- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'39 ട്രെയിൻ അങ്ങോട്ടും ഇങ്ങോട്ടും; ഓരോ 20 മിനിറ്റു കൂടുമ്പോഴും ട്രെയിൻ; കണ്ണൂരിൽ നിന്ന് ചായ കുടിച്ച്, കൊച്ചിയിൽ നിന്ന് ഭക്ഷണം കഴിച്ചുവരാം'; കേന്ദ്രാനുമതി കിട്ടിയാൽ കെ റെയിൽ നടപ്പിലാക്കുമെന്ന് എം വിഗോവിന്ദൻ
കണ്ണൂർ: കേന്ദ്രസർക്കാരിന്റെ അംഗീകാരം കിട്ടിയാൽ കെ റെയിൽ കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ. കെ റെയിലിനുവേണ്ടിയുള്ള ശ്രമങ്ങളെ യുഡിഎഫും ബിജെപിയും കൂടി പൊളിച്ചു. കെ റെയിലിലൂടെ കണ്ടത് 50 കൊല്ലത്തിന്റെ വളർച്ചയാണ്. അതിനെയാണു പാരവച്ചതെന്നും എം വിഗോവിന്ദൻ കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെ അനുമതി കിട്ടിയാൽ സർക്കാരിന്റെ അംഗീകാരം കിട്ടിയാൽ കെ റെയിലും എൽഡിഎഫ് സർക്കാർ നടപ്പിലാക്കുക തന്നെ ചെയ്യും, ഒരു സംശയവും വേണ്ട എന്ന് എം വി ഗോവിന്ദൻ പ്രസംഗത്തിൽ സൂചിപ്പിച്ചതിന് പിന്നാലെ സദസ്സിൽനിന്ന് കൈയടിയുണ്ടായി. എന്നാൽ, അതിന് ശക്തിപോരെന്ന് സിപിഎം. സെക്രട്ടറി പരിഭവപ്പെട്ടു. 'കൈയടിക്കൊന്നും ഒരു ശക്തിയുമില്ല, ആടിപോയിട്ടാണ്. രാവിലെ ഒന്നും കഴിക്കുന്ന രീതിയില്ല', എം വി ഗോവിന്ദൻ പറഞ്ഞു.
''39 ട്രെയിൻ തിരുവനന്തപുരത്തുനിന്നും കാസർകോടേക്ക്. 39 എണ്ണം തിരിച്ചും. ഓരോ 20 മിനിറ്റു കൂടുമ്പോഴും രണ്ടാമത്തെ ട്രെയിൻ വരും. പാച്ചേരീന്ന് ഒരു ബസിനു തളിപ്പറമ്പ് പോകണമെങ്കിൽ എത്ര സമയം കാത്തിരിക്കണം. കാസർകോടുനിന്നു കയറിയാൽ 3 മണിക്കൂർ 54 മിനിറ്റുകൊണ്ട് തിരുവനന്തപുരത്ത് എത്തും. കണ്ണൂരുനിന്നു കൊച്ചിക്കു പോവാൻ ഒന്നരമണിക്കൂർ മതി. ഇവിടെനിന്നു ചായയും കുടിച്ചു അവിടെനിന്നു ഭക്ഷണവും കഴിച്ചു തിരിച്ചുവരാം. വൈകിട്ടു വീട്ടിൽ വന്നിട്ടു ഭക്ഷണവും കഴിക്കാം'' എം വിഗോവിന്ദൻ പറഞ്ഞു.
''കേരളത്തിന്റെ ഏതറ്റം വരെയും പോകാനുള്ള സൗകര്യമാണ് കെ റെയിൽ. 50 കൊല്ലത്തിന്റെ വളർച്ചയാണ് കെ റെയിലിലൂടെ കണ്ടത്. അതിനെയാണു പാര വച്ചത്. പിണറായി വിജയൻ സർക്കാർ ഇതുപോലെ മുന്നോട്ടു പോയാൽ നമ്മുടെ കാര്യം പോക്കാണെന്നു കരുതി ഇനിയൊരു വികസപ്രവർത്തനവും കേരളത്തിൽ നടന്നുകൂടായെന്ന് അവർ തീരുമാനിച്ചു. ഇതുപോലെയൊരു പ്രതിപക്ഷം ലോകത്ത് എവിടെയെങ്കിലുമുണ്ടോ. ഒരുതരത്തിലുള്ള വികസനപ്രവർത്തനവും നടത്താൻ പാടില്ലെന്ന നിലപാടാണ് അവർക്ക്. 50 കൊല്ലത്തിന്റെ അപ്പുറത്തെ വികസനം ഇപ്പഴേ കാണണം'' എം വിഗോവിന്ദൻ പറഞ്ഞു.




