പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ ഒരേ വേദിയിൽ കൊണ്ടു വന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ആരോപണ പ്രത്യരോപണങ്ങളുമായി കളം നിറഞ്ഞ് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കും യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും. എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ. ആന്റണി വിട്ടു നിന്നു.

സംവാദത്തിനിടെ എസ്എഫ്ഐയുടെ കാമ്പസുകളിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ആന്റോ ആന്റണി ആഞ്ഞടിച്ചു. കേരളത്തിലെ കാമ്പസുകളിൽ എസ്എഫ്ഐ നടത്തുന്ന ക്രൂരതകൾ തള്ളിപ്പറയാൻ എൽഡിഎഫും പത്തനംതിട്ടയിലെ സ്ഥാനാർത്ഥി തോമസ് ഐസക്കും തയാറുണ്ടോയെന്ന് ആന്റോ ചോദിച്ചു. പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥനെ രക്തസാക്ഷിയാക്കി. കേരള സർവകലാശാലയിൽ കലോത്സവം കലാപോത്സവമാക്കി. വിധികർത്താവായ അദ്ധ്യാപകന്റെ ജീവനെടുത്തു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും എസ്എഫ്ഐയുടെ ഈ നയങ്ങളെ തള്ളിപ്പറയാൻ സിപിഎം നേതാക്കൾ തയാറുണ്ടോ? ഇക്കാര്യത്തിൽ ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി കെ. രാധാകൃഷ്ണൻ സ്വീകരിച്ച നിലപാടിനെ ആന്റോ പ്രശംസിച്ചു. കാമ്പസ് രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയവരാണ് തങ്ങളൊക്കെ. അന്ന് ആശയസംവാദമായിരുന്നു. ഇന്നിപ്പോൾ കലാപ അന്തരീക്ഷമാണ്. ഇതിനൊരു പരിഹാരം വേണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ കേരളത്തിലെ കാമ്പസുകൾ വിട്ടു പുറത്തു പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ കാമ്പസുകളിൽ ഇന്നേ വരെ മൂന്ന് ഡസനോളം എസ്എഫ്ഐ പ്രവർത്തകരായ കുട്ടികൾ കൊലക്കത്തിക്ക് ഇരയായിട്ടുണ്ടെന്ന് തോമസ് ഐസക് മറുപടല നൽകി. ഒരു സംഭവത്തിന്റെ പേരിൽ എസ്എഫ്ഐയെ കുറ്റപ്പെടുത്താൻ ഇവർക്ക് അർഹതയില്ല. കെഎസ് യുക്കാരായ ആരെയെങ്കിലും കോളജ് കാമ്പസുകളിൽ എസ്എഫ്ഐക്കാർ കൊന്നിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ ഉള്ള ഒരാളുടെ എങ്കിലും പേര് പറയാൻ ഐസക്ക് ആന്റോയെ വെല്ലുവിളിച്ചു. കൊല്ലപ്പെട്ട എസ്എഫ്ക്കൊരുടെ പേര് താനിപ്പോൾ പറയാമെന്നും തോമസ് ഐസക്ക് പറഞ്ഞു. എസ്എഫ്ഐക്കാർ മാലാഖമാരല്ലേ എന്ന് ആന്റോ തിരിച്ചടിച്ചു. കൊല്ലപ്പെട്ട കെഎസ് യുക്കാരുടെ പേര് നാളെ പത്രസമ്മേളനം വിളിച്ച് പറയാമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിൽ മുതൽ മുടക്കിന് തുടക്കം കുറിച്ചത് കിഫ്ബിയെന്ന് ഐസക്ക്, കടക്കെണിയിലാക്കിയതും അതു തന്നെയെന്ന് ആന്റോ

കിഫ്ബിയാണ് കേരളത്തിൽ വന്മുതൽ മുടക്കിന് ആരംഭം കുറിച്ചതെന്നും പത്തനംതിട്ടയിൽ മാത്രം 7500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇതു മുഖേന നടന്നിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തിൽ കിഫ്ബി വരുന്നതിനു മുൻപ് വികസന പ്രവർത്തനങ്ങൾ ഒന്നും നടന്നിരുന്നില്ലേയെന്നും എൽഡിഎഫ് മേനി അവകാശപ്പെടുന്ന പല വികസന പ്രവർത്തനങ്ങളുടെയും തുടക്കം കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരാണെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി തിരിച്ചടിച്ചു.

സകല പരിധികളും കഴിഞ്ഞു കടമെടുക്കുകയും കൊള്ളപ്പലിശയ്ക്ക് മസാല ബോണ്ട് കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ടതിന്റെ പൂർണ ഉത്തരവാദിത്വം മുൻധനമന്ത്രിയായ തോമസ് ഐസക്കിനാണെന്ന് ആന്റോ ആന്റണി കുറ്റപ്പെടുത്തി. കഴിഞ്ഞ 60 വർഷത്തിനിടെ കേരളത്തിനുണ്ടായ കടം 1.72 കോടി രൂപയുടെ കടമായിരുന്നെങ്കിൽ തോമസ് ഐസക്കിന്റെ കാലയളവിൽ 3.25 ലക്ഷം കോടിയുടെ കടമുണ്ടായതായി ആന്റോ ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടിയുടെ കാലഘട്ടത്തിൽ കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, മെഡിക്കൽ കോളജുകൾ, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങി വൻ വികസന പദ്ധതികൾ നടപ്പാക്കിയിട്ടു പോലും വളരെ കുറഞ്ഞ പലിശയ്ക്കു മാത്രമാണ് കടമെടുത്തത്.

കിഫ്ബിയുടെ പേരിൽ തോമസ് ഐസക് വിദേശത്തുനിന്ന് മസാല ബോണ്ട് വാങ്ങിയത് 9.72 ശതമാനം പലിശയ്ക്കാണ്. കേരളത്തിലെ ജനങ്ങളെ ഗാരണ്ടി നൽകിയാണ് ഇത്രയും കടമെടുപ്പ് നടത്തിയത്. പരിധി വിട്ടുള്ള കടമെടുപ്പ് കാരണം കേന്ദ്രസഹായം കുറഞ്ഞു. അപ്പോഴും കേരളത്തിലെ ക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടാൻ പാടില്ലെന്ന കാരണത്താൽ കേന്ദ്രസഹായത്തിനുവേണ്ടി യുഡിഎഫ് നിലപാടെടുത്തു. എന്നാൽ ഇന്നിപ്പോൾ സാന്പത്തിക സ്ഥിതി താറുമാറായി. പെൻഷനുകൾ മുടങ്ങി. വിലക്കയറ്റം രൂക്ഷമായി. നിത്യോപയോഗ സാധനങ്ങൾക്ക ക്ഷാമം, സ്‌കൂളുകളിൽ ഉച്ചക്കഞ്ഞിയും സ്‌കോളർഷിപ്പുകളും മുടങ്ങി.

കടമെടുത്തതിന്റെ ഉത്തരവാദിത്തം തനിക്ക് തന്നെയാണെന്നും ഐം ആം പ്രൗഡ് ഓഫ് മി എന്നും ഐസക്ക് മറുപടിയായി പറഞ്ഞു. മസാല ബോണ്ടിൽ കൂടിയ പലിശയ്ക്കു കടമെടുത്തെന്ന ആരോപണം തോമസ് ഐസക് തള്ളി. ഇന്ത്യൻ രൂപയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് മസാല ബോണ്ട് വാങ്ങിയത്. മറ്റു കടമെടുപ്പുകളെല്ലാം ഡോളറിന്റെ മൂല്യത്തിലാണ്. ഇതാകുന്പോൾ വിപണിയിൽ ഡോളറിനുണ്ടാകുന്ന വ്യതിയാനത്തിനനുസൃതമായി തുക ഉയരും. എന്നാൽ മസാലബോണ്ടിന്റെ പലിശ ഇന്ത്യൻ രൂപയുടെ അടിസ്ഥാനത്തിൽ ക്ലിപ്തമായിരിക്കും. ലണ്ടൻ മാർക്കറ്റിൽ ഓപ്പറേറ്റ് ചെയ്താൽ രാജ്യത്തു കിട്ടുന്ന വിശ്വാസ്യത ചെറുതല്ല. കിഫ്ബിയെ എതിർക്കുന്നവർ വികസന പ്രവർത്തനം നടത്താൻ ബദൽ മാർഗങ്ങൾ കൂടി പറഞ്ഞു തരണം. പശ്ചാത്തല മേഖലയിൽ വന്മുന്നേറ്റമാണ് കിഫ്ബി മുഖേനയുണ്ടായത്. കേരളത്തിന്റെ സന്പദ്ഘടനയിലും വളർച്ചയുണ്ടായി.

എന്നാൽ കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിച്ചുവെന്നും തോമസ് ഐസക് പറഞ്ഞു. വരുമാന സ്രോതസുകളുള്ള പദ്ധതികൾക്ക് കുറഞ്ഞ പലിശയിൽ വായ്പ കിട്ടും. എന്നാൽ മെഡിക്കൽ കോളജുകൾ, റോഡുകൾ, പാലങ്ങൾ ഇവയ്ക്ക് ഇത്തരത്തിൽ പണം ലഭ്യമാകില്ല. അഞ്ചുവർഷം കൂടുന്പോൾ സർക്കാരിന്റെ കടം ഇരട്ടിക്കുന്നത് സ്വാഭാവികമാണ്. 1.7 ലക്ഷം കടമുണ്ടായിരുന്നത് 3.4 ലക്ഷമാകും. പിന്നീട് ഇത് 6.8 ലക്ഷമാകാം. കേന്ദ്രം ബജറ്റിനു പുറത്ത് ലക്ഷങ്ങളാണ് കടമെടുക്കുന്നത്. എന്നിട്ടാണ് സംസ്ഥാനത്തിനു നേരെ കുതിര കയറുന്നതെന്നും ഐസക് പറഞ്ഞു.

ഇഡിയെ ഐസക്കിനു ഭയമില്ല

ഇഡിയെ തനിക്കു ഭയമില്ലെന്ന് തോമസ് ഐസക്. രണ്ടു വർഷമായി അവർ എന്റെ പിന്നാലെ കൂടിയിരിക്കുകയാണ്. അവരുടെ മുന്പാകെ വിശദീകരണം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്താണ് ഞാൻ ചെയ്ത കുറ്റമെന്ന് അവർ പറയട്ടെ. തെറ്റില്ലെങ്കിൽ അക്കാര്യം ഇഡി മുന്പാകെ വിശദീകരിച്ചുകൂടേയെന്ന് ആന്റോ ചോദിച്ചു. ഇഡി അന്വേഷങ്ങളെ രാജ്യം മുഴുവൻ തള്ളിപ്പറയുന്ന നിങ്ങൾ കേരളത്തിൽ എത്തുന്പോൾ എന്തേ നിലപാട് മാറ്റുന്നതെന്ന് ഐസക് തിരിച്ചടിച്ചു.