കണ്ണൂർ: നവകേരള സദസ് തെരുവു യുദ്ധമായി മാറുമോ? തളിപ്പറമ്പിൽ നവകേരള സദസ്സ് കഴിഞ്ഞ മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂര മർദ്ദനം ഏറ്റതിൽ രൂക്ഷ വിമർശനവുമായി രംഗത്ത് വരികയാണ് കോൺഗ്രസ് നേതൃത്വം. സിപിഎം - ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് കണ്ണൂർ പഴയങ്ങാടിയിൽ അക്രമം അഴിച്ചുവിട്ടത്. പൊലീസും ഇവർക്കൊപ്പം പ്രതിഷേധക്കാരെ മർദ്ദിച്ചു. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. സിപിഎം അതിക്രമമാണ് പൊലീസ് സ്‌റ്റേഷനിൽ ഉണ്ടായത്.

സംഘർഷത്തിന് ശേഷം കരിങ്കൊടി കാട്ടിയവരുമായി പൊലീസ്, സ്റ്റേഷനിലേക്ക് പോയപ്പോൾ സിപിഎം പ്രവർത്തകരും ഇവിടേക്ക് സംഘടിച്ചെത്തി. പരിയാരം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തകർ സംഘടിച്ച് പ്രതിഷേധിച്ചു. കരിങ്കൊടി വീശി പ്രതിഷേധിച്ച ഒരു കോൺഗ്രസ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. ഹെൽമറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ചായിരുന്നു ക്രൂര മർദ്ദനം. ഇയാളെ നിലത്തിട്ട് ചവിട്ടി. പൊലീസുകാരും കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങിയ സിപിഎം പ്രവർത്തകരുടെ വലിയ സംഘം പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്നു. പഴയങ്ങാടിയിൽ മാധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റമുണ്ടായി. മീഡിയ വൺ ക്യാമറമാൻ ജൈസൽ ബാബുവിന് നേരെയാണ് കൈയേറ്റം ഉണ്ടായത്. മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹൻ ഉൾപ്പെടെ എഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സംഭവത്തിന് പിന്നാലെ സർക്കാരിന് മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തു വന്നു. നവ കേരള സദസിനിടെ പ്രശ്‌നമുണ്ടാക്കാനെത്തുന്നവരെ നിരീക്ഷിക്കാനാണ് സിപിഎം തീരുമാനം. പ്രത്യേക വാളണ്ടിയർമാരെ പാർട്ടി നിയോഗിക്കാനും സാധ്യതയുണ്ട്. പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടുമെന്ന് തന്നെയാണ് തളിപ്പറമ്പിലെ സംഭവം നൽകുന്ന സൂചന.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് -കെ.എസ്.യു പ്രവർത്തകരെ നരനായാട്ട് നടത്തി സ്വൈര്യമായി സഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മുന്നറിയിപ്പു നൽകി. സ്ത്രീകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് -കെ.എസ്.യു പ്രവർത്തകർക്ക് നേരെ കല്യാശ്ശേരിയിൽ സിപിഎം ക്രിമിനലുകൾ നടത്തിയ ആക്രമണം പ്രതിഷേധാർഹവും അപലപനീയവുമാണ്. മുഖ്യമന്ത്രി കരിങ്കൊടി കാട്ടുന്നത് ക്രിമിനൽ കുറ്റമാണോ?-സുധാകരൻ ചോദിച്ചു.

അധികാരത്തിന്റെ ബലത്തിൽ ചോരതിളക്കുന്ന സിപിഎം ക്രിമിനലുകൾക്ക് അത് തണുപ്പിക്കാൻ കോൺഗ്രസിന്റെ പ്രവർത്തകരെ പിടിച്ചുകൊടുക്കുന്നതാണോ പൊലീസിന്റെ നിയമപാലനം. അങ്ങനെയെങ്കിൽ അത് അനുസരിക്കാൻ ഞങ്ങളും ഒരുക്കമല്ല. നിയമം കയ്യിലെടുക്കുന്ന സിപിഎം ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കി യൂത്ത് കോൺഗ്രസ് -കെ.എസ്.യു പ്രവർത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കിൽ അതിനെ ഞങ്ങളും തെരുവിൽ നേരിടും. സിപിഎം ബോധപൂർവ്വം ആസുത്രണം ചെയ്ത അക്രമമാണിത്. പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കി ജനത്തിന്റെ പരാതിപോലും കേൾക്കാതെ ആഡംബര ബസിൽ ഉല്ലാസയാത്ര നടത്താൻ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു.

നവകേരള സദസ്സ് ജനം ഏറ്റെടുത്തതിന്റെ രോഷം തീർക്കാൻ കോൺ?ഗ്രസ് അക്രമം അഴിച്ചുവിടുന്നു: സിപിഐ എം

നവകേരള സദസ്സ് ജനങ്ങൾ ഏറ്റെടുത്തതിലുള്ള രോഷം തീർക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൽ അക്രമം അഴിച്ചിവിടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കരിങ്കൊടി പ്രകടനം നടത്തിയും സംഘർഷം സൃഷ്ടിച്ചും നവകേരള സദസ്സിനെ അലങ്കോലപ്പെടുത്തലാണ് ലക്ഷ്യം. നവകേരളസദസ് കണ്ണൂരിലെത്തിയപ്പോൾ ആസൂത്രിതമായാണ് അക്രമം കാണിച്ചത്.

യുഡിഎഫ് അക്രമസമരം അവസാനിപ്പിക്കണം. ജനാധിപത്യപരമായി സർക്കാർ നടത്തുന്ന പരിപാടിയെ തകർക്കാൻ നടത്തുന്ന നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എൽഡിഎഫ് സർക്കാർ ഇതുവരെ ചെയ്ത ക്ഷേമ- വികസന പ്രവർത്തനങ്ങൾ ഒന്നൊന്നായി ജനങ്ങളോട് പറയാനും അവർക്ക് പറയാനുള്ളത് കേൾക്കാനുമാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക് എത്തുന്ന പരിപാടി തുടങ്ങി രണ്ടാം ദിവസമായപ്പോഴേക്കും പ്രതീക്ഷിച്ചതിനേക്കാൾ വിജയകരമായി. കക്ഷി രാഷ്ട്രീയ പരിഗണനകൾക്കെല്ലാം അപ്പുറമാണ് സദസിനെത്തുന്ന ജനസഞ്ചയം. യുഡിഎഫിനോടൊപ്പമുള്ള നേതാക്കളും പിന്തുണയുമായി എത്തുന്നു. ഈ വിജയത്തിൽ ഹാലിളകിയ യുഡിഎഫ് നേതൃത്വമാണ് യൂത്ത് കോൺഗ്രസുകാരെ ഇളക്കിവിട്ട് അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത്.

സംഘർഷമുണ്ടാക്കി നവകേരള ജനസദസ്സിന്റെ ശോഭ കെടുത്താനുള്ള നീക്കം അപലപനീയമാണ്. അത്തരം പ്രകോപന ശ്രമങ്ങളിൽ ആരും പെട്ടുപോകരുത്. യുഡിഎഫ് നടത്തുന്ന ഇത്തരം നീചമായ നീക്കങ്ങളേയും ഗൂഢാലോചനകളെയും ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടണം. സിപിഐ എം പ്രവർത്തകർ സംയമനം പാലിച്ച് നവകേരള സദസിന്റെ വിജയത്തിനായി പ്രവർത്തിക്കണം. ഒരു കാരണവശാലും പ്രകോപിതരാവരുതെന്നും പ്രസ്താവനയിൽ പറഞ്ഞു.