കൊച്ചി : നവ കേരള സദസിൽ മർദ്ദനമേറ്റ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പാർട്ടി വിട്ടു. എറണാകുളം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസാണ് പാർട്ടി വിട്ടത്. ഇന്നലെ കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന നവ കേരള സദസിനിടെയാണ് റയീസിന് മർദ്ദനമേറ്റത്. വേദിയിൽ പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർക്കരികിൽ ഇരുന്നതിനാണ് തന്നെ ആക്രമിച്ചതെന്ന് റയീസ് പറയുന്നു. പാർട്ടി പ്രവർത്തകനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് മർദിച്ചതിനാൽ ഇനി പാർട്ടിയിൽ ഇല്ലന്നും റയീസ് വ്യക്തമാക്കി.

സാരമായ പരിക്കുകളോടെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. കൈക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഫോൺകോൾ വന്നതിനെ തുടർന്ന് പുറത്തിറങ്ങിയ തന്നെ അഞ്ചുപേർ തടയുകയും ഫോൺ പരിശോധിച്ചതിന് ശേഷം വിട്ടയച്ചതായും തുടർന്ന് പുറത്തേക്ക് നീങ്ങിയ തന്നെ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും യുവാവ് ആരോപിച്ചു. ലഘുലേഖ വിതരണം ചെയ്ത പ്രതിഷേധക്കാർക്ക് സമീപമിരുന്നതാണ് തന്നെ മർദ്ദിക്കാൻ കാരണമെന്നും റയീസ് ആരോപിക്കുന്നു.

മർദനമേറ്റ തനിക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റയീസ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ പുറത്തിറക്കാൻ എത്തിയത് ബ്രാഞ്ച് സെക്രട്ടറിയാണെന്നും റയീസ് അവകാശപ്പെട്ടു. കൈയ്ക്കും തലയ്ക്കുമുൾപ്പെടെ പരിക്കുണ്ട്. രണ്ടുതവണയായി ക്രൂരമായ മർദനമാണ് റയീസിനേറ്റത്.

കൊച്ചി മറൈൻഡ്രൈവിലെ നവകേരളസദസ്സ് വേദിക്ക് സമീപം ലഘുലേഖകൾ വിതരണം ചെയ്ത ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രവർത്തകർക്ക് മർദനമേറ്റിരുന്നു. പരിപാടി നടക്കുന്ന സദസ്സിൽ ഇവർക്കടുത്തായിട്ടായിരുന്നു റയീസ് ഇരുന്നത്. എറണാകുളം ജില്ലയിലെ രണ്ടാം ദിവസ പര്യടനത്തിന്റെ സമാപനവേദിയായ മറൈൻഡ്രൈവിൽ വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി എത്തും മുമ്പായിരുന്നു സംഭവം.

നവ കേരള സദസ് നടക്കുന്ന വേദിക്ക് സമീപം പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷന്റെ രണ്ട് പ്രവർത്തകർ മർദ്ദനത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച ഇവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തിരുന്നു. ഡിഎസ് എ പ്രവർത്തകരായ ഹനീൻ, റിജാസ് എന്നിവരെ സെൻട്രൽ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു. ജാമ്യത്തിലിറങ്ങിയ ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.വേദിക്കരികിലേക്ക് പ്ലക്കാർഡുമായി എത്തിയ ഇവരെ ഒരു സംഘം ആളുകൾ പൊലീസിന് മുന്നിൽ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച പൊലീസുകാർക്കും സംഭവത്തിൽ പരിക്കേറ്റു. തീവ്ര ഇടത് സ്വഭാവമുള്ള സംഘടനയാണ് ഡെമോക്രാറ്റിക്ക് സ്റ്റുഡന്റസ് അസോസിയേഷൻ.