കൊല്ലം: പ്രധാനമന്ത്രിയുടെ സൗഹൃദ വിരുന്നിലേക്ക് ക്ഷണം കിട്ടിയ ഏക മലയാളി എംപിയാണ് എൻ കെ പ്രേമചന്ദ്രൻ. വിരുന്നിൽ, പങ്കെടുത്തിന്റെ പേരിൽ, പ്രേമചന്ദ്രന് എതിരെ ഇടതുപക്ഷ നേതാക്കൾ വിമർശനവുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇപ്പോൾ, പ്രധാനമന്ത്രിയെ ആദ്യം പ്രശംസിച്ചും പിന്നീട് വിമർശിച്ചും ഉള്ള പ്രേമചന്ദ്രന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. കൊല്ലം കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു പ്രസംഗം.

'ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിർമ്മാണ പുരോഗതി എല്ലാമാസവും പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായി അവലോകനം ചെയ്യും. അത്തരം പദ്ധതികളിൽ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കിൽ കേന്ദ്ര സർക്കാർ തന്നെ സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ പ്രശംസയുണ്ട്." എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാല നിർമ്മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് അനുഗ്രഹമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.

ഇതിനു പിന്നാലെ, മൂന്നാമതും അധികാരത്തിൽ വരുമെന്ന ധാർഷ്ട്യവും അഹങ്കാരവുമാണ് കേന്ദ്രസർക്കാരിനെന്ന് കൊട്ടാരക്കരയിൽ നടക്കുന്ന സമരാഗ്‌നി പരിപാടിയിൽ എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. മൂന്നാമത് സർക്കാർ രൂപീകരിക്കാൻ ദേശീയ മാധ്യമങ്ങളുടെ പിന്തുണയുണ്ട്. മതപരമായ ധ്രുവീകരണം ഉപയോഗിച്ച് അധികാരത്തിലെത്താനാണ് ശ്രമം. മോദി സർക്കാർ മാറി മതേതര ജനാധിപത്യ ബദൽ സർക്കാർ വരുമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.