ആലപ്പുഴ: എൻസിപിയിലെ മന്ത്രിസ്ഥാന ചർച്ച തുടരും. മന്ത്രി പദവി പങ്കിടാൻ ദേശീയ നേതൃത്വം ഇടപെട്ടു ധാരണയുണ്ടാക്കിയിരുന്നെന്നും അതു നടപ്പാക്കണമെന്നും തോമസ് കെ.തോമസ് എംഎൽഎ ഇനി പാർട്ടിയിലും ആവശ്യപ്പെടും. സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുടെ വാക്കുകൾ ഏറ്റുപിടിച്ചാകും ഈ നീക്കം. അതിനിടെ വഴക്ക് തുടരുന്നതിൽ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും തീർത്തും അതൃപ്തിയിലാണ്. ഇക്കാര്യം എൻസിപി നേതൃത്വത്തേയും സിപിഎം അറിയിക്കും. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് കെ തോമസ് മുഖ്യമന്ത്രിക്കും എൽഡിഎഫ് കൺവീനർക്കും കത്തു നൽകിയിരുന്നു. ഇതെങ്ങനെ ശരിയാകുമെന്നതാണ് സിപിഎം ചോദ്യം. മുന്നണിയോട് കാര്യങ്ങൾ ആവശ്യപ്പെടേണ്ടത് പാർട്ടിയുടെ ഔദ്യോഗിക നേതൃത്വമാണ്. ഇത് തോമസ് കെ തോമസിനെതിരായ വികാരമായി സിപിഎമ്മിൽമ ാറുന്നുണ്ട്.

സിപിഎം അതൃപ്തി മനസ്സിലാക്കിയാണ് പിസി ചാക്കോ വിഷയത്തിൽ അഭിപ്രായം പറഞ്ഞത്. അങ്ങനെയൊരു തീരുമാനമില്ലെന്നും തോമസിനു മന്ത്രിയാകാൻ ആഗ്രഹമുണ്ടെങ്കിൽ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവിൽ പറയട്ടെയെന്നും സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പ്രതികരിച്ചു. ഈ സാഹചര്യത്തിൽ വിഷയം പാർട്ടിയിലും തോമസ് കെ തോമസ് ഉയർത്തും. എന്നാൽ എൻസിപി എക്‌സിക്യൂട്ടീവിൽ പിസി ചാക്കോയെ അനുകൂലിക്കുന്നവരാണ് ഏറേയും. അവരെല്ലാം എകെ ശശീന്ദ്രനെ മന്ത്രിയായി അംഗീകരിക്കുന്നവരാണ്. അതിനിടെ വിഷയത്തിൽ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ മനസ്സും നിർണ്ണായകമാകും. കുട്ടനാട് എംഎൽഎയായ തോമസ് കെ തോമസ് മന്ത്രിസ്ഥാനം നേടിയെടുക്കാൻ ഏതറ്റം വരേയും പോകുമെന്ന സന്ദേശമാണ് നൽകുന്നത്.

തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മന്ത്രിസ്ഥാനത്തിന്റെ പേരിൽ തർക്കമുണ്ടായെന്നും ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നിർദേശപ്രകാരം ഇവിടെയെത്തിയ പ്രഫുൽ പട്ടേൽ നടത്തിയ ചർച്ചയിലാണു വീതംവയ്ക്കാൻ തീരുമാനിച്ചതെന്നും തോമസ് കെ.തോമസ് അവകാശപ്പെട്ടു. ''എ.കെ.ശശീന്ദ്രനും ഞാനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടട്ടെ എന്നു ധാരണയായി. അന്നത്തെ സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്റെയും എൻ.എ.മുഹമ്മദ് കുട്ടിയുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ കണ്ടപ്പോഴും ഇക്കാര്യം പവാർ പറഞ്ഞു. പി.സി.ചാക്കോയും അപ്പോൾ ഉണ്ടായിരുന്നു'' തോമസ് പറഞ്ഞു. ഇതിൽ പ്രഫുൽ പട്ടേൽ നിലവിൽ എൻസിപിയ്‌ക്കൊപ്പമില്ല. ബിജെപിക്കൊപ്പം എൻഡിഎയുടെ ഭാഗമാണ് പ്രഫുൽ പട്ടേൽ.

പിസി ചാക്കോയെ അതിവിശ്വസ്തനായാണ് ശരത് പവാർ കാണുന്നത്. തോമസ് കെ തോമസിനെ പ്രഫുൽ പട്ടേലിന്റെ അനുയായിയെ പോലെ ചിത്രീകരിക്കാനും പിസി ചാക്കോ ശ്രമിക്കും. ഇതെല്ലാം മനസ്സിലാക്കിയാണ് പാർട്ടിക്കുള്ളിൽ ചർച്ചയ്ക്ക് നിൽക്കാതെ മന്ത്രിസ്ഥാനത്തിനായി തോമസ് കെ തോമസ് ഇടതു പക്ഷത്തിന് കത്ത് നൽകിയത്. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും എൽഡിഎഫിലെ ധാരണ പ്രകാരം സ്ഥാനമൊഴിഞ്ഞു കെ.ബി.ഗണേശ് കുമാറിനും രാമചന്ദ്രൻ കടന്നപ്പള്ളിക്കും അവസരം ഒരുക്കിയതിന്റെ പശ്ചാത്തലത്തിലാണു തോമസ് കെ.തോമസിന്റെ അവകാശവാദം. അതു നടക്കാൻ സാധ്യതയില്ലെന്നാണ് എൻസിപി നേതൃത്വവും സിപിഎമ്മിനെ അറിയിച്ചതെന്നാണ് സൂചന.

മുൻപു പാർട്ടിക്കുള്ളിൽ അങ്ങനെ ചർച്ച നടന്നിട്ടുണ്ടോ എന്നു തനിക്കറിയില്ലെന്നു പി.സി.ചാക്കോ പറഞ്ഞു. മന്ത്രി മാറുമെന്ന മട്ടിൽ ഇടയ്ക്കിടെ വാർത്ത വരുന്നതു പാർട്ടിക്കു ക്ഷീണമാണെന്നും മന്ത്രിയാകാൻ താൽപര്യമുണ്ടെങ്കിൽ സംസ്ഥാന എക്‌സിക്യൂട്ടീവിൽ പറയണമെന്നും തോമസിനോടു നിർദേശിച്ചിരുന്നു. അദ്ദേഹത്തിന് അതു മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. പാർട്ടി വേദികളിൽ ഇക്കാര്യം പറഞ്ഞിട്ടില്ല. ശരദ് പവാറിനോടു ചോദിച്ചപ്പോൾ, അങ്ങനെ തീരുമാനമില്ലെന്നും തോമസ് ആഗ്രഹം പറഞ്ഞപ്പോൾ പിന്നീട് ആലോചിക്കാമെന്നാണ് അറിയിച്ചതെന്നും പവാർ പറഞ്ഞുവെന്നും പിസി ചാക്കോ പറയുന്നു. അതായത് തോമസിന്റെ ആവശ്യം തള്ളി കളഞ്ഞിരുന്നില്ലെന്ന് പിസി ചാക്കോയും വിശദീകരിക്കുന്നത്.

തോമസിന്റെ സാന്നിധ്യത്തിലാണ് അതു പറഞ്ഞത്. മന്ത്രിയെ മാറ്റണമെങ്കിൽ പാർട്ടി അധ്യക്ഷൻ എൽഡിഎഫിനു കത്തു നൽകണം. അങ്ങനെ ചെയ്യാൻ ദേശീയ നേതൃത്വം തന്നോടു പറഞ്ഞിട്ടില്ല. എൻ.എ.മുഹമ്മദ് കുട്ടിയൊന്നും ഇത്തരം ചർച്ചകളിൽ ഉണ്ടാകില്ല. അദ്ദേഹത്തെ നേരത്തേ പാർട്ടിയിൽ നിന്നു പുറത്താക്കിയതാണെന്നും ചാക്കോ വിശദീകരിക്കുന്നു.