- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശൈലജയെ മുഖ്യമന്ത്രിയാക്കുന്നത് സിപിഎം അജണ്ടയല്ല
തിരുവനന്തപുരം: കെകെ ശൈലജയെ മുഖ്യമന്ത്രിയായി കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന ചർച്ചകൾക്കിടെ മുഖ്യമന്ത്രി പിണറായി വജിയൻ തന്നെയാണ് കേരളത്തിലെ പ്രധാന നേതാവെന്ന് വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരുത്തലെന്ന് പറഞ്ഞാൽ മുഖ്യമന്ത്രിയെ മാറ്റൽ അല്ലെന്ന് പറയുകയാണ് ഗോവിന്ദൻ. എന്തിന് നേതൃമാറ്റം. ഏറ്റവും പ്രധാനപ്പെട്ട നേതാവല്ലേ പിണറായി. തുടർഭരണത്തിലേക്കു കേരളത്തെ നയിക്കാൻ നെടുംതൂണായി നിന്നത് പിണറായിയാണ്. ഇപ്പോഴുമതേ. പാർട്ടിയുടെയും സർക്കാരിന്റെയും മുന്നിൽ അത്തരമൊരു കാര്യമില്ലെന്നാണ് ഗോവിന്ദന്റെ പ്രതികരണം. എന്നാൽ തെറ്റു തിരുത്തലിൽ ഇപി ജയരാജനെതിരെ പരിശോധനകളുണ്ടാകുമെന്നും ഗോവിന്ദൻ വിശദീകരിക്കുന്നു.
അതായത് ശൈലജയെ മുഖ്യമന്ത്രിയാക്കിയുള്ള പരീക്ഷണം ഗോവിന്ദനും ആഗ്രഹിക്കുന്നില്ല. സംഘടനാപരമായ പരിശോധനയും ഞങ്ങൾ നടത്തും. ഞങ്ങൾ നന്നായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ദേശീയ രാഷ്ട്രീയത്തിന്റെ കാര്യത്തിൽ അതിന്റെ നേട്ടം യു.ഡി.എഫിനാണ് ലഭിച്ചത്. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി ഫലപ്രദമായ രാഷ്ട്രീയ പരിപാടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് ഗോവിന്ദന്റെ വിശദീകരണം. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി 'മാതൃഭൂമി' ചീഫ് റിപ്പോർട്ടർ കെ. രാജേഷ് കുമാർ നടത്തിയ അഭിമുഖത്തിലാണ് ഈ പരാമർശമുള്ളത്.
ഇ.പി. ജയരാജൻ ബിജെപി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ ഞങ്ങൾ ഗൗരവപൂർവം പരിശോധിക്കും. എന്തെല്ലാം മാറ്റം വരുത്തണോ അതെല്ലാം ഞങ്ങൾ ചെയ്യും. തിരുത്താനാണല്ലോ എല്ലാം-ഇതാണ് ഗോവിന്ദന്റെ പരാമർശം. അതായത് ഇപിയ്‌ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്ന് പറഞ്ഞു വയ്ക്കുകയാണ് ഗോവിന്ദൻ. ശൈലജയുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും അഭിമുഖത്തിൽ ഉയർന്നില്ല. എങ്കിലും മുഖ്യമന്ത്രിയായി പിണറായി മതിയെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞു വയ്ക്കുന്നുവെന്നതാണ് വസ്തുത. ഇനിയും ഭരണ തുടർച്ചയിലേക്ക് സിപിഎമ്മിനെ നയിക്കാൻ പിണറായിക്കാകുമെന്ന സൂചനകളാണ് ഗോവിന്ദന്റെ വാക്കുകളിലുള്ളത്.
സർക്കാർ നടപ്പാക്കേണ്ട കാര്യങ്ങളിൽ ഊന്നൽ നൽകേണ്ടത് ഏതിലാണ് എന്നതിൽ കൃത്യമായ ധാരണയുണ്ടാക്കും. വർഗപരമായി ഏറ്റവും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് നൽകേണ്ടുന്ന ആനുകൂല്യങ്ങൾ കൊടുക്കാൻ സാധിക്കണം എന്ന നിലയിൽ കാര്യങ്ങൾ കൈകാര്യംചെയ്യാൻ കഴിയണമെന്നാണ് ആലോചിക്കുന്നത്. പാർട്ടിയും സർക്കാരും ആ രീതിയിൽ മുന്നോട്ടുപോകണമെന്നാണ് കാണുന്നതെന്ന് മാതൃഭൂമിയോട് ഗോവിന്ദൻ പറഞ്ഞു.
ഞങ്ങൾ എന്തൊക്കെ തിരുത്തേണ്ടതുണ്ടോ അതൊക്കെ തിരുത്തും. അതിന് ഒരു പ്രയാസവുമില്ല. മാറാതെ എന്തെങ്കിലുമുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചാൽ മാറ്റാം. മാറാതിരിക്കുന്ന ഒരു പ്രശ്‌നം മാർക്‌സിസ്റ്റുകാരനെ സംബന്ധിച്ചുമില്ല. നിങ്ങൾ വേറേ എന്തെങ്കിലും രീതിയിൽ അത് അടിച്ചേൽപ്പിക്കേണ്ട കാര്യമില്ല. അതുകൊണ്ട് എന്തെല്ലാം മാറണോ അതെല്ലാം ഞങ്ങൾ മാറ്റും. ഏതെല്ലാം തരത്തിലുള്ള മാറ്റം വരുത്തണോ അതിന് പാർട്ടിയാണ് മുന്നിൽനിന്ന് പ്രവർത്തിക്കേണ്ടത്. അല്ലാതെ അരൂപിയായ ആരെപ്പറ്റിയും പറയേണ്ട കാര്യമില്ലല്ലോ?-ഗോവിന്ദൻ വിശദീകരിച്ചു.
ബിജെപി.യുടെ തൃശ്ശൂർ ജയം അപകടകരമായ ചൂണ്ടുപലകയാണ്. ഒല്ലൂർ പോലുള്ള മണ്ഡലത്തിൽനിന്ന് കോൺഗ്രസിന് പരമ്പരാഗതമായി കിട്ടിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ വോട്ട് ഉൾപ്പെടെ പതിനയ്യായിരം വോട്ടാണ് കുറഞ്ഞത്. ഏറ്റവും അപകടകരമായി ബിജെപി.ക്ക് ജയസാധ്യതയുള്ള മണ്ഡലത്തിൽ മാത്രം 86,000 വോട്ടാണ് കോൺഗ്രസിന് കുറഞ്ഞത്. ഞങ്ങൾക്കും അവിടെ വോട്ട് നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ, 74,000 വോട്ടിനാണ് ജയം. സിംഹഭാഗ സംഭാവന യഥാർഥത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നുമാണ്. അതും ദൂരവ്യാപകഫലം ഉളവാക്കുന്നതാണ്.
കരുവന്നൂർ സഹകരണബാങ്കിന്റെ പേരിൽ സിപിഎമ്മിനെതിരായി വലിയവേട്ട നടത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ എല്ലാ ഏജൻസികളെയും അതിനായി ഉപയോഗിച്ചു. ഭരണഘടനാ സ്ഥാപനങ്ങൾ ആർ.എസ്.എസിന്റെ താളത്തിനൊത്തു തുള്ളുന്ന സ്ഥിതി വന്നു. കോൺഗ്രസിനെതിരായി വരുന്നത് കോൺഗ്രസ് പ്രതിരോധിച്ചു. എന്നാൽ, അതിന്റെ അഖിലേന്ത്യാ നേതാവ് വന്നപ്പോൾ പിണറായിയെ എന്തുകൊണ്ട് അറസ്റ്റുചെയ്തില്ലെന്ന് ചോദിക്കുന്നതിലേക്കാണ് കാര്യങ്ങൾ എത്തിയത്. നയമില്ലായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്. എല്ലാം ചേർത്ത് ബിജെപി.ക്ക് ജയിക്കാനുള്ള അന്തരീക്ഷം അവർ സൃഷ്ടിച്ചതിനൊപ്പം കോൺഗ്രസിന്റെ ക്രിയാത്മക സഹായവുമായപ്പോൾ അവർക്ക് എളുപ്പത്തിൽ കാര്യം നേടാനായി-ഇതാണ് സുരേഷ് ഗോപിയുടെ വിജയത്തിൽ സിപിഎം സെക്രട്ടറിയുടെ വാക്കുകൾ.