പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ എഫ്ബി പോസ്റ്റ് ഇട്ടതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്ന് സിപിഎം അംഗം മുങ്ങിയിട്ടും നാരങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. എൽഡിഎഫിനൊപ്പം നിലയുറപ്പിച്ച കടമ്മനിട്ട കരുണാകരനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.നിലവിലുള്ള വൈസ് പ്രസിഡന്റ് മരണമടഞ്ഞതിനെ തുടർന്ന് നടത്തിയ തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ വിട്ടു നിന്നതാണ് കരുണാകരന്റെ വിജയത്തിൽ കലാശിച്ചത്.

14 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ എൽഡിഎഫ്-ഏഴ്, യുഡിഎഫ്-നാല്, ബിജെപി-രണ്ട്, സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില. എൽഡിഎഫ് പാനലിൽ നിന്ന് വൈസ് പ്രസിഡന്റായിരുന്ന പ്രകാശ്കുമാർ മരണമടഞ്ഞതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നിട്ടുമില്ല. അതോടെ കക്ഷിനില 13 ആയി കുറഞ്ഞു. ഇതിൽ അയോധ്യയിലെ ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ എഫ്ബി പോസ്റ്റ് ഇട്ടതിനെ തുടർന്ന് അഞ്ചാം വാർഡംഗം അബിതാബായിക്കെതിരേ ആറന്മുള പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തിരുന്നു.

ഇവർ ഒളിവിലാണ്. ഇതോടെ ആകെ അംഗങ്ങളുടെ എണ്ണം 12 ആയി. ഭരണപക്ഷവും പ്രതിപക്ഷവും ആറു വീതം അംഗങ്ങളായി. ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോറം തികയാത്തതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ബിജെപി അംഗങ്ങൾ വിട്ടു നിന്നതോടെ എൽഡിഎഫിന് ആറും യുഡിഎഫ് നാലും അംഗങ്ങൾ വീതമാണ്.

യുഡിഎഫിനൊപ്പം ചേർന്ന് വൈസ് പ്രസിഡന്റാകാമെന്ന് കടമ്മനിട്ട കരുണാകരൻ കഴിഞ്ഞ ദിവസം വരെ പറഞ്ഞിരുന്നു. യുഡിഎഫിന്റെ നാലു പേരും ബിജെപിയുടെ രണ്ടു പേരും ചേർന്ന് കരുണാകരനെ പിന്തുണയ്ക്കുന്നതോടെ അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും. എന്നാൽ, ഇന്ന് രാവിലെ ബിജെപി നിലപാട് മാറ്റി. തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ ധാരണയായി. ഇതോടെ സിപിഎം പിന്തുണയ്ക്കുന്നവർ വിജയിക്കുമെന്ന സ്ഥിതിയായി. കടമ്മനിട്ട കരുണാകരൻ എൽഡിഎഫിലേക്ക് മാറുകയും പ്രസിഡന്റാവുകയുമായിരുന്നു.

മുൻപ് ഇതേ തന്ത്രം പ്രയോഗിച്ച് കടമ്മനിട്ട കരുണാകരനും ഭാര്യയും സ്വതന്ത്രരായി മൽസരിച്ച് വിജയിച്ച് എൽഡിഎഫിനൊപ്പം നിന്ന് നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റായിട്ടുള്ളവരാണ്.