- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.കെ.ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് മാറ്റണം
തിരുവനന്തപുരം: എൻസിപിയിലെ പിളർപ്പിന്റെ അനുരണനങ്ങൾ കേരളത്തിലും. എ.കെ.ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി -അജിത് പവാർ വിഭാഗം മുഖ്യമന്ത്രിക്ക് കത്തുനൽകി. പകരം കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നും കത്തിലുണ്ട്.
അജിത് പവാർ വിഭാഗത്തെ എൻ.സി.പിയുടെ ഔദ്യോഗികവിഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കത്ത് നൽകിയതെന്ന് ഈ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായി നിയമിതനായ എൻ.എ. മുഹമ്മദ്കുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ പി.സി. ചാക്കോ ഉൾപ്പെടുന്ന വിഭാഗത്തിന് അംഗീകാരമില്ല. പാർട്ടിയുടെ കൊടിയും ചിഹ്നവും പേരും അജിത് പവാർ നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. മറുവിഭാഗം മലപ്പുറത്ത് സംഘടിപ്പിച്ച യോഗം ഔദ്യോഗിക വിഭാഗത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് തടഞ്ഞിരുന്നതായും അജിത് പവാർ വിഭാഗം അറിയിച്ചു.
മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബിജെപി മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തിൽ ഇടതുമുന്നണിക്കൊപ്പം പാർട്ടി നിൽക്കുമെന്ന് എൻ.എ. മുഹമ്മദ് കുട്ടി പറഞ്ഞു.
അതേസമയം, മഹാരാഷ്ട്രയിൽ രാജ്യസഭാ സ്ഥാനാർത്ഥിയെ എൻ.സി.പി പ്രഖ്യാപിച്ചു. പാർട്ടിക്ക് ലഭിച്ച ഏക സീറ്റിൽ പ്രഫുൽ പട്ടേലിനെ നാമനിർദ്ദേശം ചെയ്യുന്നതായി എൻ.സി.പി. അധ്യക്ഷൻ അജിത് പവാറിന്റെ ഓഫീസിനെ ഉദ്ധരിച്ച് വാർത്താഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടുചെയ്തു. നാലു വർഷത്തെ രാജ്യസഭാ കലാവധി ബാക്കി നിൽക്കെയാണ് പ്രഫുൽ പട്ടേലിനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നത്.
ചില സാങ്കേതിക കാരണങ്ങളാലാണ് പ്രഫുൽ പട്ടേലിനെ സ്ഥാനാർത്ഥിയാക്കുന്നതെന്ന് എൻ.സി.പി. മഹാരാഷ്ട്ര അധ്യക്ഷൻ സുനിൽ താത്കറെ അറിയിച്ചു. എൻ.സി.പി. വർക്കിങ് പ്രസിഡന്റ് കൂടിയായ പ്രഫുൽ പട്ടേൽ നിലവിലെ എംപി. സ്ഥാനം രാജിവച്ചാവും വീണ്ടും നാമനിർദ്ദേശപത്രിക സമർപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഫുൽ പട്ടേൽ വ്യാഴാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിക്കും. വ്യാഴാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഫെബ്രുവരി 27-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.
2022 ജൂണിൽ രാജ്യസഭാ എംപിയായ പ്രഫുൽ പട്ടേലിന് 2028 വരെ കാലാവധിയുണ്ട്. അവിഭക്ത എൻ.സി.പിയുടെ പ്രതിനിധിയായാണ് അന്ന് രാജ്യസഭയിലേക്ക് എത്തിയത്. പിന്നീട് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയെ പിളർത്തി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം മഹാരാഷ്ട്രയിൽ അധികാരത്തിലുള്ള ബിജെപി- ശിവസേന സഖ്യത്തിനൊപ്പം ചേർന്നിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചിരിക്കുന്നത് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയെയാണ്.
ആറു സീറ്റുകളാണ് മഹാരാഷ്ട്രയിൽ രാജ്യസഭയിലേക്ക് ഒഴിവുവരുന്നത്. മൂന്ന് സീറ്റിൽ ബിജെപിക്കും ഒരോ സീറ്റിൽ എൻ.സി.പിക്കും ശിവസേനക്കും കോൺഗ്രസിനും തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സാധിക്കും.
കോൺഗ്രസ് വിട്ടെത്തിയ അശോക് ചവാനെയും മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷ മേധാ കുൽക്കർണിയേയും അജിത് ഗോപ്ചഡെയുമാണ് മഹാരാഷ്ട്രയിൽ ബിജെപി. സ്ഥാനാർത്ഥികൾ. കോൺഗ്രസ് വിട്ടെത്തിയ മറ്റൊരു നേതാവ് മിലിന്ദ് ദേവ്റയാണ് ശിവസേന സ്ഥാനാർത്ഥി. മറ്റ് അട്ടിമറികൾ ഒന്നുമില്ലെങ്കിൽ ചന്ദ്രകാന്ത് ഹാൻഡോർ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിലെത്തും.