കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച് നൽകിയ വിരുന്നിന്റെ പേരിൽ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനെതിരെ വലിയ പ്രചരണങ്ങളാണ് സിപിഎം നടത്തുന്നത്. സൈബറിടത്തിലൂടെയും മറ്റും അദ്ദേഹത്തെ ബിജപിക്കാരനായി ചിത്രീകരിച്ചു കൊണ്ടാണ് പ്രചരണം കൊഴുക്കുന്നത്. ഇത്തരം പ്രചരണങ്ങൾ തള്ളിക്കൊണ്ട് പ്രേമചന്ദ്രൻ രംഗത്തെത്തി. പ്രധാനമന്ത്രി നൽകിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഎം ശ്രമിക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു.

വളരെ വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സിപിഐ എം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടർന്നാണ് പോയത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാർലമെന്ററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഎം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയും.

താൻ ആർ എസ് പിയായി തന്നെ തുടരുമെന്ന് വ്യക്തമാക്കിയ എംപി, രാഷ്ട്രീയ മുതലടെപ്പിന് സി പി എം ശ്രമിക്കുകയാണെന്നും വിമർശിച്ചു. തനിക്കെതിരെ സിപിഎം വ്യാജ വീഡിയോകൾ ഉണ്ടാക്കി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉച്ചഭക്ഷണ വിരുന്നിൽ രാഷ്ട്രീയമില്ലെന്നു അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയമായ ഒരു വിഷയവും പ്രധാനമന്ത്രി സംസാരിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് അപ്രതീക്ഷിതമായാണ് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത്.

രാഷ്ട്രീയം വേറെ സൗഹൃദം വേറെ. തന്നെക്കുറിച്ച് മോശം പരാമർശം നടത്തിയ പിണറായി വിജയനെ മകന്റെ വിവാഹം ക്ഷണിച്ചു. മോദിക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം സഭയിൽ സർക്കാരിനെ വിമർശിച്ച് സംസാരിച്ചു. ഇത്തരം ആരോപണം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുമുണ്ടായിരുന്നു. ജനത്തിന് എല്ലാം അറിയാമെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പം എൻ.കെ.പ്രേമചന്ദ്രൻ എംപി പാർലമെന്റിലെ വിരുന്നിൽ പങ്കെടുത്തതിനെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും എളമരം കരീം എംപിയും രൂക്ഷമായി വിമർശിച്ചിരുന്നു. എന്ത് അന്തർധാരയുടെ ഭാഗമാണ് ഇതെന്നായിരുന്നു ഇ.പി.ജയരാജന്റെ ചോദ്യം. ഇന്ത്യ സഖ്യത്തോട് കാണിച്ച വഞ്ചനയെന്നായിരുന്നു എളമരം കരീം എംപിയുടെ വിമർശനം. ഇന്ത്യാ മുന്നണിയിലെ മറ്റൊരാളും പങ്കെടുക്കാത്ത സാഹചര്യത്തിൽ പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ട്. പ്രേമചന്ദ്രനെ കണ്ടുകൊണ്ടാണോ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്. കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും എളമരം കരീം പാലക്കാട്ട് ആവശ്യപ്പെട്ടിരുന്നു.

പ്രേമചന്ദ്രന് പുറമേ ബിജെപി എംപിമാരായ ഹീന ഗവിത്, എസ്.ഫാൻഗ്നോൺ കൊന്യാക്, ജംയാങ് സെറിങ് നംഗ്യാൽ, കേന്ദ്രമന്ത്രി എൽ.മുരുകൻ, ടിഡിപി എംപി റാംമോഹൻ നായിഡു, ബിഎസ്‌പി എംപി റിതേഷ് പാണ്ഡേ, ബിജെഡി എംപി സസ്മിത് പാത്ര എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം ഉച്ച ഭക്ഷണത്തിൽ പങ്കെടുത്തത്.

എൻ കെ പ്രേമചന്ദ്രനെതിരെ ധനമന്ത്രി കെഎൻ ബാലഗോപാലും രംഗത്തെത്തിയിരുന്നു. എൻകെ പ്രേമചന്ദ്രൻ അടക്കമുള്ള കേരളത്തിൽ നിന്നുള്ള എംപിമാർ കേരളത്തിന്റെ കാര്യത്തിന് വേണ്ടി പാർലമന്റിൽ ഒന്നും ചെയ്തില്ലെന്ന് കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി. പാർലമെന്റിൽ പ്രേമചന്ദ്രൻ ചോദിക്കുന്ന ചോദ്യങ്ങൾ പോലും കേന്ദ്ര നിലപാടുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ്. അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് പിഎം മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതുമെന്നും ആയിരുന്നു ബാലഗോപാൽ അഭിപ്രായപ്പെട്ടത്.

സൗഹൃദം വേറെ, രാഷ്ട്രീയം വേറെ

ഇടതുപക്ഷം പ്രേമചന്ദ്രനെ വിമർശിക്കുമ്പോൾ മറന്നുപോകുന്നതോ, മന: പൂർവം അവഗണിക്കുന്നതോ ആയ കാര്യമുണ്ട്. പ്രധാനമന്ത്രി ഭക്ഷണം വാങ്ങി കൊടുത്തതിന് തൊട്ടു പിന്നാലെ എൻകെ പ്രേമചന്ദ്രനിൽ നിന്ന് മോദി സർക്കാരിന് കിട്ടിയത് അത്യുഗ്രൻ വിമർശനമായിരുന്നു. ലോക്‌സഭയിൽ സൗഹൃദവും രാഷ്ട്രീയവും രണ്ടാകുന്ന കാഴ്ചയായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗത്തിൽ കണ്ടത്.

പാർലമെന്റിലെ ചർച്ചയിൽ ധനമന്ത്രിയുടെ ധവള പത്രത്തെ എല്ലാ അർത്ഥത്തിലും പ്രേമചന്ദ്രൻ തള്ളി പറഞ്ഞു. 2014 വരെ പത്തുകൊല്ലം രാജ്യം ഭരിച്ച യുപിഎ സർക്കാരിന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെ തള്ളി പറയുന്നത് ശരിയല്ല. പത്തുകൊല്ലത്തിന് ശേഷം അത് തള്ളി പറയുന്നതിനായി ധവള പത്രം അവതരിപ്പിച്ചത് നീതിക്ക് നിരക്കുന്നതല്ല. അത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് വിശദീകരിച്ചാണ് പ്രേമചന്ദ്രൻ പ്രസംഗം തുടങ്ങിയത്. പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചെത്തിയ പ്രമേചന്ദ്രന്റെ കടന്നാക്രമണം ബിജെപി നിരയേയും വേദനിപ്പിച്ചു കാണും. അതുകൊണ്ട് തന്നെ ബിജെപി പക്ഷത്ത് നിന്നും ഇടപെടലെത്തി.

എന്തുകൊണ്ടാണ് യുപിഎ സർക്കാരിന് 2008ൽ താങ്കളുടെ പാർട്ടി പിന്തുണ പിൻവലിച്ചതെന്നായിരുന്നു ബിജെപിക്കാരുടെ ചോദ്യം. കേരളത്തിലെ സിപിഎം-കോൺഗ്രസ് വിരുദ്ധ മുന്നണിയെ കുറിച്ചും ചോദ്യമെത്തി. കോൺഗ്രസ് എംപിമാരെ ലാത്തി ചാർജ് ചെയ്ത ഇടതു സർക്കാരിന്റെ ചെയ്തിയും ചോദ്യമായി എത്തി. പ്രഹ്‌ളാദ് ജോഷിയും വി മുരളീധരനുമെല്ലാം പ്രേമചന്ദ്രനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. തിരുവനന്തപുരം മൈം ഗുസ്തി... ഡൽഹി മൈം ദോസ്തി... ഇതായിരുന്നു പ്രഹ്‌ളാദ് ജോഷി ഉയർത്തിയത്. എന്നാൽ കേരളത്തിലേത് തന്ത്രപരമായ രാഷ്ട്രീയമാണെന്നും വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ 20ൽ 20 ലോക്‌സഭാ സീറ്റും 'ഇന്ത്യാ' മുന്നണിക്കൊപ്പമായിരിക്കുമെന്നും പ്രേമചന്ദ്രൻ വിശദീകരിച്ചു. അതിൽ മാറ്റമില്ലെന്ന് പറഞ്ഞ് കേരളം ബിജെപിക്ക് അന്യമായി തുടരുമെന്ന വിലയിരുത്തലും അവതരിപ്പിച്ചു.

കേന്ദ്ര സർക്കാരിന്റെ ധവള പത്രത്തെ എല്ലാ അർത്ഥത്തിലും പ്രേമചന്ദ്രൻ തള്ളി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴും മറ്റ് ആശയക്കുഴപ്പമുള്ളപ്പോഴുമാണ് ധവള പത്രം കൊണ്ടു വരാറുള്ളത്. എന്നാൽ ബജറ്റിലും പ്രസിഡന്റിന്റെ നയപ്രഖ്യാപനത്തിലും പ്രധാനമന്ത്രിയും ധനമന്ത്രിയും പ്രകടിപ്പിച്ചത് ആത്മവിശ്വാസമാണ്. പിന്നെ എന്തിനാണ് ധവള പത്രം എന്നും ചോദിക്കും. യുപിഎ സർക്കാരിനെ അപമാനിക്കാനായിരുന്നു ഇത്. നിങ്ങൾ അവതരിപ്പിക്കുന്ന രാഷ്ട്രീയമല്ല ഇന്ത്യയിലുള്ളത്. താഴെ തട്ടിലുള്ള വികാരം നിങ്ങൾക്ക് മനസ്സിലാകുന്നില്ല. തൊഴിലില്ലായ്മയിൽ താഴെ തട്ടിലെ ജനം വലയുകയാണ്. പെട്രോൾ വില വർദ്ധനവിൽ ജനം പൊറുതി മുട്ടുന്നു. വിലക്കയറ്റം കൂടുന്നു. ദാരിദ്രം കൂടുകയാണ്. ഇതൊന്നും നിങ്ങൾക്ക് മനസ്സിലാകുന്നില്ല. ഇതിന് പരിഹാരം കാണുന്നതിന് പകരം മുൻ സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താൻ ഗാരന്റികൾ നൽകുന്നു. 2014ൽ അധികാരത്തിൽ എത്തുമ്പോൾ സ്വിസ് ബാങ്കിലെ കള്ളപ്പണം തിരികെ കൊണ്ടു വരുമെന്ന് പറഞ്ഞു. പെട്രോൾ വില 50 രൂപയിൽ എത്തിക്കുമെന്ന് പറഞ്ഞു. ഇതിനൊപ്പം കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പറഞ്ഞു. എന്നാൽ ഇതൊന്നും നടന്നിട്ടില്ലെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. യുപിഎ സർക്കാരിന്റെ നേട്ടങ്ങളും എണ്ണി എണ്ണി പറഞ്ഞു. ചെറിയ ഭൂരിപക്ഷം ഉണ്ടായിട്ടും നിരവധി കാര്യങ്ങൾ ഡോ മന്മോഹൻ സിങ് ചെയ്തു. അതുകൊണ്ട് തന്നെ ധവള പത്രത്തെ തള്ളിക്കളയണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഒരു ബഹളവുമുണ്ടാക്കതെ ഈ വിമർശനം മുഴുവൻ ഭരണ പക്ഷ ബഞ്ച് കേട്ടിരുന്നുവെന്നതാണ് മറ്റൊരു വസ്തുത.