തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കെതിരെ ഇത്തരം നിലപാടുണ്ട്. അന്വേഷണം നടക്കട്ടെ. പിണറായി വിജയന്റെ മകളെന്ന നിലയിലാണ് അന്വേഷണം. കോൺഗ്രസ് ഇക്കാര്യത്തിൽ അവസരവാദ നിലപാട് എടുക്കുന്നു. ഇഡി അന്വേഷണത്തിൽ പോലും കോൺഗ്രസിന് ഇരട്ട നിലപാടാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട നീക്കമാണിതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം ഇതിനെ ഭയപ്പെടുന്നില്ല. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

വീണക്കെതിരായ അന്വേഷണത്തിൽ സിപിഎം പ്രതികൂട്ടിലല്ല. പാർട്ടി പ്രതികൂട്ടിലാണെന്ന് വരുത്താൻ മാധ്യമങ്ങൾ ശ്രമിക്കേണ്ട. ബിജെപിയുമായി ബന്ധമുള്ള നേതാവിന്റെ മകനാണ് വീണക്കെതിരെ പരാതി നൽകിയത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച് കോൺഗ്രസിന് അവസരവാദ നിലപാടാണ് ഉള്ളത്. അവരുടെ നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ കോൺഗ്രസ് അതിനെ എതിർക്കുന്നു. എന്നാൽ, മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ അത് അവർ സ്വാഗതം ചെയ്യുന്നു. ആം ആദ്മി പാർട്ടിക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തിയ നടപടികളെ കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ് ചെയ്യുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

പിണറായി സൂര്യനെ പോലെയെന്ന് താൻ പറഞ്ഞത് വ്യക്തിപൂജയല്ല. കേന്ദ്ര ഏജൻസികൾ പിണറായിയെന്ന സൂര്യനടുത്തേക്ക് എത്താനാവില്ലെന്നാണ് താൻ പറഞ്ഞത്. ഈ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. ചില സാഹിത്യകാരന്മാരെ ഇക്കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കാനും മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും എം വിഗോവിന്ദൻ വ്യക്തമാക്കി. ഏത് വിമർശനത്തെയും ഉൾക്കൊണ്ട് മാറ്റങ്ങൾ വരുത്തുമെന്നും മാറ്റത്തിന് വിധേയമാകാത്ത പാർട്ടിയല്ല സിപിഎമ്മെന്നും ഗോവിന്ദൻ പറഞ്ഞു. സാഹിത്യകാരന്മാരായാലും കലാകാരന്മാരായാലും ഉന്നയിക്കുന്ന വിമർശനങ്ങൾ കാത് കൂർപ്പിച്ച് തന്നെ കേൾക്കും. അതിനനുസരിച്ച മാറ്റം ആവശ്യമെങ്കിൽ വരുത്തും.

ക്രിയാത്മക നിലപാടിനൊപ്പമാണ് സിപിഎം. വ്യക്തിപൂജയെ പാർട്ടി അംഗീകരിക്കില്ല. മുഖ്യമന്ത്രി സൂര്യനെപ്പോലെ എന്ന് പറഞ്ഞത് വ്യക്തിപൂജയല്ല. തെറ്റായ ഒരു കാര്യത്തിനും മുഖ്യമന്ത്രിയുടെ മുന്നിൽ എത്താൻ കഴിയില്ല എന്നാണ് ഉദ്ദേശിച്ചത്. അത് വ്യാഖ്യാനിച്ച് സാഹിത്യകാരന്മാരിൽ പോലും തെറ്റിദ്ധാരണ ഉണ്ടാക്കി. എം ടി. വാസുദേവൻ നായരുടെ കാര്യമല്ല താൻ ഉദ്ദേശിച്ചതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. 2003ലാണ് എം ടി പ്രസ്തുത ലേഖനം എഴുതിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയെയാകും ഉദ്ദേശിച്ചത്. അത് ഇപ്പോൾ പ്രസംഗിച്ചത് എന്തിനാണെന്ന് എം ടിയോട് തന്നെ ചോദിക്കണം. ലോകത്തിന്റെ പൊതുചിത്രമാണ് എം ടി പറഞ്ഞതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഇടതുപക്ഷത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് അയോധ്യ രാമക്ഷേത്രത്തിലെ കോൺഗ്രസ് നിലപാട്. ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട് എന്നതായിരുന്നു കോൺഗ്രസിന്റെ ആദ്യ നിലപാട്. ഉറച്ച നിലപാട് സ്വീകരിക്കാൻ കേരളത്തിലെ കോൺഗ്രസിന് പോലും സാധിച്ചിരുന്നില്ല. മറ്റ് പല സംസ്ഥാനങ്ങളിലേയും കോൺഗ്രസ് ഇപ്പോഴും ക്ഷേത്രോദ്ഘാടനം ആഘോഷമാക്കി മാറ്റുന്നുണ്ട്. വിശ്വാസത്തെ സംരക്ഷിക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. പണി തീരാതെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുന്നത് രാഷ്ട്രീയമാണ്. അതിനു പിന്നിൽ വർഗീയതയുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

നവകേരള സദസിലെ പരാതികൾ പരിശോധിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. 35 ലക്ഷം ജനങ്ങളുമായാണ് സംവദിച്ചത്. ഇതിനെതിരെ യു.ഡി.എഫ് നടത്തിയ ബദൽ പരിപാടി ജനങ്ങളില്ലാതെ ശോഷിച്ച് പോയി. പരിപാടിയുടെ അവസാന സമയം യു.ഡി.എഫ് കലാപാഹ്വാനമാണ് നടത്തിയത്. യു.ഡി.എഫ് നേതാക്കളുടെ സമനില തെറ്റിയ അവസ്ഥയിലായി. ദേശാഭിമാനി കന്നട ഭാഷയിൽ പ്രസിദ്ധീകരിക്കും. അടുത്തമാസം ആരംഭിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

എക്‌സാലോജിക്കിനെതിരായ അന്വേഷണത്തിൽ സിപിഎമ്മിന് ഭയപ്പെടേണ്ട കാര്യമില്ല. കമ്പനികൾ തമ്മിലുള്ള കരാറാണ് ഉണ്ടായത്. പിണറായി വിജയന്റെ മകൾ ആയതുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഏത് വകുപ്പിന് എതി?രെയും അന്വേഷണം നടക്കട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.