- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗഹൃദവും രാഷ്ട്രീയവും രണ്ടാണെന്ന് പ്രേമചന്ദ്രൻ അടിവരയിടുമ്പോൾ
ന്യൂഡൽഹി: പാർലമെന്റിൽ നിന്ന് വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ കൊല്ലം എംപിയെ തേടിയെത്തിയത് പ്രധാനമന്ത്രിയുടെ സെക്രട്ടറിയുടെ ഫോൺ. വേഗം പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തണമെന്നായിരുന്നു അഭ്യർത്ഥന. അത് പാലിച്ച് ഓടിയെത്തിയവരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് നിങ്ങളെ ഞാൻ ശിക്ഷിക്കാൻ പോകുന്നുവെന്ന്. തോളിൽ തട്ടി അവരുമായി ഓഫീസിന് പുറത്തേക്ക് നടന്നു. ലിഫ്ടിൽ കയറി കാന്റീൻ ഭാഗത്തേക്ക്. അപ്പോഴും ആർക്കും അറിയില്ലായിരുന്നു ആ ശിക്ഷ എന്തെന്ന്. പിന്നെ കതക് തുറന്ന് ക്യാന്റീനിൽ കയറി ഉച്ചഭക്ഷണം കഴിച്ചു. തീർത്തും സൗഹൃദത്തോടെ മുക്കാൽ മണിക്കൂർ. ഭക്ഷണം വാങ്ങി കൊടുത്ത പ്രധാനമന്ത്രിക്ക് തൊട്ടു പിന്നാലെ എൻകെ പ്രേമചന്ദ്രനിൽ നിന്ന് മോദി സർക്കാരിന് കിട്ടിയത് അത്യുഗ്രൻ വിമർശനവും. ലോക്സഭയിൽ സൗഹൃദവും രാഷ്ട്രീയവും രണ്ടാകുന്ന കാഴ്ചയായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗത്തിൽ കണ്ടത്.
എട്ടു പേരെയാണ് പ്രധാനമന്ത്രി ഉച്ചഭക്ഷണം കഴിക്കാൻ തിരഞ്ഞെടുത്തത്. അതിന് പിന്നിലെ കാരണമൊന്നും ആർക്കും അറിയില്ല. എങ്കിലും പാർലമെന്റിലെ മികവ് തന്നെയാണ് ഇതിന് പിന്നിലെന്ന് ഏവരും കരുതുന്നു. എംപിമാരോട് വ്യക്തിപരമായ കാര്യങ്ങൾ തിരക്കി സുഹൃത്തിനെ പോലെ ഇടപെട്ട പ്രധാനമന്ത്രി.
Enjoyed a sumptuous lunch, made even better thanks to the company of Parliamentary colleagues from various parties and different parts of India. pic.twitter.com/6MWTOCDnPJ
— Narendra Modi (@narendramodi) February 9, 2024
പക്ഷേ പാർലെന്റിൽ മോദിയെ വിമർശിക്കുന്ന പ്രേമചന്ദ്രൻ വീണ്ടും പ്രതിപക്ഷത്തിന് ആവേശമായി. ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ധവള പത്രത്തെ പ്രതിപക്ഷത്ത് നിന്നും അതിരൂക്ഷമായി കടന്നാക്രമിച്ചത് പ്രേമചന്ദ്രനായിരുന്നു. അങ്ങനെ പ്രധാനമന്ത്രിക്കൊപ്പം നർമ്മ സല്ലാപവുമായി ഉച്ചഭക്ഷണം കഴിച്ച പ്രേമചന്ദ്രൻ ലോക്സഭയിൽ ഫുൾ ഫോമിൽ മോദി സർക്കാരിനെ വിമർശിക്കുകയായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള എട്ട് എംപിമാരെയാണ് മോദി ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള എംപിമാരായിരുന്നു പ്രധാനമന്ത്രിക്കൊപ്പമിരുന്ന് ഉച്ച ഭക്ഷണം ആസ്വദിച്ചത്. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം മറ്റ് എംപിമാർക്കൊപ്പമിരുന്ന് കഴിച്ചതിന്റെ സന്തോഷം പ്രധാനമന്ത്രിയും പങ്കുവച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്. 'ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പാർട്ടികളിലെ നേതാക്കാളുമായി ഒത്തൊരുമിച്ച് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം കഴിച്ചു. പാർലമെന്ററി സഹപ്രവർത്തകരുടെ കൂട്ടായ്മയ്ക്കും സഹകരണത്തിനും നന്ദി പറയുന്നു."- പ്രധാനമന്ത്രി കുറിച്ചു. പ്രേമചന്ദ്രന് പുറമേ ബിജെപി എംപിമാരായ ഹീന ഗവിത്, എസ്.ഫാൻഗ്‌നോൺ കൊന്യാക്, ജംയാങ് സെറിങ് നംഗ്യാൽ, കേന്ദ്രമന്ത്രി എൽ.മുരുകൻ, ടിഡിപി എംപി റാംമോഹൻ നായിഡു, ബിഎസ്‌പി എംപി റിതേഷ് പാണ്ഡേ, ബിജെഡി എംപി സസ്മിത് പാത്ര എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം ഉച്ച ഭക്ഷണത്തിൽ പങ്കെടുത്തത്.
അങ്ങനെ ആവേശപൂർവ്വം മോദി സഹപ്രവർത്തകരുമായി ഉച്ചഭക്ഷണം കഴിച്ചു. പാർലമെന്റിലെ പ്രിയപ്പെട്ട എംപിമാരെ മോദി പരിചയപ്പെടുത്തിയതാണ് ഇതിലൂടെ എന്ന വാദവും സജീവമാണ്. ഏതായാലും പാർലമെന്റിലെ ചർച്ചയിൽ ധനമന്ത്രിയുടെ ധവള പത്രത്തെ എല്ലാ അർത്ഥത്തിലും പ്രേമചന്ദ്രൻ തള്ളി പറഞ്ഞു. 2014 വരെ പത്തുകൊല്ലം രാജ്യം ഭരിച്ച യുപിഎ സർക്കാരിന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെ തള്ളി പറയുന്നത് ശരിയല്ല. പത്തുകൊല്ലത്തിന് ശേഷം അത് തള്ളി പറയുന്നതിനായി ധവള പത്രം അവതരിപ്പിച്ചത് നീതിക്ക് നിരക്കുന്നതല്ല. അത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് വിശദീകരിച്ചാണ് പ്രേമചന്ദ്രൻ പ്രസംഗം തുടങ്ങിയത്. പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചെത്തിയ പ്രമേചന്ദ്രന്റെ കടന്നാക്രമണം ബിജെപി നിരയേയും വേദനിപ്പിച്ചു കാണും. അതുകൊണ്ട് തന്നെ ബിജെപി പക്ഷത്ത് നിന്നും ഇടപെടലെത്തി.
എന്തുകൊണ്ടാണ് യുപിഎ സർക്കാരിന് 2008ൽ താങ്കളുടെ പാർട്ടി പിന്തുണ പിൻവലിച്ചതെന്നായിരുന്നു ബിജെപിക്കാരുടെ ചോദ്യം. കേരളത്തിലെ സിപിഎം-കോൺഗ്രസ് വിരുദ്ധ മുന്നണിയെ കുറിച്ചും ചോദ്യമെത്തി. കോൺഗ്രസ് എംപിമാരെ ലാത്തി ചാർജ് ചെയ്ത ഇടതു സർക്കാരിന്റെ ചെയ്തിയും ചോദ്യമായി എത്തി. പ്രഹ്ളാദ് ജോഷിയും വി മുരളീധരനുമെല്ലാം പ്രേമചന്ദ്രനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. തിരുവനന്തപുരം മൈം ഗുസ്തി... ഡൽഹി മൈം ദോസ്തി... ഇതായിരുന്നു പ്രഹ്ളാദ് ജോഷി ഉയർത്തിയത്. എന്നാൽ കേരളത്തിലേത് തന്ത്രപരമായ രാഷ്ട്രീയമാണെന്നും വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ 20ൽ 20 ലോക്സഭാ സീറ്റും 'ഇന്ത്യാ' മുന്നണിക്കൊപ്പമായിരിക്കുമെന്നും പ്രേമചന്ദ്രൻ വിശദീകരിച്ചു. അതിൽ മാറ്റമില്ലെന്ന് പറഞ്ഞ് കേരളം ബിജെപിക്ക് അന്യമായി തുടരുമെന്ന വിലയിരുത്തലും അവതരിപ്പിച്ചു.
#WATCH | Delhi | Prime Minister Narendra Modi had lunch with MPs at Parliament Canteen today. pic.twitter.com/GhcfaynYJt
— ANI (@ANI) February 9, 2024
കേന്ദ്ര സർക്കാരിന്റെ ധവള പത്രത്തെ എല്ലാ അർത്ഥത്തിലും പ്രേമചന്ദ്രൻ തള്ളി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴും മറ്റ് ആശയക്കുഴപ്പമുള്ളപ്പോഴുമാണ് ധവള പത്രം കൊണ്ടു വരാറുള്ളത്. എന്നാൽ ബജറ്റിലും പ്രസിഡന്റിന്റെ നയപ്രഖ്യാപനത്തിലും പ്രധാനമന്ത്രിയും ധനമന്ത്രിയും പ്രകടിപ്പിച്ചത് ആത്മവിശ്വാസമാണ്. പിന്നെ എന്തിനാണ് ധവള പത്രം എന്നും ചോദിക്കും. യുപിഎ സർക്കാരിനെ അപമാനിക്കാനായിരുന്നു ഇത്. നിങ്ങൾ അവതരിപ്പിക്കുന്ന രാഷ്ട്രീയമല്ല ഇന്ത്യയിലുള്ളത്. താഴെ തട്ടിലുള്ള വികാരം നിങ്ങൾക്ക് മനസ്സിലാകുന്നില്ല. തൊഴിലില്ലായ്മയിൽ താഴെ തട്ടിലെ ജനം വലയുകയാണ്. പെട്രോൾ വില വർദ്ധനവിൽ ജനം പൊറുതി മുട്ടുന്നു. വിലക്കയറ്റം കൂടുന്നു. ദാരിദ്രം കൂടുകയാണ്. ഇതൊന്നും നിങ്ങൾക്ക് മനസ്സിലാകുന്നില്ല. ഇതിന് പരിഹാരം കാണുന്നതിന് പകരം മുൻ സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നു.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താൻ ഗാരന്റികൾ നൽകുന്നു. 2014ൽ അധികാരത്തിൽ എത്തുമ്പോൾ സ്വിസ് ബാങ്കിലെ കള്ളപ്പണം തിരികെ കൊണ്ടു വരുമെന്ന് പറഞ്ഞു. പെട്രോൾ വില 50 രൂപയിൽ എത്തിക്കുമെന്ന് പറഞ്ഞു. ഇതിനൊപ്പം കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പറഞ്ഞു. എന്നാൽ ഇതൊന്നും നടന്നിട്ടില്ലെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. യുപിഎ സർക്കാരിന്റെ നേട്ടങ്ങളും എണ്ണി എണ്ണി പറഞ്ഞു. ചെറിയ ഭൂരിപക്ഷം ഉണ്ടായിട്ടും നിരവധി കാര്യങ്ങൾ ഡോ മന്മോഹൻ സിങ് ചെയ്തു. അതുകൊണ്ട് തന്നെ ധവള പത്രത്തെ തള്ളിക്കളയണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഒരു ബഹളവുമുണ്ടാക്കതെ ഈ വിമർശനം മുഴുവൻ ഭരണ പക്ഷ ബഞ്ച് കേട്ടിരുന്നുവെന്നതാണ് മറ്റൊരു വസ്തുത.