- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി പോലെ മുഖ്യമന്ത്രി നേരിട്ട് പരാതി സ്വീകരിക്കില്ല; പരാതി നൽകേണ്ടത് നവകേരള സദസ്സ് നടക്കുന്ന വേദിക്ക് സമീപത്തെ കൗണ്ടറുകളിൽ മാത്രം; സദസ്സിന് പൈവളിഗെയിൽ തുടക്കം; ആഡംബര ബസിൽ എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത് തലപ്പാവ് അണിയിച്ച്
കാസർകോട്: നവ കേരള സദസിന് കാസർകോട്ടെ പൈവളിഗെയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ചാണ് സംഘാടകർ സ്വീകരിച്ചത്. മന്ത്രി കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. പുതുചരിത്രം തുടങ്ങുന്നുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വിവാദങ്ങൾക്ക് വേണ്ടി കളയാൻ സർക്കാരിന് സമയമില്ലെന്നും ഇതൊരു ആഡംബര യാത്രയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://fb.watch/ooj4q7WV-Y/?mibextid=9R9pXO
140 നിയമസഭാ മണ്ഡലങ്ങളിലും സദസ് സംഘടിപ്പിക്കും. ഡിസംബർ 23ന് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് സമാപനം. നവകേരള സദസ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ 9ന് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും.

ജനസമ്പർക്ക പരിപാടി പോലെ മുഖ്യമന്ത്രി നേരിട്ട് പരാതി സ്വീകരിക്കില്ല
നവകേരള സദസ്സിൽ പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കുന്നത് സദസ്സ് നടക്കുന്ന വേദിക്കു സമീപമുള്ള കൗണ്ടറിൽ മാത്രമായിരിക്കും. പരാതി നേരിട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകാൻ അനുവദിക്കില്ല. ഓരോ നിയോജക മണ്ഡലം നവകേരള സദസ്സിലും 7 കൗണ്ടർ വീതം പ്രവർത്തിക്കും. റവന്യു ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ചുമതല. മുതിർന്ന പൗരന്മാർ, വനിതകൾ, പൊതുവിഭാഗം എന്നിവർക്കായി 2 വീതം കൗണ്ടറുകളും ഭിന്നശേഷി വിഭാഗത്തിന് ഒരു കൗണ്ടറുമാണ് ഉള്ളത്. പരിപാടി ആരംഭിക്കുന്നതിന് 3 മണിക്കൂർ മുൻപും പരിപാടികൾ കഴിഞ്ഞ ശേഷവും പരാതി സ്വീകരിക്കും. പരാതികൾ നൽകുന്നതിനുള്ള നിർദേശങ്ങൾ കൗണ്ടറിൽ പ്രദർശിപ്പിക്കും. ഇതിന് ജീവനക്കാരും ഉണ്ടാകും. പരാതികളിൽ പൂർണ വിലാസവും മൊബൈൽ നമ്പറും ഇമെയിൽ ഉണ്ടെങ്കിൽ അതും നൽകണം. പരാതികൾ കൈപ്പറ്റി രസീത് നൽകും. തിരക്ക് ഒഴിവാക്കാനായി, സദസ്സ് നടക്കുമ്പോൾ പരാതി സ്വീകരിക്കുന്നത് നിർത്തിവയ്ക്കും.
പരാതികൾക്ക് കൈപ്പറ്റ് രസീത് നൽകും. തീർപ്പാകുന്ന മുറയ്ക്ക് തപാലിൽ അറിയിക്കും. പരാതികളിൽ രണ്ടാഴ്ചയ്ക്കകവും പരമാവധി നാലാഴ്ചയ്ക്കകവും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനമെടുക്കും. സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫീസർമാർ വകുപ്പു മേധാവി മുഖേന റിപ്പോർട്ട് സമർപ്പിക്കും. 45 ദിവസത്തിനകം തീർപ്പാക്കും.
ഓരോ കൗണ്ടറിലും ഒരു സൂപ്പർവൈസർ ഉൾപ്പെടെ 4 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. നിയോജക മണ്ഡലം തോറും റിസർവ് ആയി ഇവർക്കു പുറമേ 6 ജീവനക്കാരുണ്ട്. ഓരോ നിയോജക മണ്ഡലത്തിനും ഓരോ ജനറൽ സൂപ്പർവിഷൻ ഉദ്യോഗസ്ഥനുണ്ട്.കൗണ്ടർ ഡ്യൂട്ടി ആരംഭിക്കുന്നതിന് അര മണിക്കൂർ മുൻപ് എല്ലാ ജീവനക്കാരും കൗണ്ടറിൽ എത്തണം. നവകേരള സദസ്സ് ചടങ്ങുകൾ അവസാനിച്ചാലും മുഴുവൻ പരാതികളും സ്വീകരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ കൗണ്ടർവിട്ടു പോകാവൂ. ജില്ലയിൽ പരാതികൾ സ്വീകരിക്കൽ കൗണ്ടറിലേക്ക് റിസർവ് ജീവനക്കാർ ഉൾപ്പെടെ 156 പേരെയാണ് നിയോഗിച്ചിട്ടുള്ളത്.
എല്ലാ അപേക്ഷകളും ഡേറ്റ എൻട്രി ചെയ്യുന്നതിന് ഉടൻ കലക്ടറേറ്റിൽ എത്തിക്കാൻ ജനറൽ സൂപ്പർവിഷൻ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതികൾ 2 ദിവസത്തിനകം അതത് വകുപ്പുകളിലേക്ക് ഓൺലൈനായി അപ്ലോഡ് ചെയ്യും. പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി 4 ആഴ്ചക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫിസർമാർ വകുപ്പ് തല മേധാവി മുഖേന റിപ്പോർട്ട് നൽകും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളിൽ പരാതിക്കാരന് ഇടക്കാല മറുപടി നൽകണം. പരാതികൾക്ക് മറുപടി തപാലിലൂടെ നൽകും. പരാതികളുടെ സ്ഥിതി www.navakeralasadas.kerala.gov.in വെബ്‌സൈറ്റിൽ പരാതി രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ ലഭ്യമാകും.




