- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് കെ തോമസിനെ മന്ത്രിയാക്കാത്തതിലെ പ്രതിഷേധം എൻസിപിയിൽ പിളർപ്പാകും
തിരുവനന്തപുരം: തോമസ് കെ. തോമസിനെ മന്ത്രിയാക്കാത്തതിലെ പ്രതിഷേധം കേരളത്തിലെ എൻ.സി.പി.യിൽ പിളർപ്പായി മാറും. സംസ്ഥാന-ജില്ലാ തലത്തിലുള്ള നേതാക്കൾ തിരുവനന്തപുരത്ത് യോഗം ചേർന്നിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണമെന്ന ആവശ്യമാണ് ഈ നേതാക്കൾ ഉന്നയിക്കുന്നത്. ഇത് ഔദ്യോഗിക പക്ഷം അംഗീകരിക്കുന്നില്ല. സംസ്ഥാനപ്രസിഡന്റ് പി.സി. ചാക്കോ ഏകപക്ഷീയമായാണ് ശശീന്ദ്രനെ നിലനിർത്താൻ ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമാകും പിളർപ്പിൽ നിർണ്ണായകമാകുക.
ദേശീയതലത്തിൽ എൻ.സി.പി. രണ്ടായതോടെ, എൻ.സി.പി.(എസ്.) എന്ന പേരിലാണ് ശരദ് പവാർ വിഭാഗം പ്രവർത്തിക്കുന്നത്. ഈ വിഭാഗത്തിനൊപ്പമാണ് കേരളഘടകം. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയും കേരളത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്നുണ്ട്. അജിത് പവാർ എൻഡിഎയ്‌ക്കൊപ്പമാണ്. വീണ്ടും എൻഡിഎ അധികാരത്തിൽ എത്തിയാൽ അത് കേരളത്തിലെ എൻസിപിയുടെ വിഭീഗിയതേയും ബാധിക്കും. എൻസിപിയുടെ ഔദ്യോഗിക അംഗീകാരം അജിത് പവാറിനാണ്. അതുകൊണ്ട് തന്നെ അജിത് പവാറിനൊപ്പം പോകുന്നവർക്ക് എംഎൽഎ സ്ഥാനത്തിന് അയോഗ്യത വരില്ല. അജിത് പവാറിനെ തള്ളി പറയുന്നവർ നിയമ കുരുക്കിലുമാകും.
മന്ത്രിസ്ഥാനം പങ്കിടുന്നതുസംബന്ധിച്ച് നേരത്തേ ദേശീയ നേതൃത്വം ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് തോമസ് കെ. തോമസിനെ പിന്തുണയ്ക്കുന്നവരുടെ വാദം. എന്നാൽ, ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നാണ് ചാക്കോയും ശശീന്ദ്രനും വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനകമ്മിറ്റിയിൽ കടുത്ത ഭിന്നതകളും ചേരിതിരിവുമാണ് നിലനിൽക്കുന്നതെന്നും വിമതവിഭാഗം പറയുന്നു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ പുലിയൂർ ജി. പ്രകാശ്, ഡോ. സുനിൽ ബാബു, ആറ്റിങ്ങൽ സുരേഷ്, തിരുവനന്തപുരം ജില്ലാസെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ രാധിക, വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ഇളവട്ടം ശ്രീധരൻ, ഷാജി കടമ്പറ, ക്യാപ്റ്റൻ രത്‌നലാൽ, അഡ്വ. സുരേഷ്, ബൈജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തോമസ് കെ തോമസിനായുള്ള വാദങ്ങൾ ഉയർത്തുന്നത്.
ശശീന്ദ്രൻ ഇപ്പോൾ മന്ത്രിയായി തുടരുന്നത് തന്റെകൂടി എംഎൽഎ.സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് തോമസ് കെ. തോമസിന്റെ വാദം. മന്ത്രിസ്ഥാനം പങ്കുവെക്കണമെന്ന ധാരണ പാലിക്കണമെന്ന ആവശ്യം അദ്ദേഹവും ഉന്നയിക്കുന്നുണ്ട്. ഇതോടെ എൻസിപി ആലപ്പുഴ ജില്ലാ ഘടകത്തിൽ ഭിന്നത കടുത്തു. നേരത്തെ തോമസ് കെ തോമസിനെ എതിർത്ത് പിസി ചാക്കോയ്‌ക്കൊപ്പം നിലകൊണ്ട സംസ്ഥാന നേതാക്കൾ അടക്കുള്ളവർ ചേരിമാറി പി.സി. ചാക്കോയ്‌ക്കെതിരെ രംഗത്തു വന്നു. പി. സി ചാക്കോയ്‌ക്കൊപ്പം നിലകൊണ്ടിരുന്ന റെജി ചെറിയാനും ചാക്കോയ്‌ക്കെതിരായി . റെജി ചെറിയാനൊപ്പം എം എൽഎയ്ക്കനുകൂലമായി നിലപാട് എടുത്തതിന്റെ പേരിൽ ജില്ലാ വൈസ് പ്രസിഡന്റ് ഷാജി കല്ലറയ്ക്കലിനെ എൻസിപി യിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
എ.കെ. ശശീന്ദ്രനെ മാറ്റി എൻസിപിയുടെ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നൽകാനാവില്ല എന്നാണ് പി.സി. ചാക്കോയും ഒപ്പം നിൽക്കുന്നവരും പറയുന്നത്. ഏതാനും ആഴ്ച മുൻപുവരെ പാർട്ടി ആലപ്പുഴ ജില്ലാകമ്മിറ്റിയിലെ ഭൂരിഭാഗവും ഈ നിലപാടിനൊപ്പമായിരുന്നു. എന്നാൽ ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദും കുറച്ചു പേരും ഒഴികെയുള്ളവരെല്ലാം പി.സി. ചാക്കോയെ കൈവിട്ടു. തോമസ് കെ തോമസിനെ മന്ത്രിയാക്കണം എന്നതാണ് റെജി ചെറിയാന്റെയും അനുയായികളുടെയും ആവശ്യം.