കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന് തുടക്കം. പ്രത്യേകം തയ്യാറാക്കിയ ബസിൽ ഉദ്ഘാടന കേന്ദ്രമായ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിലേക്ക് തിരിച്ചു. മൂന്നരയ്ക്കാണ് ഉദ്ഘാടനം.

ആദ്യം ബസിൽ കയറിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പിന്നാലെ മറ്റ് മന്ത്രിമാരും കയറി. കാസർകോട് ഗസ്റ്റ് ഹൗസിൽനിന്നും പൈവളിഗെയിലേക്ക് പോകും വഴിയാണ് പി രാജീവ്, പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ള മന്ത്രിമാർ ബസിൽനിന്നുള്ള ലൈവ് വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.

https://fb.watch/oohWfR3Ufx/

എം.ബി. രാജേഷ് അടക്കമുള്ളവർ ബസിനകത്ത് നിന്ന് വീഡിയോ പകർത്തുന്നതിന്റെ ദൃശ്യങ്ങളും മന്ത്രിമാർ ഒന്നിച്ച് ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ബസിനെച്ചൊല്ലിയുള്ള വിവാദങ്ങൾ വിവിധ കോണിൽ നിന്ന് ഉയരുന്നതിനിടെയാണ് മന്ത്രിമാർ ബസിനകത്തു നിന്നുള്ള വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ തയ്യാറാക്കിയ ബസ് ഇന്ന് പുലർച്ചെയാണ് ബാംഗ്ലൂരിൽനിന്ന് കാസർകോട് എത്തിയത്. ഞായറാഴ്ച രാവിലെ കാസർകോട് ഒമ്പതരയ്ക്ക് പൊതുമരാമത്ത് കോംപ്ലക്സിൽ പ്രഭാതയോഗവും കാസർകോട് ജില്ലയിലെ പ്രമുഖരുടെ യോഗവും ചേരും. അതിന് ശേഷം കാസർകോട് മണ്ഡലം നവകേരള സദസ്സ് 11. 30ന് നായന്മാർ മൂലയിൽ ചേരും. മൂന്നരയ്ക്ക് ഉദുമ മണ്ഡലത്തിലെ ചട്ടംച്ചാൽ സ്‌കൂൾ ഗൗണ്ടിലും നവകേരള സദസ്സ് ചേരും. 4.30ന് കാഞ്ഞങ്ങാട് മണ്ഡലം സദസ്സ് ദുർഗ സ്‌കൂളിലും വൈകിട്ട് ആറിന് തൃക്കരിപ്പൂർ മണ്ഡലം സദസ്സ് കാലിക്കടവ് മൈതാനിയിലും ചേരും. തിങ്കളാഴ്ച കണ്ണൂർ ജില്ലയിലാണ് നവകേരള സദസുകൾ ചേരുക.

ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം.മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ, കലാകാരന്മാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ, തെയ്യം കലാകാരന്മാർ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും.

മന്ത്രിസഭായോഗം നടക്കുന്നതൊഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണിക്ക് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്ച നടക്കും. തുടർന്ന് വിവിധ മണ്ഡലങ്ങളിലെ സദസുകളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രതിരിക്കും. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സംവിധാനമുണ്ടാവും.നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നതു വരെ കൗണ്ടറുകൾ പ്രവർത്തിക്കും. പരാതികൾ സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കൗണ്ടറുകളിൽ പ്രദർശിപ്പിക്കും. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കും. ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമാണ് നിശ്ചയിച്ചിട്ടുള്ളത്.