗീയ ശക്തികളൊഴിച്ച് എല്ലാവരുടേയും പിന്തുണ വേണം. ഒരു നിലപാട് സ്വീകരിക്കുന്നവരെയാണ് ഞങ്ങൾ ക്ഷണിച്ചിട്ടുള്ളത്. കോൺഗ്രസിന് ഒരു നിലപാടില്ലാത്തതുകൊണ്ടാണ് അവരെ ക്ഷണിക്കാത്തത്. ഓരോ സംസ്ഥാനത്തും അവർക്ക് ഓരോ നിലപാടാണ്. നാല് സെമിനാറുകൾ നടത്താനാണ് തീരുമാനം. ഏക സിവിൽകോഡിനെതിരെ അത്തരത്തിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളുണ്ടാകും.
മുസ്ലിം സമുദായത്തിനകത്ത് ഏകസിവിൽകോഡിനെതിരെ ഒറ്റ മനസ്സാണ്. അത് സിപിഎം തിരിച്ചറിയുന്നുണ്ട്. മുസ്ലിം ലീഗ് യോഗത്തിൽ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യേണ്ടത് അവരുടെ തീരുമാനമാണ്. ഇവിടെയൊരു വിശാലമായ ഐക്യപ്രസ്ഥാനം രൂപപ്പെടണം. അതിന്റെ ഭാഗമായി ഒരു വിശാലമായ കാൽവെപ്പാണ് തങ്ങൾ നടത്തിയിട്ടുള്ളത്. അതിൽ എല്ലാവരും പങ്കെടുക്കണമെന്ന് തങ്ങൾക്ക് നിർബന്ധമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ഇതിനിടെ ഇംഗ്ലണ്ടിലെ പള്ളികളെ കുറിച്ച് താൻ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. 'അവിടെ പോയപ്പോൾ കണ്ട ചിത്രം ഞാൻ പറഞ്ഞതാണ്. അത് ആർക്കെങ്കിലും വിഷമം ഉണ്ടാക്കാൻ വേണ്ടി പറഞ്ഞതല്ല' ഗോവിന്ദൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പരാമർശങ്ങളെ അപലപിച്ച് പാസ്റ്റർ കൗൺസിൽ രംഗത്തെത്തിയിരുന്നു.
ക്രൈസ്തവ പൗരോഹിത്യത്തെയും സന്ന്യാസത്തെയും ട്രേഡ് യൂണിയൻ പ്രവർത്തനമായിക്കണ്ട് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തിയ സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന അപലപനീയമാണെന്ന് തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ പ്രസ്താവന ഇറക്കിയിരുന്നു.
യൂറോപ്പിന്റെ സമഗ്രവികസനത്തിന് പുരോഹിതരുടെയും സന്ന്യസ്തരുടെയും നേതൃത്വത്തിൽ ക്രൈസ്തവസഭ നൽകിയ സംഭാവനകൾ എന്തെന്നറിയാൻ ചരിത്രം പഠിക്കണം. അഞ്ചുദിവസത്തെ സന്ദർശനംകൊണ്ട് എല്ലാം പഠിച്ചെന്നരീതിയിൽ അദ്ദേഹം നടത്തിയ പ്രസ്താവനകളെ വിശ്വാസിസമൂഹം തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയും.
കേരളത്തിന്റെ നവോത്ഥാനത്തിന് ഇവിടത്തെ ക്രൈസ്തവസമൂഹം നൽകിയ സംഭാവനകൾ തമസ്കരിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്നതിലെ ദുഷ്ടലാക്ക് വിശ്വാസിസമൂഹം തിരിച്ചറിയുമെന്നും പാസ്റ്ററൽ കൺസിൽ ജനറൽ സെക്രട്ടറി ഫാ. ജോസഫ് മുട്ടത്തുകുന്നേൽ, സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ