തിരുവനന്തപുരം: എസ്എന്‍ഡിപിയെ കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്നും മുസ്ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിശ്വാസികളെ അടക്കം വര്‍ഗീയവത്കരിക്കാനാണ് ബിജെപിയുടെ നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം.

ബിജെപിയുടെ മതരാഷ്ട്ര വാദ നിലപാടിനെതിരെ ശക്തമായ ആശയ പ്രചാരണം വേണം. ക്ഷേത്രങ്ങള്‍ കയ്യടക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണ്. ക്ഷേത്രമുറ്റത്ത് ശാഖകള്‍ അടക്കം നടത്തുന്നു. വിശ്വാസികളാരും വര്‍ഗീയവാദികളല്ല. വിശ്വാസികളുടെ കേന്ദ്രങ്ങളില്‍ വര്‍ഗ്ഗീയ വാദം അനുവദിച്ച് കൊടുക്കാന്‍ പറ്റില്ല. ആരാധനാലയങ്ങളില്‍ ആര്‍ക്കും പോകാം. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ വിശ്വാസികള്‍ ധാരാളം ഉണ്ട്. പാര്‍ട്ടി മെമ്പറാകുന്നത് ആരാധനാലയത്തില്‍ പോകുന്നതില്‍ തടസമല്ല. ബിജെപിയുടെ എല്ലാ ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കാന്‍ സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്എന്‍ഡിപിയുടെ നേതാക്കള്‍ സിപിഎം വിമര്‍ശനം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എന്‍ഡിപി നേതാക്കള്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ പോലും നടത്തുന്നു. ബിഡിജെഎസിനെ ഒരു ഉപകരണമാക്കി ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്ന് പ്രചരിപ്പിച്ചു. ബിഡിജെഎസ് വഴി ബിജെപി അജണ്ട നടപ്പാക്കുന്നതില്‍ വിമര്‍ശനം തുടരും. എസ്എന്‍ഡിപിയെ കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മുസ്ലിം ലീഗിന്റെ വര്‍ഗ്ഗീയ നിലപാടിനെ തുറന്ന് കാണിക്കും. വര്‍ഗീയ ശക്തികള്‍ പരസ്പരം കുറ്റപ്പെടുത്തി ശക്തിപ്പെടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ന്യൂനപക്ഷങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കാനും ആര്‍എസ്എസ് ശ്രമിക്കുന്നുണ്ട്. ന്യൂനപക്ഷ പരിരക്ഷക്ക് പ്രാധാന്യം നല്‍കും. ഇടതുപക്ഷം പ്രധാന ചുമതലയായി ന്യൂനപക്ഷ പരിരക്ഷ ഏറ്റെടുക്കും. നഗരമേഖലയില്‍ സിപിഎം സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തുംയ നവ മാധ്യമങ്ങളില്‍ സിപിഎം വിരോധം വലിയ തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്.

എന്തും ചെയ്യാന്‍ മടിയില്ലാത്ത മാധ്യമ ശൃംഘല സിപിഎമ്മിനെതിരെ തിരിയുകയാണ്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ ആശയ പ്രചാരണം ശക്തിയായി നവമാധ്യമങ്ങളില്‍ നടപ്പാക്കും. നവമാധ്യമ കടന്നാക്രമണങ്ങള്‍ കൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്തെ മേയറെയും മുഖ്യമന്ത്രിയേയും ഉദ്യോഗസ്ഥരേയും എല്ലാം കടന്നാക്രമിക്കുന്നു. ഐഎഎസുകാരിയായ ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്ന ആക്രമണം അവര്‍ സ്ത്രീയായത് കൊണ്ടാണ്. കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയായത് കൊണ്ട് ഔദ്യോഗികമായ പദവികളെ പോലും വിമര്‍ശിക്കുന്നു. ദിവ്യയെ ആക്രമിച്ചതിന് മുന്നില്‍ നിന്നത് മുന്‍നിര കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. അന്ധ വിശ്വാസവും സ്ത്രീ വിരുദ്ധതയും ആണ് കോണ്‍ഗ്രസില്‍ നടക്കുന്നത്.

തെറ്റു തിരുത്തല്‍ സ്വാഭാവിക പ്രക്രിയ മാത്രമാണ്. ഒരു തെറ്റും വച്ച് പൊറുപ്പിക്കില്ല. സര്‍ക്കാര്‍ തലത്തിലെ മുന്‍ഗണന മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ക്ഷേമ പെന്‍ഷന്‍ അടക്കം കുടിശിക അടക്കം തീര്‍ക്കും. മുന്‍ഗണന തീരുമാനിക്കാനും അത് നടപ്പാക്കാനും സിപിഎം ശ്രമിക്കുന്നുണ്ട്. ധനകാര്യ മാനേജ്‌മെന്റ് നല്ല നിലയിലാണ് കേരളത്തില്‍ നടക്കുന്നത്. പദ്ധതി നിര്‍വ്വഹണത്തിലടക്കം മുന്‍വര്‍ഷങ്ങളേക്കാള്‍ മെച്ചമുണ്ടായിട്ടുണ്ട്. വികസന മുരടിപ്പ് എന്ന വിമര്‍ശനത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപി ജയരാജന്‍ ബിജെപി ബന്ധ വിവാദത്തോട് ഉയര്‍ന്ന ചോദ്യത്തിന് സംഘടനാ കാര്യങ്ങള്‍ വിശദമായി അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിഷയം അടഞ്ഞ അധ്യായമായത് കൊണ്ടാണോയെന്ന് വീണ്ടും ചോദ്യം ഉയര്‍ന്നു. അടഞ്ഞ അധ്യയമാണെങ്കില്‍ ചര്‍ച്ച ചെയ്യുമെന്ന് പറയുമോ എന്ന് അദ്ദേഹം പ്രതികരിച്ചു. തിരുത്തേണ്ടവര്‍ ആരായാലും തിരുത്തും. ആരൊക്കെയാണോ തിരുത്തേണ്ടത് അവരൊക്കെ തിരുത്തും. അതില്‍ ഒരു പ്രത്യേക നേതാവിനെ എടുത്ത് പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.