കൊച്ചി: നവകേരള സദസിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന്റെയും എൽ.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടര വർഷം പൂർത്തിയാക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക് പോകുമെന്നാണ് പറയുന്നത്. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. പക്ഷെ അത് സർക്കാർ ചെലവിൽ വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പ്രചരണം സിപിഎമ്മിന്റെയും എൽ.ഡി.എഫിന്റെയും ചെലവിലാണ് നടത്തേണ്ടത്. എല്ലാ തദ്ദേശസ്ഥാപനങ്ങളോടും സഹകരണബാങ്കുകളോടും പണം നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നൂറു കണക്കിന് കോടി രൂപയാണ് സർക്കാർ നവകേരള സദസിന്റെ പേരിൽ സാധാരണക്കാരുടെ നികുതിയിൽ നിന്നും തട്ടിയെടുക്കുന്നത്.

ഇ.ഡി കേരളത്തിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ നടത്തിയ ഒരു അന്വേഷണവും എങ്ങും എത്തിയില്ല. പ്രധാന നേതാക്കളിലേക്ക് ഒരു അന്വേഷണവും എത്തുന്നില്ല. സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷൻ കേസുകൾ പാതിവഴിയിൽ അവസാനിപ്പിച്ചു. കരുവന്നൂരിലെ അന്വേഷണവും ആവിയായി പോകും. സർക്കാരിനെ സഹായിക്കുന്ന സമീപനമാണ് കേരളത്തിൽ ഇ.ഡി സ്വീകരിക്കുന്നത്. മാസപ്പടി ആരോപണത്തിൽ കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത്. എന്നിട്ടും കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കേണ്ട ഇ.ഡി അതേക്കുറിച്ച് അന്വേഷിച്ചില്ല. ഇ.ഡി കേരളത്തിൽ പക്ഷപാതത്തോടെയാണ് പെരുമാറുന്നത്.

സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഹൈക്കോടതിയിൽ സമ്മതിച്ചെങ്കിലും അത് അംഗീകരിക്കാൻ മുഖ്യമന്ത്രിക്ക് മടിയാണ്. കേരളം ഇതുവരെ കാണാത്ത ഭയനാകമായ ധനപ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കടത്തിലേക്കാണ് കേരളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ ആറ് മാസമായി കൊടുക്കാത്തതുകൊണ്ടാണ് 80 വയസുള്ള വയോധികമാർക്ക് അടിമാലിയിൽ പിച്ചയെടുക്കേണ്ടി വന്നത്. ഇപ്പോൾ സിപിഎം സൈബർ സെല്ലുകൾ ആക്രമിക്കുന്നത് 80 വയസു കഴിഞ്ഞ ഈ പാവം സ്ത്രീകളെയാണ്. ആ അമ്മമാരുടെ വീട് ആക്രമിച്ചെന്ന പരാതി അന്വേഷിക്കണം.

ഒരു ലക്ഷം പേരാണ് പെൻഷൻ പരിഷ്‌ക്കരണ കുടിശിക കിട്ടാതെ മരിച്ചു പോയത്. കേന്ദ്രത്തിൽ നിന്ന് പണം കിട്ടാത്തതുകൊണ്ടാണെന്നാണ് സർക്കാർ പറയുന്നത്. കേന്ദ്രത്തിൽ നിന്നും പണം കിട്ടാത്തതുകൊണ്ട് മാത്രമല്ല സംസ്ഥാനത്ത് ധനപ്രതിസന്ധിയുണ്ടായത്. അഞ്ച് വർഷമായി ജി.എസ്.ടി കോമ്പൻസേഷൻ കിട്ടുന്നില്ലെന്ന് പറയുന്ന സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. വാറ്റും ജി.എസ്.ടിയും വന്നപ്പോൾ അഞ്ച് വർഷത്തേക്ക് മാത്രമെ കോമ്പൻസേഷൻ ഉണ്ടായിരുന്നുള്ളൂ.

2022 ജൂണിൽ ജി.എസ്.ടി കോമ്പൻസേഷൻ കാലാവധി അവസാനിച്ചു. കേരളമായിരുന്നു ജി.എസ്.ടിയിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കേണ്ട സംസ്ഥാനം. എന്നാൽ ജി.എസി.ടിക്ക് അനുരോധമായി നികുതി ഭരണസംവിധാനം പുനഃസംഘടിപ്പിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. ജി.എസ്.ടി വകുപ്പിൽ നൂറു കണക്കിന് ജീവനക്കാർ ഇപ്പോഴും വെറുതെയിരിക്കുകയാണ്. നികുതി പിരിക്കേണ്ട ഇന്റലിജൻസ് അഡീ. കമ്മിഷണറെക്കൊണ്ട് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും കേരളീയത്തിന് പണം പിരിപ്പിച്ചു. നികുതി വെട്ടിപ്പുകാരെ പിടിക്കേണ്ട ഇന്റലിജൻസ് അഡീ. കമ്മിഷണർ അവരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേരളീയത്തിന് പണം ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. നിയമവിരുദ്ധമായ പ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സതീശൻ പറഞ്ഞു.