കോഴിക്കോട്: ഇടതു മുന്നണിയിൽ രാജ്യസഭാ സീറ്റ് വിഷയം കീറാമുട്ടിയാകുന്നു. അവശേഷിക്കുന്ന സീറ്റിനായി സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും ആർ ജെ ഡിക്കും പിന്നാലെ അവകാശവാദവുമായി എൻസിപിയും രംഗത്തെത്തി. അടുത്ത എൽ ഡി എഫ് യോഗത്തിൽ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുമെന്ന് എൻ സി പി നേതാവും മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ പറഞ്ഞു.

മുന്നണിയിൽ ഏത് പാർട്ടിയേയും പോലെ എൻ.സി.പിക്കും സീറ്റിന് അവകാശമുണ്ട്. ഇക്കാര്യം അടുത്ത യോഗത്തിൽ അറിയിക്കും. മുന്നണിയിൽ ചർച്ച ചെയ്‌തെടുക്കുന്ന തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകും. സീറ്റ് കിട്ടിയാൽ പി.സി. ചാക്കോയെ മത്സരിപ്പിക്കാനാണ് നീക്കമെങ്കിലും ഇക്കാര്യത്തിൽ സീറ്റിൽ ധാരണയായ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒഴിവു വരുന്ന സീറ്റുകളിലൊന്ന് ജോസ് കെ. മാണിക്ക് തന്നെ നൽകണമെന്നാണ് കേരളാ കോൺഗ്രസിന്റെ ആവശ്യം. സിപിഐയും സീറ്റിൽ അവകാശമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സീറ്റ് ആവശ്യപ്പെട്ട് ആർ.ജെ.ഡി ഇന്നലെ രംഗത്തെത്തിയിരുന്നു. ലോക്‌സഭാ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആർ.ജെ.ഡി പരസ്യമായി പ്രതിഷേധിച്ചിരുന്നു. അനുനയിപ്പിക്കാൻ മാർച്ചിൽ സിപിഎം ആർ.ജെ.ഡിയുമായി ഉഭയകക്ഷി ചർച്ച നടത്തി. ഈ ചർച്ചയിൽ രാജ്യസഭാ സീറ്റ് വേണം എന്ന് ആർ.ജെ.ഡി ആവശ്യപ്പെട്ടിരുന്നു. അടുത്ത രാജ്യസഭാ സീറ്റ് ഒഴിവുവരുമ്പോൾ പരിഗണിക്കാമെന്ന് സിപിഎം ഉഭയകക്ഷി ചർച്ചയിൽ ഉറപ്പ് നൽകിയിരുന്നു എന്ന് ആർ.ജെ.ഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ് പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും. മന്ത്രിസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും പ്രാതിനിധ്യമില്ലെങ്കിൽ ഇങ്ങനെ മുന്നോട്ടുപോകാൻ വിഷമമാണെന്നും വർഗീസ് ജോർജ് മുന്നറിയിപ്പ് നൽകുന്നു. മൂന്ന് കക്ഷികൾ ഒരുപോലെ അവകാശവാദം ഉന്നയിക്കുമ്പോഴും സിപിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല.

സിപിഎം. നേതാവ് എളമരം കരീം, സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരളാ കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധിയാണ് ജൂലായ് ഒന്നിന് അവസാനിക്കുന്നത്. ജൂലൈയിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണത്തിലാണ് ഇടതുമുന്നണിക്ക് ജയിക്കാവുന്നത്. ഒന്ന് സിപിഎമ്മിന്റേതാണ്. അവശേഷിക്കുന്ന സീറ്റിനായാണ് സിപിഐക്കും കേരളകോൺഗ്രസ് എമ്മിനും പിന്നലെ ആർ.ജെ.ഡിയും രംഗത്തെത്തിയിരിക്കുന്നത്.